ഇനി പിണറായി

പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച്, കഠിനമായ ജീവിതസാഹചര്യങ്ങളോട് പൊരുതിക്കയറിയ വിജയന്‍ ഒരുനാള്‍ ഉന്നതങ്ങളിലേക്ക് ചാടിക്കയറിയതായിരുന്നില്ല. പ്രോജ്ജ്വലമായ പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും ത്യാഗങ്ങളുടെയും നേതൃപാടവത്തിന്റെയും അനുഭവവുമായാണ് കേരളത്തിന്റെ ഭരണ നേതൃപദവിയിലെത്തുന്നത്. ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം ഉള്‍ക്കൊണ്ടോ, ജനപ്രിയതയുടെ സൂത്രവാക്യങ്ങളിലൂടെയോ അല്ല, മറിച്ച് നിലപാടുകളില്‍ ഉറച്ചു നിന്ന് പൊരുതാമെന്നുള്ള ആത്മവിശ്വാസത്തോടെ പിണറായി കേരള ഭരണം ഏറ്റെടുക്കുമ്പോള്‍ പ്രതീക്ഷക്ക് വകയുണ്ട്.
Posted on: May 21, 2016 2:23 pm | Last updated: May 22, 2016 at 2:32 pm

നിരന്തരപോരാട്ടം, ചിട്ടയായ സംഘാടനം, ആത്മാര്‍ഥത, സ്വയംവിമര്‍ശം, ധീരമായ ഇടപെടലുകളും കാലികമായ പ്രതികരണങ്ങളും…പിണറായിയിലെ പാവപ്പെട്ട ചെത്തുതൊഴിലാളി മുണ്ടയില്‍ കോരന്റെ മകന്‍ പിണറായിയെന്ന പിണറായി വിജയനെ ജീവിതത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തനാക്കുന്നത് പ്രധാനമായും ഈ ഘടകങ്ങളാണ്. ഒരു നേതാവിന്റെ കൗശലങ്ങളും എതിരാളിയോടുപോലും സന്ധിചെയ്യുന്ന രാഷ്ട്രീയ പ്രായോഗികതകളും വശമില്ലാത്ത കണ്ണൂരിന്റെ ഈ ജനപ്രിയനേതാവ് കേരളത്തെ നയിക്കാനെത്തുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന പിണറായിയെന്ന നാടിന്റെ ചുവപ്പും കരുത്തുമാണ് അനന്തപുരിയുടെ നിറസാന്നിധ്യമായി മാറുന്നത്.
പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച്, കഠിനമായ ജീവിതസാഹചര്യങ്ങളോട് പൊരുതിക്കയറിയ വിജയന്‍ ഒരുനാള്‍ ഉന്നതങ്ങളിലേക്ക് ചാടിക്കയറിയതായിരുന്നില്ല. പ്രോജ്വലമായ പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും ത്യാഗങ്ങളുടെയും നേതൃപാടവത്തിന്റെയും അനുഭവവുമായാണ് കേരളത്തിന്റെ ഭരണ നേതൃപദവിയിലെത്തുന്നത്. എതിരാളിക്കു മുന്നില്‍ തല ഉയര്‍ത്തി നെഞ്ചുവിരിച്ച് നില്‍ക്കാനുമുള്ള കമ്യൂണിസ്റ്റ് നേതൃത്വത്തെയാണ് പിണറായിയിലെ ജനങ്ങള്‍ അനുഗ്രഹിച്ച് അംഗീകരിച്ച് തലസ്ഥാനത്തേക്കയക്കുന്നത്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് മുഖം നോക്കിത്തന്നെ പറയാനും തിരുത്താനും തിരുത്തിക്കാനും ആര്‍ജവം കാട്ടിയ കമ്യൂണിസ്റ്റ്ശുദ്ധി കേരളത്തിലെ ഭരണസിരാകേന്ദ്രത്തിന് ഇനി മുതല്‍ക്കൂട്ടാകും.
1944 മാര്‍ച്ച് 21ന് ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായാണ് വിജയന്‍ ജനിച്ചത്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ ബാല്യവും കൗമാരവും പിന്നിട്ടു. പിണറായി യു പി സ്‌കൂളിലും പെരളശ്ശേരി ഹൈസ്‌കൂളിലും വിദ്യാഭ്യാസം. പിന്നീട് ഒരു വര്‍ഷം നെയ്ത്തു തൊഴിലാളിയായി ജോലി ചെയ്തു. പിന്നീടാണ് പ്രീയൂനിവേഴ്‌സിറ്റിക്ക് തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ചേരുന്നത്. ബ്രണ്ണന്‍ കോളജില്‍ തന്നെ ബിരുദപഠനം നടത്തി. നിരവധി സമരങ്ങളിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനത്തെ നയിച്ചു. കെ എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും കെ എസ് വൈ എഫിന്റെ സംസ്ഥാനപ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1967ല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ കാലത്ത് കലുഷിതമായ തലശ്ശേരിയില്‍ സി പി എം മണ്ഡലം സെക്രട്ടറിയാകാന്‍ നിയോഗിക്കപ്പെട്ടത് വെറും ഇരുപത്തിമൂന്നാം വയസ്സില്‍. ജനസംഘവും ആര്‍ എസ് എസും സി പി എമ്മിനെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കാലം. ദിനേശ് ബീഡിയെ തകര്‍ക്കാന്‍ കര്‍ണാടകയില്‍ നിന്ന് മാംഗ്ലൂര്‍ ഗണേഷ് ബീഡിക്കമ്പനി മുതലാളിമാര്‍ ഇറക്കുമതി ചെയ്ത ക്രിമിനലുകള്‍ സൃഷ്ടിച്ച ഭീകരതയില്‍ ഈ പ്രദേശം കിടിലം കൊണ്ടു. ദിനേശ് സഹകരണ സംഘത്തെ തകര്‍ക്കാനിറങ്ങിയവര്‍ക്ക് നേരെ പ്രതിരോധം ഉയര്‍ത്തുന്നതിലും പിണറായി മുന്‍പന്തിയില്‍ നിന്നു. അടിയുറച്ച പാര്‍ട്ടി കേഡറായിരുന്നു പിണറായി വിജയന്‍ എന്നും. സ്റ്റുഡന്റ് ഫെഡറെഷന്റെ സെക്രട്ടറി ഫിലിപ് എം പ്രസാദും ജോയിന്റ് സെക്രട്ടറി പിണറായിയുമായിരുന്ന കാലത്ത് നക്‌സലിസം വേട്ടയാടി തുടങ്ങിയിരുന്ന ഫിലിപ്പിന്റെ കൈയില്‍ നിന്ന് സമ്മേളന വേദിയില്‍ വെച്ച് പ്രവര്‍ത്തന റിപ്പോര്‍ട്ട് തട്ടിപ്പറിച്ചെടുത്ത് അവതരിപ്പിക്കാന്‍ പിണറായിയെ നിര്‍ബന്ധിതനാക്കിയതും അടിയുറച്ച ഈ പാര്‍ട്ടി വിശ്വാസം തന്നെയാണ്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞു തലശ്ശേരി പാര്‍ട്ടി സെക്രട്ടറി ആകുന്നത് സി എച്ച് കണാരന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ്. ഇരുപത്തിനാലാം വയസ്സില്‍ സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സില്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തി. ഇതിനിടയില്‍ പാര്‍ട്ടിയില്‍ വിപ്ലവം പോരെന്ന് പറഞ്ഞ് നക്‌സലിസത്തിലേക്ക് ചെറുപ്പക്കാര്‍ കാലെടുത്തുവെച്ചു തുടങ്ങി. സംഘടനയെ നക്‌സലൈറ്റുകളുടെ വലയിലകപ്പെടാതെ മുക്തമാക്കുന്നതില്‍ വിജയന്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഒന്നര വര്‍ഷക്കാലം പിണറായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഭീകരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന്. 1970ല്‍ ഇരുപത്താറാം വയസ്സില്‍ നിയമസഭാംഗമായ പിണറായി വിജയന്‍ അടിയന്തരാവസ്ഥയുടെ ഭീകരരാത്രികളില്‍ പൊലീസില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്് അതിലൊന്നാണ്്. അന്യായമായി പൊലീസ് കസ്റ്റഡിയിലെടുത്ത പിണറായിയെ ലോക്കപ്പില്‍ വെച്ച് പൊലീസുകാര്‍ മാറിമാറി മര്‍ദിച്ചു. പൈശാചികമായ മൂന്നാം മുറകള്‍ക്ക് വിധേയനായപ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു. എതിരാളികള്‍ പലവട്ടം പിണറായിയുടെ ജീവനപഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ഗുരുതരമായ ഭീഷണി നേരിടുന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയപ്പോള്‍ പിണറായി അത് നിരസിച്ചു. സി പി എം ചണ്ഡിഗഢ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് നാട്ടിലേക്കുതിരിച്ച പിണറായിയെ തീവണ്ടിയില്‍ വെടിവെച്ചു കൊല്ലാന്‍ രാഷ്ട്രീയ എതിരാളികള്‍ വാടകക്കൊലയാളികളെ അയച്ചു. അവസാന നിമിഷം പിണറായി യാത്ര മാറ്റിയതിനാല്‍ കൊലയാളിസംഘത്തിന്റെ വെടി ഇ പി ജയരാജനാണ് കൊണ്ടത്.
പിന്നീട് സംഘടനാ രംഗത്തുനിന്നും പാര്‍ലിമെന്റെറി രംഗത്തേക്ക്. 1970ലും 1977ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ കേരളത്തിന്റെ സഹകരണ വൈദ്യുതി മന്ത്രിയായ കാലത്ത് പിണറായിയുടെ കര്‍മശേഷിയെന്തെന്ന് നാടറിഞ്ഞു. വൈദ്യുതോത്പാദനത്തിലും വിതരണത്തിലും കാല്‍ നൂറ്റാണ്ട് കൊണ്ട് കേരളത്തില്‍ സൃഷ്ടിക്കാനാകാത്ത നേട്ടം രണ്ടരവര്‍ഷം കൊണ്ട് നേടിയെടുത്തു. സഹകരണ മേഖലയിലും സജീവമായ ഇടപെടല്‍ നടത്തി. 1998ല്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം വിട്ട് പാര്‍ട്ടി സെക്രട്ടറിയായി. കൊല്‍ക്കത്തയില്‍ നടന്ന പതിനാറാം പാര്‍ട്ടി കോണ്‍ഗ്രസിലൂടെ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായി. പാര്‍ട്ടി ഏറ്റവും കടുത്ത ആക്രമണം നേരിട്ടപ്പോള്‍ ഏറ്റെടുത്ത തലശ്ശേരി മണ്ഡലം സെക്രട്ടറി സ്ഥാനം, പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള വൈകാരിക ബന്ധം ഏറ്റവും സമര്‍ഥമായി ഉപയോഗിക്കാനറിയുന്ന എം വി രാഘവന്‍ പാര്‍ട്ടി വിട്ടു പോകുമ്പോള്‍ ഏറ്റെടുത്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം, സി ഐ ടി യു വിനെ മുന്നില്‍ നിറുത്തി രവീന്ദ്രനാഥ് ഗ്രൂപ്പ് കളിച്ചപ്പോള്‍ വി എസ്സിന്റെ പിന്തുണയോടെ പിടിച്ചെടുത്ത സംസ്ഥാന സെക്രട്ടറി സ്ഥാനം ഒന്നും ഒരിക്കലും എളുപ്പമായിരുന്നില്ല, പിണറായിക്ക്. പക്ഷേ ഇതേല്ലാം പിണറായി ഇലക്കും മുള്ളിനും കേടില്ലാതെ തരണം ചെയ്തു. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്നില്ലെങ്കില്‍ പാര്‍ട്ടി പിളരുമായിരുന്നെന്നു വിശ്വസിക്കുന്ന പാര്‍ട്ടിക്കാര്‍ ഇപ്പോഴും ഏറെയുണ്ട്.
പിണറായിയുടെ കാര്‍ക്കശ്യ സ്വഭാവം അന്നും ഇന്നും ചര്‍ച്ചയായിട്ടുണ്ട്. ചിരിക്കാനറിയാത്തയാളെന്നു പലരും പിണറായിയെ വിശേഷിപ്പിക്കാറുണ്ട്. വളര്‍ന്നുവന്ന വഴി തന്നെയാണ് പിണറായിയുടെ ഈ കാര്‍ക്കശ്യത്തിന് ഒരു പക്ഷേ കാരണം. ആര്‍ എസ് എസിന്റെ കൊലപാതകരാഷ്ട്രീയത്തിനുമുന്നില്‍, ഗുണ്ടാപ്പടക്കുമുന്നില്‍, അടിയന്തരാവസ്ഥയിലെ പൊലീസ് കരാളതക്കു മുന്നില്‍ ഒരിടത്തും പിണറായി തല കുനിക്കുകയോ നട്ടെല്ല് വളക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ തളരുന്നതല്ല കമ്യൂണിസ്റ്റുകാരന്റെ ഉരുക്കില്‍ തീര്‍ത്ത തണ്ടെല്ലെന്ന് എണ്ണമറ്റ സമരങ്ങള്‍ക്ക് സാക്ഷിയായ കണ്ണൂരുകാര്‍ക്കറിയാം. നാട്ടുകാര്‍ക്ക് പിണറായി അവരുടെ സ്വന്തം വിജയേട്ടനും നാട്ടുമുഖ്യസ്ഥനുമെല്ലാമാണ്. കാരണം പാര്‍ട്ടി ഓഫീസിലിരുന്നു കല്‍പ്പനകള്‍ നല്‍കുന്ന നേതാവല്ല, എന്തിനും ഇറങ്ങി ചെല്ലുന്നയാളാണ് അവരുടെ വിജയേട്ടന്‍. എല്ലാവരും അവനവനെക്കുറിച്ച് മാത്രം ചിന്തിക്കുകയും സ്വപ്‌നങ്ങള്‍ കാണുകയും ചെയ്യുന്ന കാലത്ത് ‘നിങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ കാണാന്‍ വിലക്കുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു’ എന്ന് ഇടക്കിടെ ഓര്‍മപ്പെടുത്തുന്നൊരാളാണ് പിണറായിയെന്ന് അവര്‍ ഇപ്പോഴും പറയുന്നു. തന്റെ നിലപാട് ശരിയോ തെറ്റോ ആകട്ടെ, തനിക്കൊരു നിലപാട് ഉണ്ട് എന്നതും എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നതുമാണ് പിണറായിയുടെ വ്യക്തിത്വം. ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം ഉള്‍ക്കൊണ്ടോ, ജനപ്രിയതയുടെ സൂത്രവാക്യങ്ങളിലൂടെയോ അല്ല, മറിച്ച് നിലപാടുകളില്‍ ഉറച്ചു നിന്ന് പൊരുതാമെന്നുള്ള ആത്മവിശ്വാസത്തോടെ പിണറായി കേരള ഭരണം ഏറ്റെടുക്കുമ്പോള്‍ പ്രതീക്ഷക്ക് വകയുണ്ട്.
ഏകദേശം ഒരു ദശാബ്ദം കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം എന്നത് പിണറായി വിജയന്‍ എന്ന മനുഷ്യനുമായി ബന്ധപ്പെട്ടതായിരുന്നു. മാധ്യമ പ്രവര്‍ത്തകരും ഉടമകളും നിരീക്ഷകരും നേതാക്കളും ബുദ്ധിജീവികളും എല്ലാവരും ചേര്‍ന്ന മഴവില്‍ മഹാസഖ്യത്തിന്റെ ആക്രമണത്തില്‍ പോലും അദ്ദേഹം പിടിച്ചുനിന്നു. പിണറായി വിജയനെ ഉന്നം വെക്കാത്ത ഒരു ദിവസം പോലും ആ ഘട്ടത്തില്‍ കഴിഞ്ഞുപോയിരുന്നില്ല. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തെ നിരന്തരമായി പിന്തുടര്‍ന്ന് ആക്രമിച്ച മാധ്യമങ്ങള്‍ക്ക് സ്വന്തം കഴിവുകളും പരിമിതികളും മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് വന്നുഭവിക്കുന്നത്.