മുഖ്യമന്ത്രിയുടെ ഓഫീസിലെ തത്സമയ ക്യാമറകള്‍ നീക്കം ചെയ്തു

Posted on: May 24, 2016 5:29 pm | Last updated: May 24, 2016 at 5:29 pm

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ നീക്കം ചെയ്തു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തത്സമയ ദൃശ്യങ്ങള്‍ നല്‍കിയിരുന്ന വെബ്കാസ്റ്റിംഗും നിലച്ചു. ക്യാമറകള്‍ നിക്കം ചെയ്യാന്‍ ആരാണ് നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമല്ല. ക്യാമറകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കാവല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് അറിയിച്ചു.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് സോളാര്‍ വിവാദം അടക്കം പല സംഭവങ്ങളിലും നിര്‍ണായക തെളിവായി ഈ ക്യാമറ നിരീക്ഷണം ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. എന്നാല്‍ വിവാദ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ഒന്നും തന്നെ ക്യാമറയില്‍ നിന്ന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം.