Connect with us

Gulf

വോഡാഫോണിന് നഷ്ടം തുടരുന്നു; ചെയര്‍മാന്‍ രാജിവെച്ചു

Published

|

Last Updated

ദോഹ: വോഡാഫോണ്‍ ഖത്വര്‍ തുടര്‍ച്ചയായി ആറാം തവണയും പാദവാര്‍ഷിക നഷ്ടം രേഖപ്പെടുത്തി. പത്ത് ശതമാനം തൊഴിലുകള്‍ വെട്ടിക്കുറക്കും. ചെയര്‍മാന്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ താനി അല്‍ താനി മറ്റ് ചില കാരണങ്ങളാല്‍ രാജിവെച്ചു. ടെലികോം മേഖലയിലെ മത്സരവും അന്താരാഷ്ട്ര കാളുകള്‍ കുറഞ്ഞതുമാണ് നഷ്ടത്തിന് കാരണമായി വോഡാഫോണ്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മാര്‍ച്ച് 31 വരെ നഷ്ടം മൂന്നിരട്ടിയായിട്ടുണ്ട്. 66 മില്യന്‍ റിയാലില്‍ നിന്ന് 180 മില്യന്‍ ആയാണ് നഷ്ടം വര്‍ധിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 465.7 മില്യന്‍ റിയാല്‍ ആയിരുന്നു. അതിന് മുമ്പത്തെ നഷ്ടം 215.8 മില്യന്‍ റായിലും. മാര്‍ച്ച് അവസാനം വരെയുള്ള 12 മാസത്തെ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം (എ ആര്‍ പി യു) പതിമൂന്ന് ശതമാനം കുറഞ്ഞ് 107 റിയാല്‍ ആയി. വ്യവസായത്തില്‍ വരുത്തിയ ഘടനാപരമായ മാറ്റങ്ങള്‍ ബാധിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം വളരെ വിഷമം പിടിച്ചതായിരുന്നെന്ന് ആക്ടിംഗ് ചെയര്‍മാന്‍ റാശിദ് അല്‍ നൈമി പറഞ്ഞു. ഡാറ്റ ഉപയോഗം വര്‍ധിച്ചതും അന്താരാഷ്ട്ര വോയ്‌സ് ട്രാഫിക്കിനുള്ള ചെലവ് കൂടിയതും നിരക്ക് മത്സരുവുമെല്ലാം നഷ്ടത്തിന് പ്രധാന കാരണങ്ങളാണ്. പത്ത് ശതമാനം തൊഴില്‍ വെട്ടിച്ചുരുക്കുന്നത് എന്ന് മുതലാണ് പ്രാബല്യത്തില്‍ വരികയെന്നത് പ്രഖ്യാപിച്ചിട്ടില്ല.
പ്രവാസി സമൂഹം തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ അന്താരാഷ്ട്ര കോളുകളാണ് ഗള്‍ഫിലെ ടെലികോം കമ്പനികളുടെ പ്രധാന വരുമാന സ്രോതസ്സ്. എന്നാല്‍ സ്‌കൈപ്പ്, വാട്ട്‌സ്ആപ്പ്, ഐ എം ഒ, മെസ്സഞ്ചര്‍ തുടങ്ങിയ ആപ്പുകളിലൂടെ ഓഡിയോ- വീഡിയോ കോളുകള്‍ വിളിക്കാനുള്ള സൗകര്യം ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഖത്വറില്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിച്ചുള്ള കോളിംഗിന് നിരോധവുമില്ല. വോഡാഫോണ്‍ ഖത്വറില്‍ 23 ശതമാനം വോഡാഫോണും 22 ശതമാനം ഖത്വര്‍ ഫൗണ്ടേഷനുമാണ് ഉടമസ്ഥതയുള്ളത്.

Latest