സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍

Posted on: May 23, 2016 2:23 pm | Last updated: May 24, 2016 at 11:11 am
CPI MINISTERS
ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍ കുമാര്‍, പി.തിലോത്തമന്‍, കെ.രാജു

തിരുവനന്തപുരം: മുന്‍മന്ത്രിമാരായ ദിവാകരനേയും, മുല്ലക്കര രത്‌നാകരനേയും ഒഴിവാക്കി നാല് പുതുമഖങ്ങളെ മന്ത്രിസഭയിലേക്ക് നിര്‍ദേശിക്കാന്‍ സിപിഐ തീരുമാനിച്ചു. ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍ കുമാര്‍, പി.തിലോത്തമന്‍, കെ.രാജു എന്നിവരാണ് സി.പി.ഐയുടെ മന്ത്രിമാര്‍. വി.ശശിയെ ഡെപ്യൂട്ടി സ്പീക്കറാക്കാനും തീരുമാനമായി. ഇ.എസ്. ബിജിമോള്‍ എംഎല്‍എയുടെ പേര് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും മന്ത്രി സ്ഥനത്തേക്കും ഉയര്‍ന്നു വന്നെങ്കിലും അവസാന ലിസ്റ്റില്‍ നിന്നും പുറത്തായി.

മുല്ലക്കര രത്‌നാകരനേയും സി.ദിവാകരനേയും ഒഴിവാക്കുന്നതില്‍ സിപിഐ എക്‌സിക്യൂട്ടീവില്‍ ഭിന്നത ഉണ്ടായിരുന്നു. സിപിഐ കൊല്ലം ജില്ലാ കമ്മറ്റി മുല്ലക്കര രത്‌നാകരനെ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ദിവാകരനേയും മുല്ലക്കരയേയും മന്ത്രിമാരക്കണോ എന്ന കാര്യത്തിലൊരു സമവായത്തിലെത്താന്‍ സംസ്ഥാന എക്‌സിക്യൂട്ടിവിന് സാധിക്കാതെ വന്നതോടെ ഇവര്‍ ആറ് പേരുടേയും പേരുള്‍പ്പെട്ട പാനല്‍ എക്‌സിക്യൂട്ടീവ് സംസ്ഥാന കൗണ്‍സിലിന് കൈമാറി. ഇതില്‍ നിന്നാണ് മുന്‍മന്ത്രിമാരെ ഒഴിവാക്കിയുള്ള പട്ടിക കൗണ്‍സില്‍ അംഗീകരിച്ചത്. അതേസമയം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ മുല്ലക്കര രത്‌നാകരനും,സി.ദിവാകരനും എക്‌സിക്യൂട്ടിവില്‍ പ്രതിഷേധം അറിയിച്ചു.