Connect with us

National

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ നീക്കിയേക്കും

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മാറ്റാന്‍ ബി ജെ പി നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നരേന്ദ്ര മോദിയുടെ വിശ്വസ്തയെന്ന നിലയില്‍ മുഖ്യമന്ത്രിപദത്തിലെത്തിയ ആനന്ദിബെന്‍ പട്ടേലിനെ പിന്‍വലിക്കുന്നത്. പ്രധാനമന്ത്രി മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും ഇക്കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

ആനന്ദിബെന്‍ പട്ടേല്‍ മോദിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വരള്‍ച്ചാ സ്ഥിതി ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച നടത്തിയത്. പകരം ആളെ കണ്ടെത്തുന്നതിനും ആനന്ദിബെന്നിന് പുതിയ ദൗത്യം ഏല്‍പ്പിക്കുന്നതിനും തിരക്കിട്ട ചര്‍ച്ച നടക്കുകയാണ്. ആനന്ദിബെന്നിനെ ഗവര്‍ണറാക്കി അയക്കനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത് പട്ടേല്‍ സമുദായത്തില്‍ നിന്നുള്ള ശക്തനായ നേതാവും ആരോഗ്യ മന്ത്രിയുമായ നിതിന്‍ഭായി പട്ടേലിനാണ്. അദ്ദേഹം കഴിഞ്ഞ ആഴ്ച ന്യൂഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
രണ്ട് വര്‍ഷം മുമ്പ് മോദി പ്രധാനമന്ത്രിയായി ഡല്‍ഹിക്ക് പോയപ്പോള്‍ അദ്ദേഹം ആനന്ദിബെന്നിനെ മുഖ്യമന്ത്രി പദവി ഏല്‍പ്പിക്കുകയായിരുന്നു. അവരുടെ പ്രകടനം ആശാവഹമായില്ലെന്ന വിലയിരുത്തലാണ് ബി ജെ പി നേതൃത്വത്തിനുള്ളത്. സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തുന്ന പ്രക്ഷോഭം സര്‍ക്കാറിന് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ബി ജെ പിയുടെ പ്രധാന വോട്ട് ബേങ്കായ പട്ടേല്‍ വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്ന നിലയിലേക്ക് പ്രക്ഷോഭം വളര്‍ന്നത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടായാണ് വിലയിരുത്തപ്പെടുന്നത്.

Latest