കെ ടി ജലീലിന് പ്രധാന വകുപ്പ്; ദേവസ്വം സി പി എം തിരിച്ചെടുത്തു

Posted on: May 26, 2016 12:02 am | Last updated: May 26, 2016 at 12:02 am
മന്ത്രിയായി സ്ഥാനമേറ്റ കെ ടി ജലീലിനെ സുന്നി സംഘടനാ നേതാക്കള്‍ അഭിനന്ദിക്കുന്നു. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, പി സി ഇബ്‌റാഹീം മാസ്റ്റര്‍ തുടങ്ങിയവരെ കാണാം
മന്ത്രിയായി സ്ഥാനമേറ്റ കെ ടി ജലീലിനെ സുന്നി സംഘടനാ നേതാക്കള്‍ അഭിനന്ദിക്കുന്നു. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, പി സി ഇബ്‌റാഹീം മാസ്റ്റര്‍ തുടങ്ങിയവരെ കാണാം

തിരുവനന്തപുരം: ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ എല്‍ ഡി എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളും തീരുമാനിച്ചു. കൂടുതല്‍ മികച്ച വകുപ്പ് ചോദിച്ച സി പി ഐക്ക് മ്യൂസിയം, മൃഗശാല വകുപ്പുകളാണ് അധികമായി ലഭിച്ചത്. വി എസ് സര്‍ക്കാറിന്റെ കാലത്ത് സി പി ഐയില്‍ നിന്ന് ഏറ്റെടുത്ത പരിസ്ഥിതി വകുപ്പും അവര്‍ക്ക് തിരിച്ച് നല്‍കി. യു ഡി എഫ് സര്‍ക്കാറില്‍ മൂന്ന് മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പുകളെല്ലാം ചേര്‍ത്ത തദ്ദേശ സ്വയംഭരണ വകുപ്പാണ് കെ ടി ജലീലിന്. ഒരു അംഗം മാത്രമുള്ള കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് താരതമ്യേന മികച്ച വകുപ്പായ തുറമുഖം ലഭിച്ചു. ദേവസ്വം വകുപ്പ് സി പി എം തിരിച്ചെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ്, ഐ ടി എന്നീ പ്രധാന മൂന്ന് വകുപ്പുകളുടെ ചുമതല വഹിക്കും. മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത വകുപ്പുകളുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്. ഡോ. തോമസ് ഐസക്കിന് ധനവകുപ്പും ഇ പി ജയരാജന് വ്യവസായം, കായികം വകുപ്പുകളും നല്‍കി. പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളാണ് ജി സുധാകരന്. എ കെ ബാലന് സാംസ്‌കാരികം, നിയമം, പിന്നാക്ക ക്ഷേമം, എ സി മൊയ്തീന് സഹകരണം, ടൂറിസം, കെ കെ ശൈലജ ആരോഗ്യ, കുടുംബക്ഷേമം, കടകംപള്ളി സുരേന്ദ്രന് വൈദ്യുതി, ദേവസ്വംവകുപ്പുകള്‍ നല്‍കി. എക്‌സൈസ്, തൊഴില്‍ വകുപ്പുകള്‍ ടി പി രാമകൃഷ്ണന്. പ്രൊഫ. സി രവീന്ദ്രനാഥിന് വിദ്യാഭ്യാസം, ജെ മേഴ്‌സികുട്ടിയമ്മക്ക് ഫീഷറീസ്, പരമ്പരാഗത വ്യവസായവകുപ്പും നല്‍കി.
സി പി ഐയില്‍ ഇ ചന്ദ്രശേഖരന് റവന്യൂ, വി എസ് സുനില്‍കുമാറിന് കൃഷി, പി തിലോത്തമന് ഭക്ഷ്യ- സിവില്‍ സപ്ലൈസ്, കെ രാജുവിന് വനം വകുപ്പുകള്‍ ലഭിച്ചു. ജനതാദള്‍ എസിലെ മാത്യു ടി തോമസിന് ജലവിഭവ വകുപ്പ് നല്‍കി. എ കെ ശശീന്ദ്രന് ഗതാഗത വകുപ്പാണ് നല്‍കിയത്. രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖത്തിനൊപ്പം പുരാവസ്തു വകുപ്പ് കൂടി നല്‍കി.
വി എസ് സര്‍ക്കാറില്‍ ജി സുധാകരന്‍ കൈകാര്യം ചെയ്ത വകുപ്പില്‍ അദ്ദേഹത്തിന്റെ ഇടപെടലിനെതിരെ ചില കേന്ദ്രങ്ങള്‍ വിമര്‍ശം ഉയര്‍ത്തിയതിനാല്‍ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രന് കൈമാറിയിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാറില്‍ സി പി എം തന്നെ ഈ വകുപ്പ് ഏറ്റെടുത്തു.