സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരി നേടിയത് 52.49 ശതമാനം മാര്‍ക്ക്

Posted on: May 15, 2016 4:49 pm | Last updated: May 15, 2016 at 4:49 pm

TINAന്യൂഡല്‍ഹി:ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡല്‍ഹി സ്വദേശിനി ടിന ദാബിക്ക് പരീക്ഷയില്‍ ലഭിച്ചത് 52.49 ശതമാനം മാര്‍ക്ക്. ആകെ 1,063 മാര്‍ക്കാണ് ടിനയ്ക്ക് ലഭിച്ചത്. രണ്ടാം റാങ്കുകാരനായ അതാര്‍ ആമിര്‍ ഉല്‍ ഷാഫി ഖാന് 1,018 (50.27%) ഉം മൂന്നാം റാങ്ക്‌നേടിയ ജസ്മീത് സിംഗ് സന്ധു 1,014 (50.07%) ഉം മാര്‍ക്ക് കരസ്ഥമാക്കി. മെയിന്‍ പരീക്ഷയുടെ 1,750 ഉം അഭിമുഖത്തിന്റെ 275 ഉം ഉള്‍പ്പെടെ 2,025 ലാണ് ആകെ മാര്‍ക്ക്.

ഡല്‍ഹി ലേഡി ശ്രീറാം കോളേജില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ത്ഥിനിയായ ടിന (22) തന്റെ ആദ്യ പരിശ്രമത്തിലാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ജമ്മുകശ്മീര്‍ സ്വദേശിയായ ഷാഫി ഖാന്‍ നിലവില്‍ ഇന്ത്യന്‍ റെയില്‍വെ ട്രാഫിക് സര്‍വ്വീസ് ഉദ്യോഗസ്ഥനാണ്. ഖാന്‍ രണ്ടാം ശ്രമത്തിലാണ് രണ്ടാം റാങ്ക് സ്വായത്തമാക്കിയത്. ജസ്മീത് ഇന്ത്യന്‍ റവന്യൂ വകുപ്പിലാണ് ജോലി ചെയ്യുന്നത്.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നടന്നു വരുന്ന ശക്തമായ മൂല്യനിര്‍ണയമാണ് പുറത്തു വന്ന മാര്‍ക്ക് വിവരങ്ങളിലൂടെ വ്യക്തമാകുന്നത്. ഇത്തവണ മൊത്തം 1,078 വിദ്യാര്‍ത്ഥികളാണ് സിവില്‍ സര്‍വ്വീസ് വിജയം കരസ്ഥമാക്കിയിരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ നിന്ന് 499 ഉം ഒബിസി വിഭാഗത്തില്‍ നിന്ന് 314 ഉം പട്ടികജാതി വിഭാഗത്തില്‍ നിന്ന് 176 ഉം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 89 ഉം പേരാണ് വിജയിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ 172 പേരുടെ വെയിറ്റിംഗ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം ആറിനാണ് യുപിഎസി പരീക്ഷാ ഫലം പുറത്തുവിട്ടത്.