മന്ത്രിമാരുടെ പട്ടിക പിണറായി ഗവര്‍ണര്‍ക്ക് കൈമാറി

Posted on: May 25, 2016 11:06 am | Last updated: May 25, 2016 at 3:00 pm

pinarayi governorതിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. രാവിലെ ഒമ്പതു മണിയോടയാണ് പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് മന്ത്രിമാരുടെ പട്ടിക കൈമാറിയത്. രാജ്ഭവനിലെത്തിയ പിണറായി വിജയനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ച ഗവര്‍ണര്‍ സര്‍ക്കാരിനുള്ള അഭിനന്ദനങ്ങളും അറിയിച്ചു. അല്‍പനേരം ഇരുവരും സൗഹൃദ സംഭാഷണവും നടത്തി.

ഇടതുപക്ഷ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ ശ്രമിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുന്നത് സത്യപ്രതിജ്ഞയ്ക്ക് ശേഷമാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.