മണ്ണാര്‍ക്കാട്ട് പോളിംഗ് 78 ശതമാനം; സമാധാനപരം

Posted on: May 17, 2016 1:08 am | Last updated: May 17, 2016 at 1:08 am

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് 78.19 ശതമാനം പോളിംഗ്. വോട്ടിംഗ് സമാധാനപരം. കോങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോലയില്‍ വോട്ടിംഗിന്റെ തലേദിവസം മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തയിരുന്നു. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ രാവിലെ മുതല്‍ ഭൂരിഭാഗം ബൂത്തുകളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.
അട്ടപ്പാടി ഉള്‍പ്പെടെയുള്ള മലയോര ആദിവാസി മേഖലകളിലും പോളിംഗ് ശക്തമാണ്. സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധനേടിയ മത്സരം നടന്ന മണ്ണാര്‍ക്കാട് പതിവില്‍ നിന്ന് വിപരീതമായി ന്യൂനപക്ഷ ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ തന്നെ ബൂത്തുകളിലെല്ലാം നീണ്ട ക്യൂ ആയിരുന്നു. ഉച്ചക്ക് ശേഷം മഴ ശക്തമാകുമെന്ന ആശങ്കയും രാവിലെ പോളിംഗ് ഉയരാന്‍ കാരണമായി. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 72.65 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ പോളിംഗ് ശതമാനം 78.19 ആയി ഉയര്‍ന്നെങ്കിലും പുതിയ പട്ടിക അനുസരിച്ചുള്ള വോട്ടര്‍മാരുടെ വര്‍ദ്ധനവിന് ആനുപാതികമായി പോളിംഗ് ശതമാനം ഉയര്‍ന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍. 2011ലെ പട്ടിക അനുസരിച്ചുള്ള പട്ടികയിലുള്ളതിനേക്കാള്‍ 15 ശതമാനം അധികമാണ് നിലവിലുള്ള പട്ടികയിലുള്ളത്. രാവിലെ മുതല്‍ മഴ ചെറിയ തോതില്‍ പെയ്തിരുന്നെങ്കിലും ഇത് പോളിംഗിനെ കാര്യമായി ബാധിച്ചില്ല. ഇലക്ഷന്റെ തലേ ദിവസം കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വെറ്റിലച്ചോല കോളനിയില്‍ മാവോയിസ്റ്റുകളെത്തിയതായും തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതായും കോളനിവാസികള്‍ പോലീസില്‍ അറിയിച്ചു. ഇതോടെ പ്രദേശത്തും സമീപത്തെ പോളിംഗ് ബൂത്തുകളിലും കേന്ദ്ര സേനയുള്‍പ്പെടെയുള്ളവരുടെ കാവല്‍ ശക്തിപ്പെടുത്തിയാണ് പോളിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.