Connect with us

International

സിറിയന്‍ സമാധാന ചര്‍ച്ച: ലോക നേതാക്കള്‍ വിയന്നയില്‍

Published

|

Last Updated

വിയന്ന: വര്‍ഷങ്ങളായി സിറിയയില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെ ലോക നേതാക്കള്‍ വിയന്നയില്‍ ചര്‍ച്ച നടത്തുന്നു. പടിഞ്ഞാറന്‍, മധ്യേഷ്യന്‍, കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെല്ലാം ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവരാണ് ചര്‍ച്ചക്ക് അധ്യക്ഷത വഹിക്കുന്നത്. സിറിയയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ ഇതിന്റെ ദുരിതം നേരിടുന്ന ലക്ഷക്കണക്കിന് സിറിയക്കാര്‍ക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കുക, രാജ്യത്തുടനീളം വെടിനിര്‍ത്തല്‍ കരാര്‍ നടപ്പില്‍ വരുത്തുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങളോടെയാണ് സമാധാന ചര്‍ച്ച പുരോഗമിക്കുന്നത്.

ഇതിനെ എല്ലാവരും പിന്തുണക്കുമ്പോള്‍, സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ് അധികാരമൊഴിയണമെന്നും പുതിയ രാഷ്ട്രീയ നയം തയ്യാറാക്കുക എന്നതും ചര്‍ച്ചയില്‍ ഏറെ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. അസദ് അധികാരത്തില്‍ നിന്നൊഴിയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അമേരിക്ക. എന്നാല്‍ സിറിയന്‍ ഭരണത്തില്‍ നിന്നൊഴിയില്ലെന്നാണ് അസദിന്റെ നിലപാട്. ഇതിന് പിന്തുണയുമായി റഷ്യയും ഇറാനും അസദിനോടൊപ്പമുണ്ട്. അതോടൊപ്പം തന്നെ വിമതര്‍ പിടിച്ചടക്കിയ സിറിയയിലെ പല പ്രദേശങ്ങളും മോചിപ്പിക്കാനും സിറിയന്‍ ഭരണകൂടം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. എന്തായാലും ഇരു വിഭാഗത്തിനുമിടയില്‍ സമാധാന പാത നിര്‍മിക്കുകയെന്നത് വലിയ പ്രയാസകരമായ കാര്യമായിരിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍. പ്രത്യേകിച്ചും സിറിയന്‍ വിമത പ്രതിനിധികള്‍ അസദിന്റെ ഭരണത്തെ കുറിച്ച് കൃത്യമായ കാലാവധി നിര്‍ണയിക്കാത്ത കാലത്തോളം ഒരു കരാറിലും ഒപ്പ് വെക്കില്ലെന്ന ഉറച്ച നിലപാട് പുലര്‍ത്തുന്നു.

കഴിഞ്ഞ മാസം ജനീവയില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സിറിയന്‍ സമാധാന ചര്‍ച്ച നടന്നിരുന്നെങ്കിലും പരാജയമായിരുന്നു. സിറിയന്‍ പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയതോടെ സമാധാന ചര്‍ച്ച ഏറെക്കുറെ പരാജയപ്പെടുകയായിരുന്നു. സിറിയന്‍ ഭരണകൂടം നടത്തുന്ന നിരന്തരമായ ആക്രമണങ്ങള്‍ക്കിടെ നടത്തുന്ന സമാധാന ചര്‍ച്ച ഫലമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇറങ്ങിപ്പോക്ക്.
കഴിഞ്ഞ ആഴ്ചയില്‍ മാത്രം അലപ്പൊയില്‍ വിവിധ ആക്രമണങ്ങളില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടു. ഇതിന് പുറമെ സിറിയയിലെ ഇദ്‌ലിബ്, ദേര്‍ അസ്സൂര്‍, ദമസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ എന്നിവിടങ്ങളില്‍ ശക്തമായ ആക്രമണം തുടരുകയുമാണ്.