പിണറായി മന്ത്രിസഭയില്‍ മലബാര്‍ ആധിപത്യം

Posted on: May 26, 2016 10:09 am | Last updated: May 26, 2016 at 10:09 am

ministersകോഴിക്കോട്:പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് മന്ത്രിസഭയില്‍ മലബാറിന് ലഭിക്കുന്നത് വലിയ പരിഗണന. ഇത്തവണ മലബാറില്‍ നിന്ന് ഒമ്പത് മന്ത്രിമാരും ഒരു സ്പീക്കറുമാണ് മന്ത്രിസഭയിലുള്ളത്. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയില്‍ മലബാറില്‍ നിന്ന് എട്ട് മന്ത്രിമാരാണുണ്ടായിരുന്നത്. യു ഡി എഫ് മന്ത്രിസഭയില്‍ കൂടുതല്‍ മന്ത്രിമാര്‍ മലപ്പുറത്തായിരുന്നുവെങ്കില്‍ എല്‍ ഡി എഫ് മന്ത്രിസഭയില്‍ കണ്ണൂരില്‍ നിന്നാണ് കൂടുതല്‍ മന്ത്രിമാര്‍. അഞ്ച് മന്ത്രിമാര്‍ കഴിഞ്ഞ സര്‍ക്കാറില്‍ നിന്ന് മലപ്പുറത്ത് നിന്നുണ്ടായിരുന്നു.

കണ്ണൂരില്‍ നിന്ന് ഇത്തവണ മുഖ്യമന്ത്രിയടക്കം അഞ്ച് മന്ത്രിമാരുണ്ട്. യു ഡി എഫ് സര്‍ക്കാരില്‍ കണ്ണൂരില്‍ നിന്ന് കെ സി ജോസഫ്, കെ പി മോഹനന്‍ എന്നിവരായിരുന്നു മന്ത്രിമാരായി ഉണ്ടായിരുന്നത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരില്‍ കണ്ണൂരില്‍ നിന്ന് മൂന്ന് മന്ത്രിമാരുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി കെ ശ്രീമതി എന്നിവര്‍. കഴിഞ്ഞ തവണ മന്ത്രിയില്ലാതിരുന്ന കാസര്‍ക്കോട് ഇത്തവണ മന്ത്രിയെ ലഭിക്കും. സി പി ഐയില്‍ നിന്നുള്ള ഇ ചന്ദ്രശേഖരനാണ് കാസര്‍ക്കോട് ജില്ലക്ക് ഒന്നര പതിറ്റാണ്ടിന് ശേഷം ലഭിക്കുന്ന മന്ത്രി. കഴിഞ്ഞ തവണ മന്ത്രിയുണ്ടായിരുന്ന വയനാട് ജില്ലക്ക് ഇത്തവണ മന്ത്രിയില്ല. കല്‍പ്പറ്റയില്‍ നിന്ന് ജയിച്ച സി കെ ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും തീരുമാനമുണ്ടായില്ല.
കോഴിക്കോട് നിന്ന് സി പി എമ്മില്‍ നിന്ന് സെക്രട്ടറിയേറ്റംഗം ടി പി രാമകൃഷ്ണനാണ് മന്ത്രിയാകുന്നത്. പേരാമ്പ്ര മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ഒഴിഞ്ഞ് മത്സരിച്ച് ജയിച്ച വി കെ സി മമ്മദ്‌കോയ മന്ത്രിയാകുമെന്ന് കരുതിയിരുന്നു.

മലപ്പുറത്ത് നിന്ന് തവനൂരില്‍ നിന്ന് വിജയിച്ച കെ ടി ജലീലാണ് മന്ത്രിയാകുന്നത്. ഇതിന് പുറമെ സ്പീക്കര്‍ സ്ഥാനവും മലപ്പുറത്തിന് ലഭിച്ചു. പൊന്നാനിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി ശ്രീരാമകൃഷണനാണ് സ്പീക്കര്‍. പാലക്കാട് ജില്ലയില്‍ നിന്ന് ഒരു മന്ത്രിയാണ് മന്ത്രിസഭയിലുള്ളത്. തരൂരില്‍ നിന്ന് ജയിച്ച എ കെ ബാലനാണ് പാലക്കാട് നിന്നുള്ള ഏക മന്ത്രി. കഴിഞ്ഞ മന്ത്രിസഭയില്‍ പാലക്കാട് ജില്ലക്ക് മന്ത്രിയുണ്ടായിരുന്നില്ല. വി എസ് സര്‍ക്കാരിലും എ കെ ബാലന്‍ മന്ത്രിയായിരുന്നു. 2011ല്‍ 60 സീറ്റില്‍ 28 സീറ്റ് മാത്രമുണ്ടായിരുന്ന ഇടതുമുന്നണിക്ക് മലബാറില്‍ ഇക്കുറി 37ല്‍ വെന്നിക്കൊടി നാട്ടാന്‍ സാധിച്ചിട്ടുണ്ട്.

32 സീറ്റില്‍ മേധാവിത്വമുണ്ടായിരുന്ന യു ഡി എഫിന്റെ സ്വാധീന മണ്ഡലം 23 ല്‍ ഒതുങ്ങുകയായിരുന്നു. 10 യു ഡി എഫ് മണ്ഡലങ്ങള്‍ ഇടതുമുന്നണിക്ക് പിടിച്ചെടുക്കാനായി. മലബാറില്‍ മത്സരിച്ച എട്ട് മന്ത്രിമാരില്‍ മാനന്തവാടിയില്‍ പി കെ ജയലക്ഷ്മിയും കൂത്തുപറമ്പില്‍ കെ പി മോഹനനും തോറ്റു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എല്‍ ഡി എഫ്സ്ഥാനാര്‍ത്ഥികള്‍ക്ക് മലബാര്‍ സമ്മാനിച്ചത് വന്‍ ഭൂരിപക്ഷമാണ്. അതുകൊണ്ട് തന്നെ എല്‍ ഡി എഫിന്റെ തിരിച്ചു വരവിന് ശക്തമായ പിന്‍ബലം നല്‍കിയ മലബാറിന് പിണറായി മന്ത്രിസഭയില്‍ പ്രബലമായ സ്ഥാനം തന്നെയാണ് മുന്നണി നല്‍കിയത്. തൃശൂരില്‍ നിന്ന് മൂന്നും ആലപ്പുഴയില്‍ നിന്നും കൊല്ലത്ത് നിന്നും രണ്ട് വീതവും മന്ത്രിമാരാണുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ക്ക് ഓരോ മന്ത്രിമാരുണ്ട്. വയനാടിനും പാലക്കാടിനും പുറമെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്കും മന്ത്രിസഭാ പ്രാതിനിധ്യമില്ല.