Connect with us

National

ഈ തുടര്‍ ജയം അത്ര ലളിതമല്ല

Published

|

Last Updated

ചെന്നൈ: തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തിലെത്താനാകില്ലെന്ന തമിഴ്‌നാടിന്റെ 27 വര്‍ഷം പഴക്കമുള്ള ചരിത്രം തിരുത്തിക്കുറിച്ചാണ് ജയലളിതയുടെ എ ഐ എ ഡി എം കെ ഭരണം ഉറപ്പിച്ചിരിക്കുന്നത്. 1989ന് ശേഷം തമിഴ്‌നാട് നിയമസഭയില്‍ ഡി എം കെക്കോ ഐ ഐ എ ഡി എം കെക്കോ തുടര്‍ച്ചയായി ഭരണം കൈയാളാനായിരുന്നില്ല. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ അപ്രസക്തമാക്കിയാണ് തമിഴരുടെ പുരട്ചി തലൈവി (വിപ്ലവ നായിക) വീണ്ടും അധികാരത്തിലെത്തുന്നത്. ഈ വിജയത്തെ കുറിച്ച് പറയാന്‍ തന്റെ നിഘണ്ടുവില്‍ വാക്കുകളില്ലെന്നായിരുന്നു, വോട്ടെണ്ണലില്‍ വ്യക്തമായ മുന്നേറ്റം ഉറപ്പിച്ചതോടെ ജയലളിതയുടെ പ്രതികരണം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയല്ലാതെ തനിക്ക് മറ്റ് താത്പര്യങ്ങളൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.

അഴിമതി ആരോപണങ്ങളുടെയും കോടതി വിധികളുടെയും പശ്ചാത്തലത്തില്‍ രണ്ട് തവണ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് താഴെയിറങ്ങേണ്ടിവന്നിട്ടുണ്ട് ജയലളിതക്ക്. 1984 മുതല്‍ 89 വരെ രാജ്യസഭാംഗമായിരുന്ന ജയലളിത, രാഷ്ട്രീയ ഗുരു എം ജി ആറിന്റെ മരണത്തോടെയാണ് എ ഐ എ ഡി എം കെയുടെ അമരക്കാരിയായി സ്വയം പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രിയാകാതെ നിയമസഭയിലേക്കില്ലെന്ന് പണ്ട് പ്രഖ്യാപിച്ച താരരാഷ്ട്രീയക്കാരി ഇത് ആറാം തവണയാണ് ആ സ്ഥാനത്തേക്ക് സത്യപ്രതിജ്ഞക്കൊരുങ്ങുന്നത്. ഇതിന് മുമ്പ് 1991, 2001 (തിരഞ്ഞെടുക്കപ്പെടാതെ), 2002, 2011, 2015 വര്‍ഷങ്ങളിലാണ് ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് അധികാരം നഷ്ടമാകുന്ന ആദ്യ മുഖ്യമന്ത്രി എന്ന ദുഷ്‌പേര് സ്വന്തമാക്കിയാണ് 2014 സെപ്തംബര്‍ 27ന് ജയലളിത മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തമാക്കപ്പെട്ടതോടെ അവര്‍ 2015 മെയ് 23ന് മുഖ്യമന്ത്രിയായി തിരിച്ചെത്തി.
സമീപിക്കാന്‍ പറ്റാത്തവള്‍, ഏകാധിപതി തുടങ്ങിയ വിമര്‍ശങ്ങളുമായാണ് ഡി എം കെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലുടനീളം ജയലളിതയെ ആക്രമിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ഇരകളെ സന്ദര്‍ശിക്കാനോ ആശ്വസിപ്പിക്കാനോ പോലും ജയലളിത തയ്യാറായില്ലെന്നും അവര്‍ വിമര്‍ശമുന്നയിച്ചിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് പുരട്ചി തലൈവി സ്വന്തമാക്കിയത് ദ്രാവിഡ വിജയമാണ്.
വെന്നിറ ആടൈ (വെളുത്ത വസ്ത്രം) എന്ന സിനിമയിലൂടെ 1956ല്‍ ചലചിത്രരംഗത്തെത്തിയ ജയലളിത എം ജി ആറിനൊപ്പം മാത്രം 30 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1982ല്‍ ജയലളിതയെ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം കൈപിടിച്ചുയര്‍ത്തുകയും ചെയ്തു. 1983ല്‍ എ ഐ എ ഡി എം കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായി ജയലളിതയെ നിയമിച്ചു. 1987ല്‍ എം ജി ആറിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പ്രബല വിഭാഗത്തിന്റെ നായകത്വം ജയലളിത കൈപ്പിടിയിലാക്കി. മറു വിഭാഗം എം ജി ആറിന്റെ ഭാര്യ വി എന്‍ ജാനകി നയിച്ചു.
പിന്നാലെ 1989ല്‍ വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി ജയലളിത തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എ ഐ എ ഡി എം കെയുടെ അംഗബലം 27 മാത്രമായിരുന്നു. ജാനകി പക്ഷം വെറും രണ്ട് സീറ്റിലും ഒതുങ്ങിയെങ്കിലും വൈകാതെ ഇരു വിഭാഗവും പരസ്പരം ലയിക്കുകയും ചെയ്തു. ഐക്യ എ ഐ എ ഡി എം കെയുടെ ജനറല്‍ സെക്രട്ടറിയായി ജയലളിത തന്നെ തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം നിയമസഭയില്‍ എ ഐ എ ഡി എം കെ, ഡി എം കെ അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജയലളിതയുടെ സാരി വലിക്കുകയും കരുണാനിധിയുടെ കണ്ണട ഉടയുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവായിരുന്ന ജയലളിതയുടെ ചരിത്രപരമായ പ്രഖ്യാപനം ഉണ്ടാകുന്നത്- മുഖ്യമന്ത്രിയാകാതെ ഇനി നിയമസഭയിലേക്കില്ല. ഒന്നല്ല അഞ്ച് തവണ ജയലളിത മുഖ്യമന്ത്രിക്കസേരയിലിരുന്നു. ആറാം വട്ടം കൂടി ആ കസേരക്ക് സമീപം ജയലളിത എത്തിയിരിക്കുന്നു. ഇനിയുള്ളത് സത്യപ്രതിജ്ഞാ ദിനത്തിലേക്കുള്ള കാത്തിരിപ്പ് മാത്രം.
പ്രതിപക്ഷത്തിന്റെ ശൈഥില്യമാണ് ജയലളിതയുടെ പാത സുഗമമമാക്കിയത്. ഡി എം കെ -കോണ്‍ഗ്രസ് സഖ്യം നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും ജയലളിതയെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ല. സി പി എം ഉള്‍പ്പെട്ട ജനക്ഷേമ മുന്നണി തോറ്റമ്പി. എ ഐ ഡി എം കെയെ കൈവിട്ട് ജനക്ഷേമ മുന്നണിയില്‍ ചേക്കേറിയ ഡി എം ഡി കെയും തോറ്റമ്പി. നായകന്‍ വിജയാകാന്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി ജെ പി സഖ്യവും ക്ലിക്കായില്ല. പ്രതിപക്ഷം ഐക്യനിര പടുത്തുയര്‍ത്തിയിരുന്നുവെങ്കില്‍ വിധി മറ്റൊന്നായേനെ.

---- facebook comment plugin here -----

Latest