Connect with us

Kerala

മന്ത്രി മണ്ഡലങ്ങള്‍ പോലും സുരക്ഷിതമാകില്ല

Published

|

Last Updated

തിരുവനന്തപുരം :മന്ത്രിമാര്‍ മത്സരിക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലും പൊരിഞ്ഞ പോരാട്ടം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയും എ പി അനില്‍കുമാര്‍ ജനവധി തേടുന്ന വണ്ടൂരും മാറ്റി നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളിലെല്ലാം നല്ല മത്സരം നടക്കുന്നുവെന്നാണ് പ്രചാരണരംഗം പ്രതിഫലിപ്പിച്ചത്. മന്ത്രി വി എസ് ശിവകുമാര്‍ മത്സരിക്കുന്ന തിരുവനന്തപുരം സെന്‍ട്രലിലും കെ ബാബുവിന്റെ തൃപ്പൂണിത്തുറയിലും കെ സി ജോസഫിന്റെ ഇരിക്കൂറിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കാട്ടക്കടയിലെ സിറ്റിംഗ് സീറ്റില്‍ സ്പീക്കര്‍ എന്‍ ശക്തനും നെടുമങ്ങാട് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും കടുത്ത വെല്ലുവിളി നേരിടുന്നു.
തിരുവനന്തപുരത്ത് ജനാധിപത്യ കേരളാകോണ്‍ഗ്രസിലെ ആന്റണ ിരാജുവാണ് ശിവകുമാറിന്റെ മുഖ്യഎതിരാളി. ബി ജെ പി സ്ഥാനാര്‍ഥിയായി ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിക്കുന്നു. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് മേധാവിത്വം ലഭിച്ച മണ്ഡലത്തില്‍ ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കിയതോടെ ബി ജെ പി പ്രചാരണ രംഗത്ത് വേണ്ടത്ര സജീവമായിരുന്നില്ല. സി പി എമ്മിലെ ഐ ബി സതീഷാണ് സ്പീക്കര്‍ എന്‍ ശക്തന്റെ എതിരാളി. പി കെ കൃഷ്ണദാസിനെയാണ് ബി ജെ പി മത്സരിക്കാനിറക്കിയിരിക്കുന്നത്. മുന്‍മന്ത്രി സി ദിവകാരനെയാണ് പാലോട് രവി നെടുമങ്ങാട് സീറ്റില്‍ നേരിടുന്നത്.
തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ നേരിടുന്നത് ഡി വൈ എഫ് ഐ സംസ്ഥാനസെക്രട്ടറി എം സ്വരാജാണ്. ബി ജെ പിയും സജീവമായി തന്നെ മണ്ഡലത്തില്‍ കളത്തിലുണ്ട്. വിമത സ്ഥാനാര്‍ഥി ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഇരിക്കൂറില്‍ കെ സി ജോസഫ് നേരിടുന്നത്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് സ്ഥാനാര്‍ഥിത്വം നേടിയ അടൂര്‍പ്രകാശ് കോന്നിയില്‍ നല്ല മത്സരം നേരിടുന്നു. ഹരിപ്പാട് സീറ്റില്‍ മത്സരിക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഏറ്റുമുട്ടുന്നത് മണ്ഡലത്തില്‍ സുപചരിതനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രസാദ് ആണ്. പ്രസാദിന്റെ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. റെജിസഖറിയയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഏറ്റുമുട്ടുന്ന കോട്ടയത്തും ഭേദപ്പെട്ട മത്സരം നടക്കുന്നു. പി കെ ജയലക്ഷ്മി മത്സരിക്കുന്ന മാനന്തവാടിയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.
മുസ്‌ലിം ലീഗ് മന്ത്രിമാരില്‍ പി കെ അബ്ദുര്‍റബ്ബ്, എം കെ മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ കടുത്ത മത്സരമാണ് നേരിടുന്നത്. തിരൂരങ്ങാടിയിലെ ഇടത് സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്താണ് അബ്ദുര്‍റബ്ബിന്റെ എതിരാളി. അബ്ദുര്‍റബ്ബും നിയാസും പ്രചാരണരംഗത്ത് ഒപ്പത്തിനൊപ്പമായിരുന്നു. പെരിന്തല്‍മണ്ണയില്‍ വി ശശികുമാറിനെ നേരിടുന്ന മഞ്ഞളാംകുഴി അലി കടുത്ത വെല്ലുവിളി നേരിടുന്നു. പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന വേങ്ങരയിലും ഈസിവാക്കോവര്‍ എന്ന സ്ഥിതി മാറിയിട്ടുണ്ട്. ഡോ. എം കെ മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്തില്‍ കടുത്ത പോരാട്ടമാണ്. ഐ എന്‍ എല്ലിന്റൈ എ പി അബ്ദുല്‍വഹാബ് ഒരു മുഴം മുന്നിലാണെന്നതാണ് സ്ഥിതി. വി കെ ഇബ്രാഹിംകുഞ്ഞ് ജനവിധി തേടുന്ന കളമശ്ശേരിയിലും ഭേദപ്പെട്ട മത്സരമുണ്ട്.
കേരളാകോണ്‍ഗ്രസ് മന്ത്രിമാരില്‍ കെ എം മാണി പാലയില്‍ കടുത്ത വെല്ലുവിളി നേരിടുന്നു. എന്‍ സി പിയിലെ മാണി സി കാപ്പന്‍ മാണിയെ വീഴ്ത്തുമെന്ന പ്രചാരണം ശക്തമാണ്. തൊടുപുഴയില്‍ മത്സരിക്കുന്ന പി ജെ ജോസഫിന് കാര്യമായ ഭീഷണിയില്ല. ചവറയില്‍ ഷിബു ബേബി ജോണിന് തന്നെയാണ് മുന്‍തൂക്കം. അതേസമയം, കൂത്തുപറമ്പില്‍ മന്ത്രി കെ പി മോഹനന്‍ കടുത്ത വെല്ലുവിളി നേരിടുന്നു. കെ കെ ശൈലജയെ കളത്തിലിറക്കിയ സി പി എം ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കാന്‍ ശക്തമായ പോരാട്ടത്തിലാണ്. പിറവത്ത് രണ്ടാം അങ്കത്തിന് ഇറങ്ങിയ അനൂപ്‌ജേക്കബിനും വിജയം അനായസമാകില്ലെന്ന സ്ഥിതി വന്നിട്ടുണ്ട്.

Latest