അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് 60 സ്മാര്‍ട്ട് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നു

Posted on: May 15, 2016 7:18 pm | Last updated: May 15, 2016 at 7:18 pm

parksദോഹ: രാജ്യത്തുടനീളം പുതിയ 60 സ്മാര്‍ട്ട് പൊതുപാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ പദ്ധതി. സ്മാര്‍ട്ട് സാങ്കേതികവിദ്യകളും നൂതനാശയങ്ങളും പ്രകൃതിസൗഹൃദവും സുസ്ഥിരവുമായ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതുമായ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് ഇവ സ്ഥാപിക്കുക. നിലവില്‍ 86 പാര്‍ക്കുകളാണ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
നിലവിലുള്ളതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും പുതിയ പാര്‍ക്കുകള്‍. കഠിന കാലാവസ്ഥയെ അതിജീവിക്കാന്‍ സാധിക്കുന്ന സസ്യങ്ങളും മരങ്ങളും ചെടികളും ഉള്‍ക്കൊള്ളുന്നതായിരിക്കും ഇവ. ഹരിതവും പുനരുത്പാദിപ്പിക്കാവുന്നതുമായ ഉത്പന്നങ്ങളും നൂതനാശയങ്ങളും പാര്‍ക്കുകളില്‍ അവതരിപ്പിക്കും. വൈദ്യുതി കുറവുള്ള എല്‍ ഇ ഡി ലൈറ്റ് സംവിധാനം, സോളാര്‍ സാങ്കേതികവിദ്യകള്‍, പ്രാദേശിക കാലാവസ്ഥയോട് ഇണങ്ങളുന്ന പുതിയ ഇനം ചെടികളും മരങ്ങളും അവതരിപ്പിക്കും. ഇവയുടെ സ്രോതസ്സുകളും മന്ത്രാലയത്തിന് ആവശ്യമുണ്ട്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായാണ് പാര്‍ക്കുകള്‍ നിര്‍മിക്കുക. ഭൂമിലഭ്യത, പ്രതീക്ഷിക്കുന്ന സന്ദര്‍ശകരുടെ എണ്ണം, പ്രദേശവാസികളുടെ ആവശ്യം തുടങ്ങിയവ പരിഗണിച്ച് പുതിയ പാര്‍ക്കുകളുടെ വിശാലത വ്യത്യസ്തമായിരിക്കും.
പ്രൊജക്ട് ഖത്വര്‍ പ്രദര്‍ശനത്തില്‍ മന്ത്രാലയം ഒരുക്കിയ പവലിയന്‍ പുതിയ പാര്‍ക്കുകളുടെ മാതൃക വിളിച്ചോതുന്നതായിരുന്നു. പ്രകൃത്യായുള്ള പച്ചപ്പുല്‍, പിയാനോയുടെ മാതൃകയിലുള്ള ജലധാര, ജീവനുള്ള അരയന്നങ്ങള്‍, ആകര്‍ഷണീയമായ പൂക്കള്‍, അലങ്കാര ചെടികള്‍ തുടങ്ങിയവ കൊണ്ട് അലങ്കരിച്ചതായിരുന്നു പവലിയന്‍. ബ്രസീലില്‍ റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ ഉപയോഗിച്ച മരപ്പാത്തി പുനരുത്പാദിപ്പിച്ച് ആണ് പവലിയനില്‍ ഫര്‍ണിച്ചറും പടികളും നിര്‍മിച്ചത്. എല്ലാ പാര്‍ക്കുകളിലും സൗജന്യ ഇന്റര്‍നെറ്റും മറ്റ് സൗകര്യങ്ങളും ഒരുക്കാനും പദ്ധതിയുണ്ടെന്ന് പബ്ലിക് പാര്‍ക്ക് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖൂരി പറഞ്ഞു.