Connect with us

Kerala

ഒ രാജഗോപാലിന്റെ വോട്ടിനെച്ചൊല്ലി ബി ജെ പിയില്‍ തര്‍ക്കം പുകയുന്നു

Published

|

Last Updated

തിരുവനന്തപുരം: നിയമസഭക്കുള്ളില്‍ അക്കൗണ്ട് തുറന്നതിന്റെ സന്തോഷം തീരും മുമ്പ് പാര്‍ട്ടിയുമായി ആലോചിക്കാതെ ഇടതു മുന്നണിക്ക് അനുകൂലമായി വോട്ടു ചെയ്തതിനെച്ചൊല്ലി ഒ രാജഗോപാലിനെതിരെ ബി ജെ പിക്കുള്ളില്‍ പ്രതിഷേധം പുകയുന്നു.
നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ശ്രീ രാമകൃഷ്ണന് അനുകൂലമായി വോട്ടു ചെയ്ത നടപടിയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിന് കാരണമാകുന്നത്. ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതിനു പുറമേ അത് വെളിപ്പെടുത്തുകയും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്ത നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുയര്‍ന്നു കഴിഞ്ഞു.
ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയോട് ആലോചിക്കാതെ ഇക്കാര്യത്തില്‍ വ്യക്തിപരമായി നിലപാട് എടുക്കുകയും തുടര്‍ന്ന് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന വിധത്തില്‍ അക്കാര്യം തുറന്നു പറയുകയും ചെയ്തതിലാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നത്. പ്രത്യേകിച്ച് യു ഡി എഫിന്റെ ഒരു വോട്ട് എല്‍ ഡി എഫിന് വഴിമാറിയത്”രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം കൂടി രാജഗോപാലിന്റെ നിലപാടിലൂടെ ഉണ്ടായെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. പിണറായി വിജയനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത സമയത്ത് എ കെ ജി സെന്റര്‍ സന്ദര്‍ശിച്ച് അദ്ദേഹത്തെ ആശംസിച്ച രാജഗോപാലിന്റെ നടപടിയോടും പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ അദ്ദേഹത്തിനെതിരെ പരസ്യമായ എതിര്‍ സ്വരങ്ങള്‍ ഉയര്‍ത്തേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. അതു കൊണ്ടു തന്നെ സംഭവത്തിനെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇതു വരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Latest