ജെ എന്‍ യുവില്‍ നടന്ന സമരങ്ങളില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നതായി ഇസില്‍ പ്രവര്‍ത്തകരുടെ മൊഴി

Posted on: May 15, 2016 11:47 am | Last updated: May 15, 2016 at 11:49 am

isilന്യൂഡല്‍ഹി: ജെ എന്‍ യുവില്‍ നടന്ന സമരങ്ങളില്‍ നുഴഞ്ഞുകയറി അക്രമം നടത്താന്‍ ഇസില്‍ ഭീകരവാദികള്‍ പദ്ധതിയിട്ടിയിരുന്നതായി റിപ്പോര്‍ട്ട് . ജെ എന്‍ യു വിദ്യാര്‍ത്ഥി യൂിയന്‍ നേതാവ് കന്‍ഹയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സമരങ്ങളില്‍ നുഴഞ്ഞുകയറി അക്രമം നടത്താന്‍ തങ്ങള്‍ക്ക് ഐ എസ് നിര്‍ദ്ദേശം ഉണ്ടായിരുന്നതായി ഇന്ത്യയിലെ ഐ എസ് ഭീകരര്‍ എന്നറിയപ്പെടുന്നവര്‍ വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്‍ ഐ എ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്. കന്‍ഹയ്യ കുമാര്‍ തീഹാര്‍ ജയിലില്‍ കഴിയവെ രാജ്യമാകെ നടന്ന വിദ്യാര്‍ഥി സമരങ്ങളില്‍ കയറിക്കൂടാനും വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കാനും ഇസില്‍ നേതാക്കള്‍ ഇന്ത്യയിലെ ഇസില്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി എന്‍ ഐ എയുടെ കസ്റ്റഡിയിലുള്ള ഇസില്‍ അനുയായികള്‍ മൊഴി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. കന്‍ഹയ്യയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജ്യത്തെ വിവിധ ക്യാമ്പസുകളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ നുഴഞ്ഞു കയറി അക്രമങ്ങള്‍ സൃഷ്ടിക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്നാണ് മൊഴി. പെട്രോള്‍ വാഹനങ്ങളും ഓയില്‍ ടാങ്കറുകളും അഗ്നിക്കിരയാക്കാനാണ് പ്രധാനമായും നിര്‍ദേശം നല്‍കിയിരുന്നത്.

ഇന്ത്യയിലെ ഐ എസ് സംഘടനയായ ജുനുദ് അല്‍ ഖലീഫ ഇ ഹിന്ദിന്റെ പ്രവര്‍ത്തകരായ ആശിഖ് അഹമ്മദ് എന്ന രാജ, മൊഹമ്മദ് അബ്ദുള്‍ അഹദ്, മൊഹമ്മദ് അഫ്സല്‍ എന്നിവരാണ് എന്‍ ഐ എ യുടെ കസ്റ്റഡിയിലുള്ളത്. ഇവര്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. അക്രമങ്ങളിലൂടെ വിദ്യാര്‍ഥികളെ കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നയിച്ച് രാജ്യത്ത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഐ എസ് ലക്ഷ്യം വെച്ചതെന്ന് എന്‍ ഐ എ അഭിപ്രായപ്പെട്ടു.
ജുനുദ് അല്‍ ഖലീഫ ഇ ഹിന്ദിന്റെ രൂപവത്കരണം, പോരാളികള്‍ തുംകൂര്‍, ബംഗളുരു, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നടത്തിയ രഹസ്യ യോഗങ്ങളെ കുറിച്ചും നിര്‍ണായ വിവരങ്ങള്‍ മൊഴിയിലുണ്ട്. ഫെബ്രുവരി 22 നാണ് ആഷിഖ് എന്‍ ഐ എ പിടിയിലായത്.
കന്‍ഹയ്യ തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഫെബ്രുവരി 19 ന് അന്‍സര്‍ ഉദ്താഹിദ് ഫി ബിലാദ് അല്‍ഹിന്ദ് തലവനെന്ന് അവകാശപ്പെടുന്ന അഹമ്മദ് അലി തന്നെ ബന്ധപ്പെട്ടിരുന്നതായും വിദ്യാര്‍ഥി സമരങ്ങളില്‍ കയറിക്കൂടി വാഹനങ്ങളും ഓയില്‍ ടാങ്കറുകളും കത്തിക്കണമെന്നും നിര്‍ദ്ദേശിച്ചതായി ആഷിഖിന്റെ മൊഴിയില്‍ പറയുന്നു.