പഠാന്‍ കോട്ട് മോഡല്‍ ആക്രമണത്തിന് ഭീകരര്‍ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

Posted on: May 25, 2016 9:21 am | Last updated: May 25, 2016 at 8:29 pm

PATHANKOTTചണ്ഡിഗഡ്: പത്താന്‍കോട്ട്, ഗുര്‍ദാസ്പുര്‍ മാതൃകയില്‍ വടക്കേന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദ സംഘടനകള്‍ രഹസ്യ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനായി പാക് ചാരസംഘടന ഐ.എസ്.ഐയുടെയും തീവ്രവാദ സംഘടന ഇന്ത്യന്‍ മുജാഹിദീന്റെയും സഹായം ജെയ്‌ഷെ മുഹമ്മദ് തേടിയെന്നാണ് വിവരം. മെയ് 18ന് സൈനിക രഹസ്യാന്വേഷണ വിഭാഗം പഞ്ചാബ് സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ലീപ്പര്‍ സെല്ലുകളാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സൈനിക ഇന്റലിജന്‍സ് പഞ്ചാബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അവൈസ് മുഹമ്മദ് മലേഷ്യയിലേക്ക് കടക്കും. അവിടെ നിന്നും ആക്രമണം നടത്തുന്നതിനായി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് വരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ഒഖറയിലാണ് അവൈസ് താമസം.

ഇതിനിടെ, ജെയ്‌ഷെ മുഹമ്മദിന്റെ പുതിയ മൂന്ന് ഓഫീസുകളില്‍ പാകിസ്താനിലെ പഞ്ചാബിലും ഖൈബര്‍ പക്തൂണ്‍ മേഖലയിലും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോഹാത്, ഹസാറ മേഖലകളില്‍ ഓഫീസും ശൃംഖലയും പുനര്‍ജീവിപ്പിക്കുകയാണ് ജെയ്‌ഷെയുടെ ലക്ഷ്യം. പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പാക് സര്‍ക്കാര്‍ നിയോഗിച്ച സംയുക്ത അന്വേഷണ സമിതി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് സൈനിക രഹസ്യാന്വേഷണ വിഭാഗം പഞ്ചാബ് സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറിയത്.പാക്കിസ്ഥാനില്‍ നിന്നുള്ള 7844 ടെലിഫോണ്‍ കോളുകള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പരിശോധിച്ചു. ഈ നമ്പറുകളില്‍ നിന്നു ഇന്ത്യയിലേക്ക് ഫോണ്‍ സന്ദേശം വന്നതായും തിരിച്ചറിഞ്ഞു.