ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി ഓര്‍മ്മയായി

Posted on: June 4, 2016 10:13 am | Last updated: June 5, 2016 at 10:25 am

muhammed ali1

അരിസോണ: കായികലോകത്തെ ഇതിഹാസ താരവും മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനുമായ മുഹമ്മദലി (74) അന്തരിച്ചു. അരിസോണയിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. 32 വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗത്തോട് മല്ലിട്ട മുഹമ്മദലിയെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖബറടക്കം അമേരിക്കയിലെ ജന്മദേശമായ ലൂയിസ് വില്ലയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അമേരിക്കയിലെ ലൂയിസ് വില്ലയില്‍ കാഷ്യസ് മാര്‍സലസ് ക്ലേ സീനിയര്‍, ഒഡേസ ഗ്രേഡി ക്ലേ ദമ്പതികളുടെ മൂത്ത മകനായി 1942 ജനുവരി 17നാണ് കാഷ്യസ് മാര്‍സലസ് ക്ലെ ജൂനിയര്‍ എന്ന മുഹമ്മദലിയുടെ ജനനം. 1964ല്‍ ഇസ്‌ലാം മതം ആശ്ലേഷിച്ച് മുഹമ്മദലി എന്ന പേര് സ്വീകരിച്ചു. കറുത്ത വര്‍ഗക്കാരുടെ അവകാശത്തിന് വേണ്ടിയും വര്‍ണവിവേചനത്തിനെതിരെയും അലി എന്നും ശബ്ദമുയര്‍ത്തി.
പന്ത്രണ്ടാം വയസ്സില്‍ ബോക്‌സിംഗ് രംഗത്തെത്തിയ മുഹമ്മദലി പതിനെട്ട് വയസ്സിനുള്ളില്‍ രണ്ട് ദേശീയ ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ് കിരീടവും രണ്ട് അമേച്വര്‍ അത്‌ലറ്റിക് യൂനിയന്‍ നാഷനല്‍ കിരീടവും സ്വന്തമാക്കി. ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം റോമിലെത്തിയ മുഹമ്മദലി, 1960ലെ സമ്മര്‍ ഒളിമ്പിക്‌സില്‍ ലൈറ്റ് ഹെവിവെയ്റ്റ് ബോക്‌സിംഗില്‍ സ്വര്‍ണ മെഡല്‍ നേടി. ഇതോടെയാണ് മുഹമ്മദലി ലോക ശ്രദ്ധ നേടുന്നത്. തുടര്‍ച്ചയായ പത്തൊമ്പത് വിജയങ്ങള്‍ക്ക് ശേഷം 1964ല്‍ ലോകത്തെ ഞെട്ടിച്ച് 22ാം വയസ്സില്‍ അന്നത്തെ ലോക ചാമ്പ്യനായ സണ്ണി ലിസ്റ്റണെ തോല്‍പ്പിച്ച് ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി.
വിയറ്റ്‌നാം യുദ്ധത്തില്‍ സൈനിക സേവനം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും മുഹമ്മദലി തയ്യാറായില്ല. ഇതേത്തുടര്‍ന്ന് മുഹമ്മദലി അറസ്റ്റിലാകുകയും ബോക്‌സിംഗ് ലൈസന്‍സ് റദ്ദാക്കുകയും ബോക്‌സിംഗ് ലോകത്ത് നിന്ന് വിലക്കുകയും ചെയ്തു. അഞ്ച് വര്‍ഷം തടവ് ശിക്ഷയും പിഴയും ലഭിച്ചെങ്കിലും പിന്നീട് മേല്‍ക്കോടതി ഇത് റദ്ദാക്കുകയായിരുന്നു. ബോക്‌സിംഗ് റിംഗില്‍ തിരിച്ചെത്തിയ മുഹമ്മദലി, ‘നൂറ്റാണ്ടിന്റെ പോരാട്ടം’ എന്നറിയപ്പെട്ട മത്സരത്തില്‍ ജോ ഫ്രെയ്‌സറില്‍ നിന്ന് മുഹമ്മദലിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 74ല്‍ ജോര്‍ജ് ഫോര്‍മാനെ പരാജയപ്പെടുത്തി വീണ്ടും ലോക ചാമ്പ്യനായി. 78ല്‍ ലിയോണ്‍ സ്പിന്‍ക്‌സിനെ പരാജയപ്പെടുത്തി വീണ്ടും ലോക കിരീടം നേടി. 61 മത്സരങ്ങളില്‍ 56ഉം വിജയിച്ചാണ് 1981ല്‍ മുഹമ്മദലി ഇടിക്കൂട്ടിനോട് വിട പറഞ്ഞത്.
നാല് തവണ വിവാഹിതനായ മുഹമ്മദലിക്ക് ഏഴ് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുണ്ട്. 86ലാണ് അലി യൊലാന്‍ഡയെ വിവാഹം കഴിച്ചത്.
.