ഇന്ത്യയില്‍ വ്യാവസായിക നിക്ഷേപത്തിന് സന്നദ്ധത അറിയിച്ച് ബിസിനസ് സമൂഹം

Posted on: June 6, 2016 6:21 pm | Last updated: June 7, 2016 at 8:02 pm
Business meet
ബിസിനസ് പ്രമുഖരുടെ മീറ്റില്‍ പങ്കെടുത്തവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ സെഷനില്‍. വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം അല്‍ താനി സമീപം

ദോഹ: ഇന്ത്യ നിക്ഷേപാവസരങ്ങളുടെ ഭൂമിയാണെന്നും രാജ്യത്ത് വ്യാവസായിക രംഗത്ത് കൂടുല്‍ നിക്ഷേപം നടത്താന്‍ സന്നദ്ധമാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്വര്‍ സന്ദര്‍ശത്തിന്റെ രണ്ടാം ദിവസം രാവിലെ നടന്ന ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ രംഗത്തെ പ്രമുഖരെ രാജ്യത്ത് നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നതായിരുന്നു മോദിയുടെ സംഭാഷണം. ഖത്വറില്‍ നിന്നും ഔദ്യോഗികമായി നിക്ഷേപ പദ്ധതികള്‍ മീറ്റില്‍ പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും സ്വാകാര്യ ബിസിനസ് സംരംഭകര്‍ സന്നദ്ധത അറിയിച്ചുവെന്നും വൈകാതെ തന്നെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അമര്‍ സിന്‍ഹ പറഞ്ഞു.
രാജ്യത്ത് വ്യവസായവും വാണിജ്യവും തുടങ്ങുന്നതിന് അനുകൂല സാഹചര്യമാണുള്ളത്. ഇന്ത്യയില്‍ നിക്ഷേപാവസരത്തിന്റെ മികച്ച സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഞാന്‍ ഓരോരുത്തരേയും വ്യക്തിപരമായി ക്ഷണിക്കുന്നു എന്നായിരുന്നു മോദിയുടെ വാക്കുകള്‍. ഇന്ത്യയിലെ സാധ്യതകള്‍ എല്ലാവരും അംഗീകരിക്കണം. സംരംഭങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന കുരുക്കുകള്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അവ പരിഹരിക്കാന്‍ സന്നദ്ധമാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതികളുള്‍പ്പെടെ കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന നിക്ഷേപാവസരങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു മോദിയുടെ ക്ഷണം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധയും മുന്‍ഗണനയും പുലര്‍ത്തുന്നുണ്ട്. 800 ദശലക്ഷം യുവാക്കളാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റികള്‍, മെട്രോകള്‍, നഗരമാലിന്യ സംസ്‌കരണം തുടങ്ങിയ പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി രാജ്യം മുന്നോട്ടു പോകുകയാണ്. കൃഷി, റയില്‍വേ, സൗരോര്‍ജം തുടങ്ങിയ മേഖലകളില്‍ ഖത്വറിന് നിരവധി നിക്ഷേപ സാധ്യതകളുണ്ടെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
ഖത്വര്‍ സാമ്പത്തിക, വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം അല്‍ താനി, ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍, യൂസുഫ് ജാസിം അല്‍ ദാര്‍വീശ്, ദോഹ ബേങ്ക് ചെയര്‍മാന്‍ ഫഹദ് ബിന്‍ മുഹമ്മദ് അല്‍ താനി, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ എം എ യൂസുഫലി, ദോഹ ബേങ്ക് സി ഇ ഒ ആര്‍ സീതാരാമന്‍ അല്‍ ബലാഗ് ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനി ചെയര്‍മാന്‍ ശരീദ സഅദ് ജുബ്‌റാന്‍ അല്‍ കഅബി, ഖത്വര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സി ഇ ഒ റാശിദ് അലി അല്‍ മന്‍സൂരി, ക്യു ബി എ ചെയര്‍മാനും അല്‍ ഫൈസല്‍ ഹോള്‍ഡിംഗ് സി ഇ ഒയുമായ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി, അല്‍ ഖലീജി കൊമേഴ്‌സ്യല്‍ ബേങ്ക് ചെയര്‍മാനും എം ഡിയുമായ ശൈഖ് ഹമദ് ബിന്‍ ഫൈസല്‍ ബിന്‍ താനി ആല്‍ താനി, സുപ്രിം കമ്മിറ്റി ഫോര്‍ ഡലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അബ്ദുല്ല അല്‍ തവാദി, സുലൈമാന്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ നാസര്‍ സുലൈമാന്‍ ഹൈദര്‍, അറേബ്യന്‍ എക്‌സ്‌ചേഞ്ച് കമ്പനി സി ഇ ഒയും എം ഡിയുമായ മഖ്ബൂല്‍ ഹബീബ് ഖല്‍ഫാന്‍, ഖത്വര്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ബേങ്ക് സി ഇ ഒയും ഡയറക്ടറുമായ അബ്ദുല്‍ ബാസിത് അഹ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍ ശൈബി, ഇന്ത്യ ബിസിനസ് ഫോറം കോ ചെയര്‍ പേഴ്‌സണും ഖത്വര്‍ ഇന്റര്‍സ്ട്രിയല്‍ മാനുഫക്ചറിംഗ് കമ്പനി സി ഇ ഒയുമായ അബ്ദുര്‍റഹ്മാന്‍ അബ്ദുല്ല അല്‍ അന്‍സാരി, ജൈദ ഗ്രൂപ്പ് ചെയര്‍മാന്‍ ജാസിം മുഹമ്മദ് അല്‍ ജെയ്ദ, റബ്ബാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖാലിദ് അല്‍ റബ്ബാന്‍, തയ്‌സീര്‍ മോട്ടോഴ്‌സ് ആദല്‍ അല്‍ മന്നായി, മസായ ഖത്വര്‍ റിയല്‍ എസ്റ്റേറ്റ് ഡിവന്‍ സി ഇ ഒ എന്‍ജിനിയര്‍ ഹമദ് ബിന്‍ അലി അല്‍ ഹെദ്ഫ തുടങ്ങിയവര്‍ ബിസിനസ് മീറ്റില്‍ പങ്കെടുത്തു.തുടങ്ങിയവര്‍ ബിസിനസ് മീറ്റില്‍ പങ്കെടുത്തു.