Connect with us

Gulf

സുരക്ഷയുടെ സാങ്കേതികത്തികവില്‍ ആഭ്യന്തര മന്ത്രാലയം കേന്ദ്ര മന്ദിരം

Published

|

Last Updated

ആഭ്യന്തര മന്ത്രാലയം ഉദ്ഘാടനം ചെയ്ത ശേഷം സൗകര്യങ്ങള്‍ വിലയിരുത്തുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയും

ദോഹ :ജനസുരക്ഷക്കായുള്ള അതിവേഗ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട സാേതിക വൈദഗ്ധ്യങ്ങള്‍ക്കും പ്രവര്‍ത്തനം എളുപ്പമാക്കുന്ന സൗകര്യങ്ങളും ദേശീയ പാരമ്പര്യത്തിന്റെ പ്രൗഢി ചോരാത്ത രൂപകല്പനയുമാമായി ആഭ്യന്തര മന്ത്രാലയത്തിന് പുതിയ സുരക്ഷാ ആസ്ഥാനം. കെട്ടിട സമുച്ഛയം ഇന്നലെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി പങ്കെടുത്തു.
വാദി അല്‍ സൈല്‍ പ്രദേശത്താണ് പുതിയ ആസ്ഥാനം. ആഭ്യന്തര മന്ത്രാലത്തിന്റെ വിലാസം അടയാളപ്പെടുത്തുന്ന കെട്ടിടം എന്നാണ് മന്ത്രാലയം വിശേഷിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളുമായി ചേര്‍ന്നുള്ള മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ സുഗമവും വേഗത്തിലുമാക്കുന്നതിന് കെട്ടിടത്തിന്റെ ക്രമീകരണം സഹായിക്കും. ഒരു ലക്ഷം ചതുരശ്ര മീറ്ററാണ് കെട്ടിടത്തിന്റെ വലുപ്പം. മൂന്നു പ്രധാന കെട്ടിടങ്ങളടങ്ങിയ സമുച്ഛയം നില്‍ക്കുന്ന പ്രദശത്തെ നിലവിതാനം 245,000 ചതുരശ്ര മീറ്ററാണ്. 38 ശമാതനം സ്ഥലവും പച്ചപ്പുല്‍ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. റോഡുകളും അനുബന്ധ സൗകര്യങ്ങളും വേറെയും.
പ്രധാന കെട്ടിടത്തില്‍ രണ്ടു ബേസ്‌മെന്റുകള്‍, 1500 വാഹനങ്ങള്‍ക്കുള്ള പാര്‍കിംഗ്, ഗ്രൗണ്ട് ഫ്‌ളോറില്‍ നാലു മെയിന്‍ ഹാളുകള്‍, മീറ്റിംഗ് റൂമുകള്‍, പോലീസ് മ്യൂസിയം എന്നിവ ഉള്‍ക്കൊള്ളുന്നു. പോലീസ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്തെ പോലീസ് ചരിത്രം അടയാളപ്പെടുത്തുന്ന ശേഷിപ്പുകളാണ് മ്യൂസിയത്തില്‍ ഉണ്ടാകുക. 400 ചതുരശ്ര മീറ്റര്‍ വലുപ്പത്തില്‍ ഓപറേഷന്‍ റൂമും ഇവിടെയുണ്ടാകും. ഏഴു നിലകളുള്ള കളുള്ളതാണ് കെട്ടിടത്തിലെ രണ്ട്, മൂന്ന് നിലകളില്‍ വിവിധ മന്ത്രാലയം ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
രണ്ടാമത്തെ കെട്ടിടത്തില്‍ രണ്ടു ബേസ്‌മെന്റും ഒരു ലോവര്‍ ഗ്രൗണ്ട് പാര്‍കിംഗ് സൗകര്യവുമുണ്ടാകും. കൂടാതെ ഗ്രൗണ്ട് ഫ്‌ളോറും നാലു നിലകളുമുള്ള കെട്ടിടത്തില്‍ പ്രധാന കോണ്‍ഫറന്‍സ് റൂം, 460 സീറ്റുകളുള്ള തിയറ്റര്‍, ക്ലബ്, ജിംനേഷ്യം എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ ലൈബ്രറി പ്രവര്‍ത്തിക്കും. ഒരു ഹോട്ടലും ഇവിടെയുണ്ടാകും. രണ്ട്, മൂന്ന് നിലകളില്‍ വിവിധ വകുപ്പ് ഓഫീസുകളായിരിക്കും. അഞ്ചാം നില ആഭ്യന്തര മന്ത്രാലയം റേഡിയോക്കു വേണ്ടി മാറ്റിവെക്കും. മൂന്നാമത്തെ കെട്ടിടത്തില്‍ 341 കാറുകള്‍ക്കുള്ള ബഹുനില പാര്‍കിംഗ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഒരു ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോര്‍ കൂടാതെ മൂന്നു നിലകള്‍ കൂടിയുള്ള ഈ കെട്ടിടത്തിലെ മുകളിലെ മൂന്നു നിലകളില്‍ ആഭ്യന്തര മന്ത്രാലയം ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം പ്രവര്‍ത്തിക്കും.
എളുപ്പത്തില്‍ അകത്തേക്കും പുറത്തേക്കും കടക്കാവുന്ന കെട്ടിടത്തിന് ആറു പ്രവേശന കവാടങ്ങളുണ്ടാകും. മൂന്നെണ്ണം മുന്നിലും മൂന്നെണ്ണം പിറകിലുമായിരിക്കും. പ്രധാന കവാടം വി ഐ പികള്‍ക്കുള്ളതായിരിക്കും. ഒരു കവാടം മന്ത്രാലയം ജീവനര്‍ക്കാര്‍ക്കു മാത്രമായിരിക്കും. ശേഷിക്കുന്നത് സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാനും. കെട്ടിടത്തില്‍ 47 ഇലവേറ്ററുകളാണുള്ളത്. ഓഫീസുകളില്‍ എത്തിച്ചേരുന്നതിനുള്ള സൗകര്യത്തിനു വേണ്ടിയാണിത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുതന്നെ പോലീസ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. ആപ്ലിക്കേഷനുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. ഓപറേഷന്‍ റൂം വഴി വകുപ്പു മേധാവികള്‍ക്ക് പെട്ടെന്ന് തീരുമാനമങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും സാധിക്കും.
ജീവനക്കാര്‍ക്ക് ജോലി എളുപ്പമാക്കാനും സഞ്ചാരം ലളിതമാക്കാനുമാകുന്ന രീതിയിലാണ് രൂപകല്പന. സാങ്കേതിക സംവിധാനങ്ങള്‍ക്കു പുറമേ വിനോദത്തിനും നേരമ്പോക്കിനുമുള്ള സൗകര്യങ്ങളും ജീവനക്കാര്‍ക്ക് ആശ്വാസം സൃഷ്ടിക്കും. വൈദ്യുതോപയോഗം കുറഞ്ഞ രീതിയില്‍ പരിസ്ഥിതി സൗഹൃദ മാതൃകയിലാണ് കെട്ടിടത്തിന്റെ നിര്‍മാണം. സുരക്ഷക്ക് മുന്തിയ പ്രാധാന്യം കൊടുത്ത കെട്ടിടത്തില്‍ അത്യാധുനിക തീ സുരക്ഷാ മുന്നറിയിപ്പു സംവിധാനങ്ങളുമുണ്ടാകും. തീപ്പിടത്തമുണ്ടായാല്‍ സ്വമേധയാ വെള്ളം പമ്പ് ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്.

---- facebook comment plugin here -----

Latest