രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായേക്കും

Posted on: May 19, 2016 3:19 pm | Last updated: May 19, 2016 at 3:19 pm

chennithalaതിരുവനന്തപുരം: പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി സൂചന. കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനമെന്നാണ് സൂചന. അതേസമയം ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകുന്നതിനോട് ഹൈക്കമാന്‍ഡിന് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയാണെങ്കില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായേക്കും. രമേശ് പ്രതിപക്ഷ നേതാവാകുന്നതാണ് ഹൈക്കമാന്‍ഡിന് താല്‍പര്യമെന്നാണ് സൂചന.

ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഉമ്മന്‍ചാണ്ടിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതാണ് ഹൈക്കമാന്‍ഡിന് അദ്ദേഹത്തോട് അതൃപ്തിയുണ്ടാകാന്‍ കാരണം. അഴിമതി ആരോപിതരായ ചില മന്ത്രിമാരെ മാറ്റി നിര്‍ത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ ഉറപ്പില്‍ ഹൈക്കമാന്‍ഡിന് വഴങ്ങേണ്ടി വരികയായിരുന്നു.

തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയോട് ഹൈക്കമാന്‍ഡി അതൃപ്തിയുണ്ട്. സുധീരന്റെ നിര്‍ദേശം അനുസരിച്ചിരുന്നുവെങ്കില്‍ മെച്ചപ്പെട്ട ഫലമുണ്ടാക്കാന്‍ കഴിയുമായിരുന്നു എന്ന് കരുതുന്നവരാണ് മിക്ക പാര്‍ട്ടി പ്രവര്‍ത്തകരും. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ചെന്നിത്തലക്ക് വഴിതെളിയുന്നത്.