വാഹനങ്ങളുടെ ശബ്ദമലിനീകരണം തടയണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍

പട്രോളിംഗ് വ്യാപിപ്പിക്കണം
Posted on: May 25, 2016 7:28 pm | Last updated: May 25, 2016 at 7:28 pm

bulletദോഹ: വാഹനങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദ മലിനീകരണവും ശല്യവും തടയാന്‍ ട്രാഫിക് വിഭാഗം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഘോര ശബ്ദമുണ്ടാക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ പാര്‍പ്പിട മേഖലയിലും വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശങ്ങളിലും നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാന റോഡുകളിലും പാര്‍പ്പിട പ്രദേശങ്ങളിലും പോലീസ് പട്രോളിംഗ് വ്യാപിപ്പിക്കണം. രാത്രി വൈകിയാണ് യുവാക്കള്‍ സാഹസിക സവാരികള്‍ക്കിറങ്ങി റോഡുകളില്‍ ശബ്ദവും ഭീതിയും സൃഷ്ടിക്കുന്നത്. വാഹന പരിശോധന വിഭാഗവുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കണം. ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കണം. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആധുനിക റഡാര്‍ സംവിധാനങ്ങളും ഉപയോഗിക്കണം. നഗരത്തിന്റെ ശാന്തതയും നഗരത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനും അവസരം സൃഷ്ടിക്കേണ്ടതുണ്ട്. റോഡില്‍ അലോസരം സൃഷ്ടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ആധുനിക റഡാര്‍ ക്യാമറകള്‍ യു എ ഇയില്‍ ഉപയോഗിച്ചു വരുന്നതായി കൗണ്‍സില്‍ ഓര്‍മിപ്പിച്ചു.
അനാവശ്യവും അമിതവുമായ ശബ്ദങ്ങള്‍ കണ്ടെത്തുകയും അവ പുറപ്പെടുവിക്കുന്ന വാഹനങ്ങളെ തിരിച്ചറിയുകയും ചിത്രം പകര്‍ത്തുകയും ചെയ്യുന്ന ക്യാമറകളാണ് യു എ ഇയില്‍ ഉപയോഗിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ശിക്ഷിക്കാനും ഈ സംവിധാനത്തിനു കഴിയുമെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ശൈഖ അല്‍ ജുഫൈരിയാണ് ഈ നിര്‍ദേശം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ചെറുപ്പക്കാര്‍ സമാധാനം ഇല്ലാതാക്കുകയാണ്. കാറുകളില്‍ നിന്ന് അനാവശ്യമായി പുക പുറത്തുവിടുകയും ഇത് പരിസ്ഥിതിക്ക് വലിയ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. വാഹനങ്ങളില്‍ ഉച്ചത്തില്‍ സംഗീതം വെച്ച് പരിസരങ്ങളില്‍ ബഹളമുണ്ടാക്കുന്നതായും അവര്‍ പറഞ്ഞു.
പാര്‍പ്പിട പ്രദേശങ്ങളില്‍ വാഹനങ്ങളുടെ ശബ്ദങ്ങള്‍ ജനങ്ങള്‍ക്ക് ഉറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടാക്കുന്നുണ്ടെന്ന് ജാസിം ബിന്‍ അബ്ദുല്ല അല്‍ മാലികി പറഞ്ഞു. പേള്‍ ഖത്വറില്‍നിന്നും ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നഗരസഭാ കൗണ്‍സിലിന്റെ നിര്‍ദേശം.