അബൂദബി- കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്നു; യാത്രക്കാര്‍ക്ക് ദുരിതം

Posted on: May 24, 2016 4:59 pm | Last updated: May 24, 2016 at 5:07 pm

airindia express b737-8hjഅബൂദബി: അബൂദബിയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. തിങ്കളാഴ്ച അര്‍ധരാത്രി 12.5ന് പുറപ്പെടേണ്ട വിമാനം ഇതുവരെയായും പുറപ്പെട്ടിട്ടില്ല. ഇതിനിടെ പ്രാദേശിക സമയം ഉച്ചക്ക് 01.05നും 02.05നും പുറപ്പെടുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഈ സമയവും തെറ്റിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് യാത്രക്കാര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഓഫീസിലെത്തി പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം 06.05ന് പുറപ്പെടുമെന്നാണ് ജീവനക്കാര്‍ ഏറ്റവും ഒടുവില്‍ അറിയിച്ചിരിക്കുന്നത്. ബോര്‍ഡിംഗ് പാസ് എടുത്ത യാത്രക്കാര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ പോലുമാകാതെ ദുരിതമനുഭവിക്കുകയാണ്.

ദുബൈയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ അറുപത് പേരടക്കം 164 യാത്രക്കാരാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യാനിരിക്കുന്നത്. ഇവരില്‍ പലരും സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവരാണ്. ഷഹാമ, സംഹ, ബനിയാസ്, അല്‍ ഐന്‍ എന്നിവരില്‍ നിന്നുള്ളവരാണ് യാത്രക്കാരില്‍ അധികവും. പിഞ്ചുകുട്ടികളും കൂട്ടത്തിലുണ്ട്. നാട്ടിലേക്ക് തിരിക്കുകയായതിനാല്‍ യാത്രക്കാരില്‍ പലരും മതിയായ പണം കരുതിയിരുന്നില്ല. ഇതോടെ ഭക്ഷണം പോലും വാങ്ങാനാവാതെ ദുരിതമനുഭവിക്കുകയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍. വിശന്നുവലഞ്ഞ് കുട്ടികളാണെങ്കില്‍ അലമുറയിടുകയും ചെയ്യുന്നുണ്ട്.

ഡല്‍ഹിയില്‍ നിന്ന് അബൂദബിയില്‍ എത്തി കോഴിക്കോട്ടേക്ക് തിരിക്കേണ്ടതായിരുന്നു വിമാനം. എന്നാൽ സാങ്കേതിക തകരാരുണ്ടെന്നും അത് പരിഹരിച്ച ശേഷമേ പുറെപ്പടാനാവുകയുള്ളൂെവന്നു‌ വിമാനക്കമ്പനി അധികൃതർ അറിയിച്ചു.