മരുന്നുവില കുറച്ചത് ആശ്വാസമായി; സ്വകാര്യ ഫാര്‍മസികളിലും ആവശ്യക്കാരേറി

Posted on: May 15, 2016 6:56 pm | Last updated: May 15, 2016 at 6:56 pm

MEDICINEദോഹ: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചെലവ് കൂടിയ ജീവന്‍രക്ഷാ മരുന്നുകളടക്കം നിരവധിയെണ്ണത്തിന്റെ വില കുറച്ചത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആശ്വാസമായി. സ്വകാര്യ ഫാര്‍മസികളിലേക്കും ഇപ്പോള്‍ നിരവധി പേര്‍ എത്തുന്നുണ്ട്.
ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ വില അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകീകരിക്കുകയെന്ന ജി സി സിയുടെ തീരുമാനപ്രകാരമാണ് ആരോഗ്യ മന്ത്രാലയം ഘട്ടംഘട്ടമായി വില കുറച്ചത്. ഏറ്റവും ഒടുവില്‍ നടത്തിയ മൂന്നാംഘട്ടത്തില്‍ 400 മരുന്നുകളുടെ വിലയാണ് കുറച്ചത്. ശരാശരി 26 ശതമാനത്തിന് മുകളിലാണ് അന്ന് വില കുറഞ്ഞത്. ചില മരുന്നുകളുടെ വില 80 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ഇതുവരെയായി 2873 മരുന്നുകളുടെ വിലയാണ് കുറഞ്ഞത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 4600 മരുന്നുകളില്‍ 62.5 ശതമാനം വരുമിത്. പ്രമേഹം പോലെയുള്ള രോഗമുള്ളവര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥിരമായി സ്വകാര്യ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്നതായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. വേദനസംഹാരികള്‍, പ്രമേഹം, ഗ്യാസ് തുടങ്ങിയവക്കുള്ള മരുന്നുകള്‍ മുതലായവക്ക് വലിയ ആവശ്യക്കാരുണ്ട്. ഇവയുടെ വില 50 ശതമാനം കുറഞ്ഞിട്ടുണ്ട്.
വേദനസംഹാരിയും തീപൊള്ളലിനുമുള്ള ബ്രുഫിന്റെ പെട്ടി (600 മില്ലിഗ്രാം)ക്ക് 32ല്‍ നിന്ന് 20 റിയാലായും 400 മില്ലിഗ്രാമിന് 20ല്‍ നിന്ന് 12 റിയാലായും കുറഞ്ഞു. ബ്രുഫിന്‍ സിറപ്പിന് 19ല്‍ നിന്ന് 11.35 റിയാലായി കുറഞ്ഞു. പ്രമേഹത്തിന് പരക്കെ ഉപയോഗിക്കുന്ന ജാനുമെറ്റ് (50 മില്ലിഗ്രാം/1000 മില്ലിഗ്രാം) പെട്ടിക്ക് 300 ആയിരുന്നത് ഇപ്പോള്‍ 189.25 റിയാലിന് ലഭിക്കും. പൈല്‍സിനുള്ള സപ്പോസിറ്ററി കാപ്‌സ്യൂള്‍ (400 മില്ലിഗ്രാം+40 മില്ലിഗ്രാം) പത്തെണ്ണമുള്ള പെട്ടിക്ക് 20ല്‍ നിന്ന് 15.75 റിയാല്‍ ആയി കുറഞ്ഞു. വന്ധ്യത മാറുന്നതിനുള്ള സ്‌നാഫി (20 മില്ലിഗ്രാം) പെട്ടിക്ക് 156 ആയിരുന്നത് 99.75 റിയാലിന് ലഭിക്കും. വയാഗ്ര പെട്ടിക്ക് 86 റിയാല്‍ മതി. നേരത്തെയിത് 156 റിയാല്‍ ആയിരുന്നു. ഗ്യാസിനുള്ള നെക്‌സ്യം (40 മില്ലിഗ്രാം) 117ല്‍ നിന്ന് 89.25 റിയാല്‍ ആയി കുറഞ്ഞു. സെന്‍ട്രം മള്‍ട്ടിവിറ്റാമിന്‍ അല്ലാത്ത വിറ്റാമിന്‍ ഗുളികകളുടെ വില മാറ്റമില്ലാതെ തുടരുന്നു. സെന്‍ട്രം ഒരു പെട്ടിക്ക് 56 റിയാലിന് ലഭിക്കും. നേരത്തെയിത് 100 റിയാല്‍ ആയിരുന്നു.
അതേസമയം പച്ചമരുന്നുകള്‍ക്ക് ഈ വിലക്കുറവ് ബാധകമല്ലെന്ന് മാത്രമല്ല ചിലതിന്റെ വില കൂടിയിട്ടുമുണ്ട്. ഏറെ ഉപയോഗിക്കുന്ന കഫ്‌സിറപ്പ് പ്രോസ്പാന്റെ വില 22ല്‍ നിന്ന് 29.75 റിയാല്‍ ആയി ഉയര്‍ന്നു. പരിഷ്‌കരിച്ച വിലയാണോ ഈടാക്കുന്നതെന്ന് അറിയാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ മിന്നല്‍ പരിശോധന നടത്തുന്നുണ്ട്. മൂന്ന് മാസത്തില്‍ ഒരിക്കലെങ്കിലും പരിശോധന നടക്കുന്നുണ്ട്.