ഭീതിയുണര്‍ത്തി ബജ്‌രംഗ്ദള്‍ ആയുധ പരിശീലനം

Posted on: May 25, 2016 11:47 am | Last updated: May 25, 2016 at 11:47 am

BAJRANG DALന്യൂഡല്‍ഹി: മുസ്‌ലിംകളില്‍ നിന്ന് ഹിന്ദുക്കളെ രക്ഷിക്കാന്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കുന്ന വിധത്തിലുള്ള വീഡിയോ പുറത്ത്. തോക്കും വാളും ഉപയോഗിച്ച് എതിരാളികളെ കൊല്ലുന്നതിന് പരിശീലനം നല്‍കുന്നതിനുള്ള മോക് ഡ്രില്‍ ആണ് വീഡിയിയോയില്‍ ഉള്ളത്. ബജ്‌രംഗ്ദള്‍ ക്യാമ്പുകളില്‍ നടക്കുന്ന പരിശീലനത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ് വീഡിയോ.

ഉത്തര്‍ പ്രദേശിലെ വിവിധ ബജ്‌രംഗ്ദള്‍ ക്യാമ്പുകളിലാണ് ഇത്തരം പരിശീലനം നടന്നുവരുന്നത്. ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയും കാവിത്തുണി ചുറ്റിയും ആയുധങ്ങളുമായി എത്തുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം വേഷം ധരിച്ചവരെ വെടിവെച്ചും വാള്‍ ഉപോഗിച്ചും ‘കൊല്ലു’ന്നതാണ് ദൃശ്യത്തിലുള്ളത്. അപകടകരമായ ഇത്തരം പരിശീലനങ്ങളില്‍ ചെറിയ കൂട്ടികള്‍ മുതല്‍ യുവാക്കള്‍ വരെ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ക്യാമ്പ് മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ഡല്‍ഹിക്കടുത്തുള്ള പ്രദേശങ്ങളായ സുല്‍ത്താന്‍പൂര്‍ രോഖ്പൂര്‍, നോയിഡ ഫത്തേപൂര്‍ എന്നിവിടങ്ങളില്‍ അടുത്ത മാസം ക്യാമ്പ് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദുക്കള്‍ക്ക് അന്യമതസ്ഥരില്‍ നിന്നും സംരക്ഷണം നല്‍കുകയെന്നതാണ് പരിശീലന ക്യാമ്പ് കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് ബജ്‌രംഗ്ദള്‍ നേതാക്കള്‍ പറയുന്നു.