സുന്നി പ്രവര്‍ത്തകന്റെ വധം: നാല് ലീഗുകാര്‍ അറസ്റ്റില്‍

Posted on: May 22, 2016 12:51 am | Last updated: May 22, 2016 at 10:56 am
THIRUR MURDER
എസ് വൈ എസ് ടി കെ പാറ യൂനിറ്റ് പ്രസിഡന്റ് ഹംസക്കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍

തിരൂര്‍: മുസ്‌ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ സുന്നി പ്രവര്‍ത്തകനായ അമ്പലത്തിങ്ങല്‍ കുഞ്ഞിപ്പയെന്ന ഹംസക്കുട്ടി(48)യെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വരമ്പനാല ചെറവന്നൂര്‍ സ്വദേശികളായ കടായിക്കല്‍ മൊയ്തീന്‍കുട്ടി എന്ന ബശീര്‍ (44), തറമ്മല്‍ മുഹമ്മദ് (38), അത്തിക്കല്‍ സൂപ്പി ഹാജി (63), പാറമ്മലങ്ങാടി സ്വദേശി കടായിക്കല്‍ അബ്ദുല്‍ ബാസിത്(23) എന്നിവരെയാണ് തിരൂര്‍ ഡി വൈ എസ് പി. കെ വി സന്തോഷ്, വളാഞ്ചേരി സി ഐ. കെ ജി സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ കണ്ടാലറിയാവുന്ന 50 പേരെയും മറ്റ് ആറ് പ്രതികളെയും പിടികൂടാനുണ്ടെന്ന് സി ഐ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
എസ് വൈ എസ് ടി കെ പാറ യൂനിറ്റ് പ്രസിഡന്റായ ഹംസക്കുട്ടി വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ കടുങ്ങാത്തുകുണ്ട് മഹല്ല് കമ്മിറ്റിയുടെ യോഗം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വളവന്നൂര്‍ പഞ്ചായത്തില്‍ നടന്ന ലീഗിന്റെ ആഹ്ലാദ പ്രകടനത്തില്‍ നിന്നും പ്രതികള്‍ വീട്ടിലേക്ക് ഗുണ്ടെറിയുകയായിരുന്നു. ഇത് ചോദിക്കാനെത്തിയതോടെ അസഭ്യം പറഞ്ഞ് ഹംസക്കുട്ടിയെ പ്രകടനത്തിലുണ്ടായിരുന്ന ലീഗ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. വൃദ്ധരായ മാതാപിതാക്കളുടെയും ഭാര്യയുടെയും ചെറുപ്രായത്തിലുള്ള മക്കളുടെയും മുന്നിലിട്ടായിരുന്നു ഹംസക്കുട്ടിയെ മര്‍ദിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ വൈകീട്ട് 3.30ന് ചെറവന്നൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ദേഹോപദ്രവവും പെട്ടെന്നുണ്ടായ ആഘാതവുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് കല്‍പ്പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചു.

മയ്യിത്ത് നിസ്‌കാരത്തിന് ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. സയ്യിദന്മാരുടെയും പണ്ഡിതരുടെയും നേതൃത്വത്തില്‍ നാല് ഘട്ടങ്ങളിലായി മയ്യിത്ത് നിസ്‌കാരം നടന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി, പ്രൊഫ. കെ എം എ റഹീം, എ കെ ഇസ്മാഈല്‍ വഫ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല, പടിക്കല്‍ അബൂബക്കര്‍, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, മജീദ് അരിയല്ലൂര്‍, എം എല്‍ എമാരായ കെ ടി ജലീല്‍, പ്രദീപ്കുമാര്‍, പി ശ്രീരാമകൃഷ്ണന്‍, പി ടി എ റഹീം, നിയുക്ത എം എല്‍ എമാരായ വി അബ്ദുര്‍റഹ്മാന്‍, കാരാട്ട് റസാഖ്, സി പി എം നേതാക്കളായ എ വിജയരാഘവന്‍, പി പി വാസുദേവന്‍, ടി കെ ഹംസ, നിയാസ് പുളിക്കലകത്ത് എന്നിവര്‍ ഹംസക്കുട്ടിയുടെ വീട് സന്ദര്‍ശിച്ചു.

അതേ സമയം തിരൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ എസ് വൈ എസ് ടി കെ പാറ യൂനിറ്റ് പ്രസിഡന്റ് ഹംസക്കുട്ടി എന്ന കുഞ്ഞാപ്പയെ അക്രമിച്ച് കൊലപ്പെടുത്തിയ മുസ്‌ലിം ലീഗ് ഫാസിസത്തിനെതിരെ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ കേരള മുസ്‌ലിം ജമാഅത്ത് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സ്ഥലങ്ങളിലും വൈകീട്ട് സമാധാനപരമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.