പണമൊഴുക്ക്: അറവകുറിച്ചിയില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

Posted on: May 16, 2016 4:49 am | Last updated: May 15, 2016 at 10:51 pm

thamizaravamചെന്നൈ: വ്യാപകമായ തോതില്‍ വോട്ടര്‍മാരെ പണവും മറ്റ് ഉപഹാരങ്ങളും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ കാരൂര്‍ ജില്ലയിലെ അറവകുറിച്ചി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. മണ്ഡലത്തില്‍ കള്ളപ്പണവും കൈക്കൂലിയും ഒഴുകിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഈ മാസം 23ന് തിരഞ്ഞെടുപ്പും 25ന് ഫല പ്രഖ്യാപനവും നടത്തുമെന്നും മറ്റ് 233 മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇന്നും ഫലം 19നും പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
വോട്ടര്‍മാരെ സ്വാധീനിക്കാനായി പണം കൊടുത്ത് വോട്ടുകച്ചവടം പരസ്യമായി തന്നെ മണ്ഡലത്തില്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡി എം കെ, എ ഐ എ ഡി എം കെ പാര്‍ട്ടികള്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതിയും കമ്മീഷന് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണവും മറ്റ് ഉപഹാരങ്ങളും വ്യാപകമായി ഒഴുകുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. അറവകുറിച്ചി മണ്ഡലത്തില്‍ മാത്രം 6.75 കോടി രൂപ പിടികൂടിയിട്ടുണ്ടെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ജയലളിതക്കും ഡി എം കെ പ്രസിഡന്റ് എം കരുണാനിധിക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വീടുകളില്‍ നിന്നും മറ്റും വ്യാപകമായ തോതിലാണ് കള്ളപ്പണവും വോട്ടര്‍ക്ക് കൊടുക്കാനുള്ള ഉപഹാരങ്ങളും പിടികൂടിയത്. ഡി എം കെ സ്ഥാര്‍ഥി കെ പി പളനിസാമിയുടെയും അദ്ദേഹത്തിന്റെ മകന്‍ കെ സി പി ശിവരാമന്റേയും വീട്ടില്‍ നിന്ന് 1.98 കോടി രൂപ പിടികൂടിയിട്ടുണ്ട്.