തൊഴിലവസരങ്ങളുടെ വളര്‍ച്ചയില്‍ മിഡില്‍ ഈസ്റ്റ് പിറകോട്ടെന്ന് റിപ്പോര്‍ട്ട്

Posted on: May 18, 2016 3:20 pm | Last updated: May 18, 2016 at 3:20 pm

മസ്‌കത്ത്: ജി സി സി ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങളുടെ വളര്‍ച്ചയില്‍ ആദ്യമായി നഗറ്റീവ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലവസരങ്ങള്‍ അടിസ്ഥാനപ്പെടുത്തായാണ് മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയത്. തൊഴിലവസരങ്ങളുടെ വളര്‍ച്ചയില്‍ നാലു ശമതാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുന്നു.
കഴിഞ്ഞ മാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അവസരങ്ങളാണ് റിപ്പോര്‍ട്ടിനു പരിഗണിച്ചത്. ഗള്‍ഫ് നാടുകളില്‍ എണ്ണവിലയിടിവിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് തൊഴില്‍ അസരങ്ങളുടെ വളര്‍ച്ചയെയും ബാധിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒമാന്‍, ഖത്വര്‍, കുവൈത്ത്, ഈജിപ്ത്, സഊദി അറേബ്യ രാജ്യങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുകയാണ്. അ
തേസമയം, യു എ ഇയില്‍ ആരോഗ്യമുള്‍പ്പെടെയുള്ള മേഖലയില്‍ തൊഴിലവസരം വര്‍ധിക്കുന്നുണ്ട്. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ തൊഴിലവസരം ശക്തമാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇതാദ്യമായി മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഡസ്‌ക്‌സില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങള്‍ താഴേക്കു വന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. തൊട്ടു മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണിത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇ റിക്രൂട്ട്‌മെന്റ്പ്രവര്‍ത്തനത്തില്‍ 10 ശതമാനം കുറവാണെന്ന് മോണ്‍സറ്റര്‍ ഡോട്ട് കോം മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് മോദി പറഞ്ഞു.
നിക്ഷേപരംഗത്തെ വിദഗ്ധരുമായി ചേര്‍ന്നു നടത്തിയ സര്‍വേയില്‍ ജി സി സിയിലെ സാമ്പത്തിക രംഗത്ത് അസ്ഥിരത പ്രകടമാകുന്നുണ്ടെന്നും എണ്ണവിലയിടിവാണ് പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാഷ്ട്രീയ കാരണങ്ങളും സാമ്പത്തികാവസ്ഥയെ നിയന്ത്രിക്കുന്നുണ്ട്. അതേസമയം, ബേങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇന്‍സ്ട്രി ഇക്കഴിഞ്ഞ ഏപ്രില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.