വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ പാഠപുസ്തകത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ ആശങ്ക

Posted on: May 25, 2016 6:05 am | Last updated: May 24, 2016 at 11:56 pm

പാലക്കാട്: വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി ഏതാനും ദിവസം മാത്രം ബാക്കിയിരിക്കെ പാഠപുസ്തകത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ ആശങ്കമാത്രം. യു ഡി എഫ സര്‍ക്കാര്‍ ഏപ്രില്‍മാസത്തില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും ഇത് വരെ പുസ്തകങ്ങള്‍ മാത്രം വിദ്യാര്‍ഥികളുടെ കൈകളിലെത്തിയിട്ടില്ല. നിലവില്‍ അമ്പത് ശതമാനത്തില്‍ താഴെ മാത്രമേ പുസ്തകങ്ങള്‍ വിതരണത്തിനെത്തിയിട്ടുള്ളൂ. പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകാത്തതാണ് പുസ്തക വിതരണത്തിന് തടസ്സം നില്‍ക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു. പല ക്ലാസുകളിലും ചില വിഷയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം പുസ്തകം എത്തിയപ്പോള്‍ മലയാളം മീഡിയം പുസ്തകങ്ങള്‍ വന്നിട്ടില്ല. മലയാളം മീഡിയം പുസ്തകം വന്നിടത്ത് ഇംഗ്ലീഷ് മീഡിയം കിട്ടാത്ത സ്ഥിതിയുമുണ്ട്. എല്‍ പി വിഭാഗത്തില്‍ ആകെ 14 വിഭാഗത്തില്‍ പുസ്തകങ്ങളുള്ളതില്‍ ആറെണ്ണം മാത്രമാണ് വിതരണത്തിന് എത്തിയത്. അഞ്ചാം ക്ലാസില്‍ സോഷ്യല്‍ സയന്‍സ്, സയന്‍സ്, ഇംഗ്ലീഷ് പുസ്തകങ്ങള്‍ മാത്രമെ എത്തിയിട്ടുള്ളു. ആറാം ക്ലാസില്‍ സയന്‍സ് ഇംഗ്ലീഷ് മീഡിയം പുസ്തകം വന്നപ്പോള്‍ മലയാളം മീഡിയം എത്തിയില്ല. സോഷ്യല്‍ സയന്‍സില്‍ മലയാളം മീഡിയം പുസ്തകം മാത്രമേ വന്നിട്ടുള്ളു. മാത്തമാറ്റിക്‌സാവട്ടെ ഇംഗ്ലീഷ് മീഡിയംകാര്‍ക്ക് ലഭിച്ചപ്പോള്‍ മലയാളം മീഡിയം എത്തിയിട്ടില്ല. എല്ലാവര്‍ക്കും ഹിന്ദി മാത്രം ലഭിച്ചു. എട്ടാം ക്ലാസിലാകട്ടെ സയന്‍സ്, സോഷ്യല്‍സയന്‍സ്, മത്തമാറ്റിക്‌സ് പുസ്തകങ്ങള്‍ മാത്രമെ വന്നിട്ടുള്ളു. 9,10 ക്ലാസുകളില്‍ മാത്രമാണ് സ്ഥിതി വ്യത്യസ്തം. എന്നാല്‍ ഐ ടി പുസ്തകം എവിടെയും എത്തിയിട്ടില്ല.