ഗിന്നസിലേക്ക് തുറക്കുന്ന താക്കോല്‍; കതാറയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും

Posted on: May 15, 2016 7:12 pm | Last updated: May 15, 2016 at 7:12 pm

keyദോഹ: ലോകത്തെ ഏറ്റവും വലിയ താക്കോല്‍ ഖത്വറില്‍ നിര്‍മാണം പൂര്‍ത്തിയായി. ഇന്ന് കതാറയില്‍ പ്രദര്‍ശിപ്പിക്കുന്ന താക്കോല്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കും. അറബ് മേഖലയിലെ സംഘര്‍ഷത്തില്‍ അഭയാര്‍ഥികളാക്കപ്പെട്ട അറബികള്‍ തങ്ങളുടെ വീട്ടിലേക്കുള്ള മടക്കത്തിന്റെ പ്രതീകമാണ് താക്കോലെന്ന് സംഘാടകരായ അര്‍ദ് കാനാന്‍ റസ്‌റ്റോറന്റ് പ്രതിനിധി പറഞ്ഞു.
താക്കോല്‍ കൈയിലുണ്ടെങ്കില്‍ ഒരുനാള്‍ നമുക്ക് ജനിച്ച മണ്ണിലേക്കും വീട്ടിലേക്കും മടങ്ങിപ്പോകാമെന്ന സന്ദേശം തലമുറകളെ ഓര്‍മിപ്പിക്കുകയാണ് ഈ താക്കോലെന്ന് അദ്ദേഹം പറഞ്ഞു. 1948ല്‍ ഇസ്രായേല്‍ രൂപീകൃതമായ നക്ബ ദിനമാണ് ഇന്ന് എന്നതും പ്രത്യേകതയാണ്. ആ ദിനത്തില്‍ തങ്ങളുടെ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ ഒരു നാള്‍ തിരിച്ചു പോകാനാകുമെന്ന പ്രതീക്ഷയില്‍ തങ്ങളുടെ വീടിന്റെ താക്കോലുകള്‍ കാത്തു സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വലിയ സോക്കര്‍ ബോള്‍, ഏറ്റവും നീളം കൂടിയ എസ്‌യുവി വാഹന വ്യൂഹം, ഏറ്റവും വലിയ പതാക എന്നീ ഗിന്നസ് റെക്കോഡുകള്‍ ഇപ്പോല്‍ ഖത്വറിനു സ്വന്തമായുണ്ട്. ഈ പട്ടികയിലേക്കാണ് താക്കോലും പ്രവേശിക്കുന്നത്. 2006 സപ്തംബറില്‍ സൈപ്രസ് നേടിയ റെക്കോഡാണ് കതാറ ആംഫിതിയേറ്ററില്‍ ഇന്ന് മറികടക്കപ്പെടുന്നത്. 5.5 മീറ്റര്‍ ഉയരവും 2.6 മീറ്റര്‍ വീതിയുമുള്ളതായിരുന്നു ഇവഗൊറാസ് ജ്യോര്‍ജിയോ നിര്‍മിച്ച നിലവിലെ റെക്കോര്‍ഡ് താക്കോല്‍. പുതിയ താക്കോലിന്റെ വിശദാംശങ്ങള്‍ സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ആദ്യത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വര്‍ക്ക് ഷോപ്പിലാണ് ഇത് നിര്‍മിച്ചത്. താക്കോല്‍ പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ടിക്കറ്റെടുക്കണം. 100 മുതല്‍ 350 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വരുമാനത്തിന്റെ പകുതി ഖത്വര്‍ റെഡ് ക്രസന്റിന് നല്‍കും. രാത്രി ഏഴിന് ആരംഭിക്കുന്ന പരിപാടിക്ക് അഞ്ചു മുതല്‍ പ്രവേശനം ആരംഭിക്കും.
2013ല്‍ അറബ് ഐഡൊള്‍ മത്സരത്തില്‍ വിജയിയായ ഫലസ്തീന്‍ ഗായകന്‍ മുഹമ്മദ് അസഫിന്റെ സംഗീത മേളയും ഒരുക്കിയിട്ടുണ്ട്. നിലവില്‍ യു എന്‍ റിലീഫ് വര്‍ക്‌സ് ഏജന്‍സിയുടെ യൂത്ത് അംബാസഡറാണ് മുഹമ്മദ് അസഫ്. ഫലസതീന്‍ ദലൂന ബാന്‍ഡിന്റെ പരമ്പരാഗത നൃത്ത, സംഗീത മേളയും പരിപാടിയോട് അനുബന്ധിച്ച് നടക്കും. പരിപാടിക്ക് ശേഷം താക്കോല്‍ അര്‍ദ് കാനാന്‍ റസ്‌റ്റോറന്റിന്റെ കവാടത്തിന് സമീപമുള്ള കതാറയിലെ 26 ബി കെട്ടിടത്തില്‍ പ്രദര്‍ശനത്തിന് വെക്കും.