കിരണ്‍ ബേദി പുതുച്ചേരി ലഫ്. ഗവര്‍ണര്‍

Posted on: May 22, 2016 8:41 pm | Last updated: May 23, 2016 at 9:44 am

kiran bediന്യൂഡല്‍ഹി: മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയും ബി ജെ പി നേതാവുമായ കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പുതുച്ചേരിയുടെ അധിക ചുമതലയുണ്ടായിരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്. ഗവര്‍ണര്‍ എ കെ സിംഗിന് പകരമാണ് കിരണ്‍ ബേദിയുടെ നിയമനം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 30ല്‍ 15 സീറ്റുകളിലും വിജയിച്ച കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് ബേദിയെ ലഫ്. ഗവര്‍ണറാക്കി കേന്ദ്ര തീരുമാനം വന്നത്. കഴിഞ്ഞ ജനുവരിയിലാണ് ബേദി ബി ജെ പിയിലെത്തുന്നത്. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവര്‍ ജനവിധി തേടിയിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍ കനത്ത പരാജയമാണ് ബി ജെ പി നേരിട്ടത്. പരാജയ കാരണങ്ങളില്‍ പ്രധാനമായി കിരണ്‍ ബേദിയുടെ സ്ഥാനാര്‍ഥിത്വമാണെന്നുവരെ അന്ന് ബി ജെ പിയില്‍ വിമര്‍ശമുയര്‍ന്നിരുന്നു.
35 വര്‍ഷത്തെ ഔദ്യോഗിക ജീവിത്തിന് ശേഷം 2007ല്‍ കിരണ്‍ ബേദി സ്വയം വിരമിക്കുകയായിരുന്നു. തുടര്‍ന്ന് അണ്ണാ ഹസാരെക്കും കെജ്‌രിവാളിനുമൊപ്പം അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.