ബി ജെ പിയോട് മൃദുസമീപനം സ്വീകരിച്ചെന്ന തോന്നലുണ്ടാക്കിയത് തിരിച്ചടിയായി: യു ഡി എഫ്‌

Posted on: May 25, 2016 6:00 am | Last updated: May 25, 2016 at 12:01 am

തിരുവനന്തപുരം: ബി ജെ പിയോട് കോണ്‍ഗ്രസ് മൃദുസമീപനം സ്വീകരിക്കുന്നതായി ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ തോന്നലാണ് മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിക്ക് കാരണമെന്ന് യു ഡി എഫ് വിലയിരുത്തല്‍. ബി ജെ പിയുടെ വളര്‍ച്ചയില്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ ആശങ്ക മുതലെടുക്കുന്നതില്‍ സി പി എം വിജയിച്ചു. തങ്ങള്‍ക്ക് മാത്രമേ സംഘപരിവാരത്തെ പ്രതിരോധിക്കാന്‍ സാധിക്കൂവെന്ന സി പി എം പ്രചാരണത്തെ ചെറുക്കാന്‍ മുന്നണിക്ക് കഴിഞ്ഞില്ലെന്നും ഇന്നലെ ചേര്‍ന്ന യു ഡി എഫ് യോഗം വിലയിരുത്തി.
കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന ന്യൂനപക്ഷവോട്ടുകള്‍ സി പി എം സ്വന്തമാക്കിയപ്പോള്‍ പരമ്പരാഗതമായി ലഭിച്ചിരുന്ന ഭൂരിപക്ഷ സമുദായ വോട്ടുകള്‍ ബി ജെ പി അടര്‍ത്തിമാറ്റി. മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരേ പല മണ്ഡലങ്ങളിലും അടിയൊഴുക്കുകളും കാലുവാരലും ഉണ്ടായതായി യോഗത്തില്‍ പങ്കെടുത്ത ഘടകകക്ഷി നേതാക്കള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും കാര്യമായി പിന്തുണ ലഭിച്ചില്ലെന്ന് ആര്‍എസ്പി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.
താനൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിക്കെതിരെ മുന്നണിക്കുള്ളില്‍തന്നെ അടിയൊഴുക്കുകളുണ്ടായിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് നേതാക്കളും പരാതി പറഞ്ഞു. ഘടകക്ഷികളുടെ പരാതി രൂക്ഷമായതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് വിശദമായി ചര്‍ച്ചചെയ്യാന്‍ അടുത്തമാസം എട്ടിന് വീണ്ടും യോഗം ചേരും. തിരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്ന് മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണം ശക്തമായ തിരഞ്ഞെടുപ്പായിരുന്നു ഇക്കുറി നടന്നത്. സി പി എം പല മണ്ഡലങ്ങളിലും മുസ്‌ലിം വിഭാഗത്തില്‍പെട്ടവരെ മാത്രം ഉള്‍പ്പെടുത്തി കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചു. സമാനരീതിയില്‍ ബി ജെ പിയും യോഗങ്ങള്‍ വിളിച്ചുകൂട്ടി. ഇരുപാര്‍ട്ടികള്‍ക്കുമായി വോട്ടുകള്‍ ധ്രുവീകരിക്കുന്നതിന് ഇത് ഇടയാക്കി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് കെല്‍പില്ലെന്ന് സി പി എം വ്യാപകമായി പ്രചരിപ്പത് പാര്‍ട്ടിക്ക് ദോഷംചെയ്തു.
സര്‍ക്കാറിന്റെ അവസാന കാലത്തെ ചില ഉത്തരവുകള്‍ ജനങ്ങളില്‍ സംശയത്തിനിടയാക്കി. ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സമയം സര്‍ക്കാരിന് ലഭിച്ചില്ല. ഇതും തിരിച്ചടിയായി. യു ഡി എഫിന്റെ മദ്യനയം പ്രതീക്ഷിച്ചതുപോലെ വോട്ടായിമാറിയില്ല. ബി ജെ പിയും സി പി എമ്മും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. യു ഡി എഫ് പ്രചരണം നടത്തിയതുപോലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുപിന്നാലെ എല്‍ ഡി എഫും എന്‍ ഡി എയും സംസ്ഥാനത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതിനെതിരേ ജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.