Connect with us

Kerala

അഞ്ച് മന്ത്രിമാര്‍ക്ക് പകരമാകാന്‍ മലപ്പുറത്തിന് ഒരു കെ ടി ജലീല്‍

Published

|

Last Updated

വളാഞ്ചേരി:തവനൂരില്‍ തകര്‍പ്പന്‍ വിജയം നേടിയ ഡോ. കെ ടി ജലീലിന് മന്ത്രിപദം വലിയൊരു ഉത്തരവാദിത്വമാകും. കഴിഞ്ഞ വര്‍ഷം അഞ്ച് മന്ത്രിമാരുണ്ടായിരുന്ന മലപ്പുറത്തെ പ്രതിനിധീകരിക്കാന്‍ ഇക്കുറി കെ ടി ജലീല്‍ മാത്രമേ ഉണ്ടാകുകയുള്ളു. വികസന പ്രവര്‍ത്തനങ്ങളിലൂടെ മികവുറ്റ ഭരണം കാഴ്ച വെക്കുന്ന ജലീല്‍ മന്ത്രിപദത്തിലെത്തുന്നതോടെ ജില്ലയുടെ പ്രതീക്ഷ മുഴുവനും കെ ടി ജലീലിലാണ്. ഉള്‍ക്കാഴ്ചയോടെ സാമൂഹിക ഇടപെടല്‍ നടത്തുന്ന ജലീലിന് തന്റെ ദൗത്യം നിര്‍വഹിച്ച് അഞ്ച് മന്ത്രിമാര്‍ക്കും പകരക്കാരനാകാന്‍ സാധിക്കുമെന്ന് തന്നെയാണ് മലപ്പുറത്തെ ജനം വിശ്വസിക്കുന്നത്.
കൂരിപ്പറമ്പില്‍ തെക്കുമ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെയും പാറയില്‍ നഫീസയുടെയും മകനായി 1967 മെയ് 30ന് തിരൂരിലാണ് ജനനം. പൈങ്കണ്ണൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം. വെളിമുക്ക് ഗവ. യു പി സ്‌കൂളില്‍ അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം. കുറ്റിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനം. തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം ഫില്‍, കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി യും കരസ്ഥമാക്കി. രണ്ട് പുസ്തകങ്ങള്‍ രചിച്ചു.
2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പാശ്ചാത്തലത്തില്‍ രചിച്ച “ന്യൂനപക്ഷ രാഷ്ട്രീയം” ശ്രദ്ധ നേടി. “മലബാര്‍ കലാപം: ഒരു പുനര്‍വായന” എന്ന പുസ്തകവും രചിച്ച ജലീല്‍ മൂന്നാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. “എന്റെ ഫേസ് ബുക്ക് ചിന്തകള്‍” എന്നാണ് ആ പുസ്തകത്തിന്റെ പേര്.
തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ 1994-ല്‍ ചരിത്ര അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പ്രഥമ മലപ്പുറം ജില്ലാ പഞ്ചായത്ത് കൗണ്‍സിലംഗം, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം. യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
മുസ്‌ലീം ലീഗിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടു. മുസ്‌ലീം ലീഗിന്റെ പൊന്നാപുരം കോട്ടയായ കുറ്റിപ്പുറത്ത് 2006ല്‍ ലീഗിന്റെ സംസ്ഥാന സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു രാഷ്ട്രീയ അട്ടിമറിക്ക് തുടക്കം കുറിച്ചത്.
2011-ല്‍ തവനൂരിന്റെ പ്രഥമ എം എല്‍ എയായി. നോര്‍ക്ക ഡയറക്ടര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ “മുഖ്യധാര” ത്രൈമാസികയുടെ ചീഫ് എഡിറ്ററാണ്. നാല് സഹോദരിമാരും രണ്ടു സഹോദരമാരുമുണ്ട്.
ഭാര്യ എം പി ഫാത്തിമ്മക്കുട്ടി (വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്). മൂത്തമകള്‍ അസ്മാബി (ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ എം എസിന് പഠിക്കുന്നു. മരുമകന്‍ അജീഷ് ഇലിക്കോപ്പില്‍ കാര്‍ലിഫോര്‍ണിയയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍. രണ്ടാമത്തെ മകന്‍ മുഹമ്മദ് ഫാറൂഖ് ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ രണ്ടാംവര്‍ഷ ഡിഗ്രിക്ക് പഠിക്കുന്നു. മൂന്നാമത്തെ മകള്‍ സുമയ്യ ബീഗം പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്നു. 2006-ല്‍ കുറ്റിപ്പുറത്തെ അവസാന എം എല്‍ എയും തവനൂരിലെ ആദ്യത്തെ എം എല്‍ എയുമെന്ന ഖ്യാതിയും കെ ടി ജലീലിനുണ്ട്.

Latest