പ്രവചനം ഫലിച്ചാല്‍ അസാം ഭരണം എ യു ഡി എഫ് തീരുമാനിക്കും

Posted on: May 17, 2016 5:01 am | Last updated: May 17, 2016 at 1:02 am

അസാം: എക്‌സിറ്റ് പോള്‍ ഫലം യാഥാര്‍ഥ്യമാകുകയാണെങ്കില്‍ അസാമില്‍ എ യു ഡി എഫ് നിര്‍ണായക ശക്തിയാകും. മുസ്‌ലിം മേഖലകളില്‍ മികച്ച മുന്നേറ്റം നടത്തിയ മൗലാനാ ബദ്‌റുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് തങ്ങളുടെ 18 സീറ്റും നിലനിര്‍ത്താനാകുമെന്നാണ് ടൈംസ് നൗവിന്റെയും സി വോട്ടറിന്റെയും പ്രവചനം. ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരെ ബി ജെ പി നേട്ടമുണ്ടാക്കുകയും എന്നാല്‍ കേവല ഭൂരിപക്ഷത്തില്‍ എത്താതിരിക്കുകയും ചെയ്താല്‍ മുല്ലയുടെ പാര്‍ട്ടി തീരുമാനിക്കും ആര് ഭരിക്കുമെന്ന്.
നാലാം തവണ അധികാരത്തിലേറാനായി കാത്തിരിക്കുന്ന തരുണ്‍ ഗൊഗോയ്ക്ക് മുമ്പില്‍ എ യു ഡി എഫ് കച്ചിത്തുരുമ്പാകുമെന്നാണ് സൂചന. ബി ജെ പിയുടെ തരംഗം ഏല്‍ക്കാന്‍ സാധ്യതയില്ലാത്ത എ യു ഡി എഫ് ബി ജെ പിക്കെതിരെ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍, തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാമെന്ന് അറിയിച്ച എ യു ഡി എഫിന്റെ ആവശ്യം കോണ്‍ഗ്രസ് പരിഗണിച്ചിരുന്നില്ല. എന്നാല്‍, ബി ജെ പിക്ക് ഭരണം നല്‍കാതിരിക്കാന്‍ കോണ്‍ഗ്രസുമായി എ യു ഡി എഫ് സഹകരിക്കുമെന്ന് തന്നെയാണ് ഇരു മുന്നണികളില്‍ നിന്നും ലഭിക്കുന്ന സൂചന.
കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ സഖ്യത്തിലേര്‍പ്പെടേണ്ട സാഹചര്യമുണ്ടാകുകയാണെങ്കില്‍ എ യു ഡി എഫിന് പ്രധാന മന്ത്രിസ്ഥാനങ്ങള്‍ വരെ ലഭിച്ചേക്കും. അസാമിന്റെ ചരിത്രത്തിലാദ്യമായി എ യു ഡി എഫ് മന്ത്രിമാര്‍ കാബിനറ്റിലേക്കെത്തുമെന്നും കരുതപ്പെടുന്നു. മുസ്‌ലിം വിഭാഗങ്ങള്‍ കാലങ്ങളായി നേരിടുന്ന ഭരണപക്ഷ അവഗണനയെ നേരിടാനാണ് ബദ്‌റുദ്ദീന്‍ അജ്മല്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തുവന്നത്. 2004ല്‍ രൂപവത്കരിച്ച പാര്‍ട്ടി അതിവേഗം വളരുകയും 2006ലെ നിയമസഭയില്‍ ഒമ്പത് സീറ്റുമായി വരവറിയിച്ചു.
2009ല്‍ ഒരു സീറ്റുമായി ലോക്‌സഭയില്‍ അക്കൗണ്ട് തുറന്നു. ഇതോടെ പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് വന്ന 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുമായി സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി മാറി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വളരെ നിര്‍ണായകമായ പാര്‍ട്ടി ജനതാദള്‍ അടക്കമുള്ള ചെറുകിട പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് ഇക്കുറി മത്സരിച്ചത്. ബദ്‌റുദ്ദീനെ അവഗണിച്ച തരുണ്‍ ഗൊഗൊയ്‌യുടെ തീരുമാനം വിഡ്ഢിത്തമായിപ്പോയെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് നേടി ബി ജെ പി ആധിപത്യം പുലര്‍ത്തിയപ്പോള്‍ മൂന്ന് സീറ്റുകളുമായി കോണ്‍ഗ്രസും എ യു ഡി എഫും ഒപ്പത്തിനൊപ്പമായിരുന്നു.