പുകവലി നിര്‍ത്താന്‍ മൊബൈല്‍ ക്ലിനിക്കുമായി യുഎഇ ആരോഗ്യ മന്ത്രാലയം

Posted on: June 2, 2016 6:11 pm | Last updated: June 2, 2016 at 6:11 pm

ദുബൈ: പുകവലി ശീലം അവസാനിപ്പിക്കുന്നതിനായി മൊബൈല്‍ ക്ലിനിക്കുമായി യുഎഇ ആരോഗ്യമന്ത്രാലയം. ലോക പുകയില വിരുദ്ധ ദിനത്തിലാണ് ഇതിന് തുടക്കം കുറിച്ചത്. മന്ത്രാലയത്തിന്റെ ആസ്ഥാനമായ മുഹൈസിനയില്‍ നിന്നാണ് മൊബൈല്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ഒരു മാസത്തിനുള്ളില്‍ രാജ്യത്തെ മാളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ക്ലിനിക് എത്തും. ഹെല്‍ത് സെന്റര്‍ ആന്‍ഡ് ക്ലിനിക് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ റാന്‍ദ് ഉദ്ഘാടനം ചെയ്തു.

ഈ മാസം ആറു മുതല്‍ 10 വരെ ഇത്തിഹാദ് മാള്‍, 12 മുതല്‍ 16 വരെ ഷാര്‍ജ, 12 മുതല്‍ 23 വരെ റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ മൊബൈല്‍ ക്ലിനിക്ക് എത്തുമെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഫാദില മുഹമ്മദ് ശരീഫ് പറഞ്ഞു.
പുകവലിക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും താന്‍ പുകവലി ഉപേക്ഷിച്ചു എന്ന പ്രതിജ്ഞയുടെ ഭാഗമായി വിരലടയാളം പതിപ്പിക്കുകയും വേണം. മൊബൈല്‍ ക്ലിനിക്കിലെ ഉപകരണത്തിലൂടെ ശ്വാസം എടുക്കുമ്പോള്‍ പുകവലിക്കാരുടെ ശ്വാസകോശത്തിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് മൊബൈല്‍ ക്ലിനിക്കില്‍ രേഖപ്പെടുത്തും. കൂടാതെ രക്തസമ്മര്‍ദവും പരിശോധിക്കും. പരിശോധനയും മറ്റും സ്വദേശികള്‍ക്ക് സൗജന്യവും വിദേശികള്‍ക്ക് നാമമാത്ര ഫീസും ഈടാക്കും.