തൃശൂരിന്റെ വലതുകോട്ടയില്‍ ഇടത് തേരോട്ടം

Posted on: May 20, 2016 9:49 am | Last updated: May 20, 2016 at 9:49 am

ldf2തൃശൂര്‍:യു ഡി എഫിന്റെ സകല കോട്ടകൊത്തളങ്ങളും തകര്‍ത്ത് പൂരത്തിന്റെ നാട്ടില്‍ എല്‍ ഡി എഫ് നേടിയത് സമ്പൂര്‍ണ ആധിപത്യം. ആഞ്ഞടിച്ച ചുവപ്പന്‍ തിരമാലകളില്‍ പിടിച്ചുനില്‍ക്കാനാകാതെ വലതിന്റെ കൊമ്പന്മാരടക്കം മൂക്കുംകുത്തി വീണു. സംസ്ഥാനത്തെ ഭരണ വിരുദ്ധ തരംഗത്തിലേക്ക് വന്‍ സംഭാവന നല്‍കി 13ല്‍ 12 ലും ആധികാരിക വിജയമാണ് ഇടത് പക്ഷം സ്വന്തമാക്കിയത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും കാറ്റിന്റെ ഗതി ഇടത്തോട്ടായത് കണക്കിലെടുത്ത് ഇത്തവണ എല്‍ ഡി എഫ് എട്ട് മുതല്‍ പത്ത് വരെ സീറ്റുകള്‍ നേടുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അഞ്ച് സീറ്റെങ്കിലും വലത് പക്ഷവും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളെയും കാറ്റില്‍പ്പറത്തി ജനം ഇടതിനെ വരിച്ചു.

യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളായ തൃശൂര്‍, ഇരിങ്ങാലക്കുട, ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തു. തൃശൂരിലും ഇരിങ്ങാലക്കുടയിലും കൊടുങ്ങല്ലൂരിലും മികച്ച ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. കുന്നംകുളത്ത് തുടക്കത്തിലും വടക്കാഞ്ചേരിയില്‍ അവസാനം വരെയും മാത്രമാണ് യു ഡി എഫിന് ഒന്ന് പോരാടി നോക്കാനെങ്കിലും കഴിഞ്ഞത്. വഞ്ചി അക്കരയോ ഇക്കരയോ എന്നവണ്ണം ചാഞ്ചാടി കളിച്ച വടക്കാഞ്ചേരി ഒടുവില്‍ 43 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ അനില്‍ അക്കരയെ വിജയിപ്പിച്ചു. 960 വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ട കൈപ്പറമ്പ് പഞ്ചായത്തിലെ പുത്തേക്കര ബൂത്തില്‍ നിന്നുള്ള വോട്ടിംഗ് മെഷീന്‍ കേടുവന്നത് ഫലം ഏറെ സമയം അനിശ്ചിതത്വത്തിലാക്കി. പിന്നീട് കേടായ മെഷീന്റെ കണ്‍ട്രോള്‍ യൂനിറ്റ് തുറന്ന് വോട്ടെണ്ണുകയായിരുന്നു. മൂന്ന് വോട്ടിന് അനില്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് എണ്ണാന്‍ ബാക്കിയുണ്ടായിരുന്ന വോട്ടിംഗ് മെഷീന്‍ കേടായത്. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് വടക്കാഞ്ചേരി.
25 വര്‍ഷക്കാലം യു ഡി എഫ് കുത്തകയാക്കിവെച്ച തൃശൂര്‍ മണ്ഡലത്തിലെ കാറ്റ് പോലും ഇത്തവണ തിരിച്ചുവീശി. 6987 വീട്ടിന്റെ ഭൂരിപക്ഷത്തില്‍ സി പി ഐയുടെ വി എസ് സുനില്‍ കുമാര്‍ മണ്ഡലം ഇടതിന്റെ ശേഖരത്തിലാക്കിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിന് ഏറ്റുവാങ്ങേണ്ടിവന്നത് ഇരട്ട പ്രഹരം. പരാജയ ഭാരത്തിനു പുറമെ തേറമ്പില്‍ രാമകൃഷ്ണനിലൂടെ കോണ്‍ഗ്രസ് നേടിയ അഞ്ച് തുടര്‍ വിജയങ്ങള്‍ നിലനിര്‍ത്താനായില്ലെന്നതും അവര്‍ക്ക് കനത്ത തിരിച്ചടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ലീഡര്‍ കെ കരുണാകരനെയും മകന്‍ കെ മുരളീധരനെയും പരാജയത്തിന്റെ കയ്പറിയിച്ച തൃശൂര്‍ ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മകള്‍ പത്മജക്കും വിജയം നിഷേധിച്ചു.
ഇരിങ്ങാലക്കുടയില്‍ നിന്ന് ജനവിധി തേടിയ സര്‍ക്കാര്‍ ചീഫ് വിപ്പ് കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ഉണ്ണിയാടനാണ് കടപുഴകിയ മറ്റൊരു പ്രമുഖന്‍. 12404 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ വിജയമേകിയ മണ്ഡലം ഇത്തവണ 2711 വോട്ടിനാണ് അദ്ദേഹത്തെ കൈവിട്ടത്. എല്‍ ഡി എഫിന് വേണ്ടി കന്നിയങ്കത്തിനിറങ്ങിയ പ്രൊഫ. കെ യു അരുണന്‍ മാസ്റ്ററാണ് മൂന്ന് തവണ ഇവിടെ നിന്ന് എം എല്‍ എയായ ഉണ്ണിയാടനെ മലര്‍ത്തിയടിച്ചത്. നേരത്തെ 6672 വോട്ടുകള്‍ മാത്രമുണ്ടായിരുന്ന ബി ജെ പി, ബി ഡി ജെ എസ് കൂട്ടുകെട്ടിന്റെ സഹായത്തോടെ 30420 വോട്ടുകള്‍ അനുകൂലമാക്കി നില വലിയ തോതില്‍ മെച്ചപ്പെടുത്തുകയും ചെയ്തു.
വെറും 481 വോട്ടിന് സി പി എമ്മിലെ ബാബു എം പാലിശ്ശേരി എം എല്‍ എയായ കുന്നംകുളം ഇക്കുറി തന്നോടൊപ്പം നില്‍ക്കുമെന്ന സി എം പിയിലെ സി പി ജോണിന്റെ പ്രതീക്ഷയും തകിടം മറിഞ്ഞു. സി എം പിയുടെ സംസ്ഥാന സെക്രട്ടറിയായ ജോണിനെ തോല്‍പ്പിച്ച് സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന എ സി മൊയ്തീന്‍ ഇടതിന് സമ്മാനിച്ചത് മണ്ഡലത്തിലെ ഹാട്രിക് വിജയമാണ്.
വി എം സുധീരന്‍ മത്സരിച്ചേക്കുമെന്ന് ശ്രുതിയുണ്ടായിരുന്ന മണലൂരില്‍ സി പി എമ്മിലെ മുരളി പെരുനെല്ലി എതിര്‍ സ്ഥാനാര്‍ഥി ഒ അബ്ദുറഹ്മാന്‍ കുട്ടിയെ 19325ന് മുട്ടുകുത്തിച്ചു. നേരത്തെ കോണ്‍ഗ്രസിലെ പി എ മാധവന്‍ 481 വോട്ടിന് വിജയിച്ച മണ്ഡലമാണിത്. പുതുക്കാട് സി പി എമ്മിലെ സി രവീന്ദ്രനാഥ് പഴയ ഭൂരിപക്ഷത്തില്‍ (26482) 11996 വോട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. തോല്‍പ്പിച്ചത് കോണ്‍ഗ്രസിലെ സുന്ദരന്‍ കുന്നത്തുള്ളിയെ. ടി എന്‍ പ്രതാപന്‍ 9000ത്തില്‍ പരം വോട്ടിന് എം എല്‍ എയായ കൊടുങ്ങല്ലൂര്‍ ഇപ്രാവശ്യം മികച്ച ഭൂരിപക്ഷത്തിന് സി പി ഐയിലെ വി ആര്‍ സുനില്‍ കുമാറിനെ നിയമസഭയിലേക്കയച്ചു. കെ പി ധനപാലനാണ് തിരിച്ചടി ലഭിച്ചത്. പി എം സാദിഖലിയെ ഇറക്കി യു ഡി എഫ് തിരിച്ചുപിടിക്കാന്‍ ശ്രമിച്ച ഗുരുവായൂര്‍ പക്ഷേ, 15098ന് സി പി എമ്മിലെ കെ വി അബ്ദുല്‍ ഖാദറിനെയാണ് തുണച്ചത്. ചേലക്കരയില്‍ യു ആര്‍ പ്രദീപ്, ഒല്ലൂരില്‍ അഡ്വ. കെ രാജന്‍, നാട്ടികയില്‍ ഗീത ഗോപി, കൈപ്പമംഗലത്ത് ഇ ടി ടൈസണ്‍, ചാലക്കുടിയില്‍ ബി ഡി ദേവസ്സി എന്നീ എല്‍ ഡി എഫ് സാരഥികളും ജയിച്ചു.