Connect with us

Gulf

കായിക മേഖലയില്‍ സ്വകാര്യ മേഖലക്ക് 83 നിക്ഷേപ അവസരങ്ങള്‍

Published

|

Last Updated

ദോഹ: ഖത്വറിലെ കായിക മേഖലയില്‍ സ്വകാര്യ മേഖലക്ക് 83 വാണിജ്യ, നിക്ഷേപ അവസരങ്ങള്‍ ഉണ്ടെന്ന് വാണിജ്യ മന്ത്രാലയം. 2023ഓടെ രാജ്യത്തെ കായിക മേഖലയുടെ വിപണി മൂല്യം 72 ബില്യന്‍ ഖത്വര്‍ റിയാലാകും. 22 ബില്യന്‍ ഖത്വര്‍ റിയാല്‍ മുതല്‍ 30 ബില്യന്‍ റിയാല്‍ വരെ വിപണി മൂല്യമുള്ള 30 നിക്ഷേപ അവസരങ്ങള്‍ക്ക് മന്ത്രാലയം കര്‍മപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സര്‍ക്കാറില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് നേരിട്ടുള്ള നിക്ഷേപ അവസരങ്ങളാണിവ. കായിക പരിപാടികളുടെ കാര്യനിര്‍വഹണവും പ്രചാരണവും, കായിക വികസനം, കായിക സൗകര്യങ്ങള്‍ സ്ഥാപിക്കലും വികസിപ്പിക്കലും, കായിക ഉപകരണങ്ങളുടെ വില്‍പ്പന, സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ്, സ്‌പോര്‍ട്‌സ് ടൂറിസം, സ്‌പോര്‍ട്‌സ് സൗകര്യങ്ങളുടെ കാര്യനിര്‍വഹണവും പരിപാലനവും തുടങ്ങിയവയിലാണ് നിക്ഷേപ അവസരങ്ങളുള്ളത്. കായിക മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഖത്വര്‍ ഒളിംപിക് കമ്മിറ്റി, ആസ്പിയര്‍ സോണ്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെ കായിക മേഖലയിലുള്ള ലഭ്യമായ നിക്ഷേപ അവസരങ്ങളെ സംബന്ധിച്ച് ആഴത്തിലുള്ള പഠനം മന്ത്രാലയം നടത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ബിസിനസ്സ് ഓപര്‍ച്യൂനിറ്റീസ് ഫോറവും മന്ത്രാലയം സംഘിടിപ്പിക്കുന്നുണ്ട്. ഫോറത്തില്‍ ശില്‍പ്പശാല പരമ്പരകള്‍ നടത്തും. അടുത്ത ഏഴ് വര്‍ഷത്തിനകം ജിംനാസ്റ്റിക്‌സ് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് (2018), അത്‌ലറ്റിക്‌സ് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് (2019), ഫിഫ ലോകകപ്പ് (2022) തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക പരിപാടികളും ഓരോ വര്‍ഷം വീതം 30 പ്രാദേശിക, മേഖലാതല, അന്താരാഷ്ട്ര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.