Connect with us

Kerala

ചരിത്രം തിരുത്തി ഗവര്‍ണര്‍ വോട്ടു ചെയ്തു

Published

|

Last Updated

പ്രഥമ വോട്ട്
ഗവര്‍ണര്‍ പി സദാശിവവും പത്‌നി സരസ്വതിയും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജവഹര്‍നഗര്‍ ഗവ. എല്‍ പി സ്‌കൂളില്‍ നിന്ന് വോട്ട് ചെയ്ത് പുറത്ത് വരുന്നു

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഗവര്‍ണര്‍ കേരളത്തില്‍ വോട്ടുരേഖപ്പെടുത്തി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് കേരളത്തില്‍ വോട്ടുചെയ്ത് ചരിത്രത്തിലിടം നേടിയത്. പത്‌നി സരസ്വതി സദാശിവവുമായി ഒരുമിച്ചെത്തിയാണ് ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തിയത്. രാജ്ഭവന്‍ സ്ഥിതിചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 68ാം നമ്പര്‍ ബൂത്തായ ജവഹര്‍നഗര്‍ ഗവ. എല്‍പി എസ് ആന്‍ഡ് നഴ്‌സറി സ്‌കൂളിലാണ് ഗവര്‍ണറും പത്‌നിയും വോട്ടുചെയ്തത്. രാവിലെ 8.30 ഓടെ അദ്ദേഹം ബൂത്തിലെത്തി. ഗവര്‍ണര്‍ എത്തുമ്പോള്‍ ബൂത്തില്‍ നല്ല തിരക്കുണ്ടായിരുന്നു. ഗവര്‍ണര്‍ക്കുള്ള പ്രത്യേക അവകാശം ഉപയോഗിക്കാതെ ക്യൂ നിന്നാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ബൂത്തിലെ 1267ാം ക്രമനമ്പറായാണ് ഗവര്‍ണറുടെ പേരുള്ളത്. സംസ്ഥാനത്തിന്റെ പ്രഥമ പൗരനെന്ന നിലയില്‍ താന്‍ കടമ നിര്‍വഹിച്ച് മാതൃക കാണിച്ചുവെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. വോട്ടവകാശം ഉള്ള എല്ലാ പൗരന്മാരും വോട്ട് ചെയ്യണമെന്നും എങ്കില്‍ മാത്രമേ ജനാധിപത്യം ശക്തിപ്പെടൂവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഗവര്‍ണര്‍മാര്‍ സ്വന്തം സംസ്ഥാനങ്ങളിലാണ് വോട്ട് രേഖപ്പെടുത്താറുള്ളത്. ഗവര്‍ണര്‍ സദാശിവത്തിന്റെയും ഭാര്യയുടെയും വോട്ട് തമിഴ്‌നാട്ടിലായിരുന്നു. എന്നാല്‍, ഇവിടെ വോട്ട് ചെയ്യുന്നതിനായി രാജ്ഭവന്‍ വിലാസമാക്കി ഗവര്‍ണര്‍ ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുകയായിരുന്നു. യു ഡി എഫിന് വേണ്ടി കെ മുരളീധരനും എല്‍ ഡി എഫി നായി ഡോ. ടി എന്‍ സീമയും എന്‍ ഡി എക്കു വേണ്ടി കുമ്മനം രാജശേഖരനും മത്സരിക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വീറുറ്റ പോരാട്ടമാണ് നടക്കുന്നത്.

Latest