കേരളത്തിലെ 71 സീറ്റുകളില്‍ സോഷ്യല്‍ മീഡിയ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും

Posted on: May 15, 2016 5:41 am | Last updated: May 14, 2016 at 11:46 pm

WhatsAPp_Facebook_AFP_360x270_5തിരുവനന്തപുരം: സംസ്ഥാനത്തെ 71 നിയമസഭാ മണ്ഡലങ്ങളില്‍ നവ മാധ്യമ ഉപയോക്താക്കള്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നു റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പുകളിലെ സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 71 മണ്ഡലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമ്പോള്‍ നാലിടത്ത് അതു മിതമായ രീതിയില്‍ സ്വാധീനമുണ്ടാക്കുന്നു. അതേ സമയം 65 മണ്ഡലങ്ങളില്‍ ഇതു ചെറിയ തോതിലുള്ള സ്വാധീനമേ ചെലുത്തുന്നുള്ളു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 51 ശതമാനത്തോളം മണ്ഡലങ്ങളില്‍ സോഷ്യല്‍ മീഡിയ വന്‍ തോതിലുള്ള സ്വാധീനം ചെലുത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിജയിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഇതും ഒരു ഘടകമാകും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ടി വിയും പത്രങ്ങളുമാണ് ഏറ്റവും വിശ്വസനീയമായി ആശ്രയിക്കപ്പെടുന്ന മാധ്യമങ്ങള്‍ എന്നും പ്രാതിനിധ്യ സ്വഭാവമുള്ള 250 സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ വെബ് സര്‍വേ ചൂണ്ടിക്കാട്ടുന്നു. 31 ശതമാനം പേര്‍ തിരഞ്ഞെടുപ്പു വിവരങ്ങള്‍ അറിയാനായി സോഷ്യല്‍ മീഡിയയെ ആശ്രയിക്കുമ്പോള്‍ ഒന്‍പത് ശതമാനം പേര്‍ മാത്രമാണ് ഡിജിറ്റല്‍ ന്യൂസിനെ ആശ്രയിക്കുന്നത്.
ഏപ്രില്‍ 11 മുതല്‍ 20 വരെ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പഠനത്തിനിടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയം അഴിമതിയാണ്. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നേതാവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പാര്‍ട്ടി ബി ജെ പിയുമാണ്.
പാര്‍ട്ടി എന്ന നിലയിലും നേതാവ് എന്ന നിലയിലും എല്‍ ഡി എഫിന് ഫേബുക്കിലും ട്വിറ്ററലും കുറഞ്ഞ സാന്നിധ്യമേ ഉണ്ടായിരുന്നുള്ളു. ഭരണത്തിലുള്ള യു ഡി എഫ് ഓരോ മൂന്ന് പരമാര്‍ശങ്ങളിലും ഒന്നു വീതം എന്ന തോതില്‍ ദൃശ്യമായപ്പോള്‍ അതില്‍ ഒന്‍പത് ശതമാനം എതിരായുള്ള വികാരങ്ങളായിരുന്നു പ്രതിഫലിപ്പിക്കപ്പെട്ടിരുന്നത്. ഇതേ സമയം, ഇടതു പക്ഷത്തിന് എതിരായുള്ള വികാരങ്ങളും കുറവായിരുന്നു.
സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാര്‍ ഫേസ്ബുക്കിനു കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ വനിതകള്‍ വാട്‌സ്ആപ്പിലാണു കൂടുതല്‍ താത്പര്യം കാട്ടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 23 ശതമാനവും ഫേസ്ബുക്കിലുണ്ട്. വനിതാ വോട്ടര്‍മാരുടെ 13 ശതമാനമാണ് ഫേസ്ബുക്കിലുള്ളത്. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവയെ അപേക്ഷിച്ചിത് വളരെ കൂടുതലാണ്. ഫേസ്ബുക്ക് സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം പേരും മാസത്തില്‍ ഒരിക്കലെങ്കിലും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു. ഫേസ്ബുക്ക് കഴിഞ്ഞാല്‍ രണ്ടാമത്തെ സോഷ്യല്‍ മീഡിയയായി ഇതു മാറിയിട്ടുമുണ്ട്.
സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ 90 ശതമാനവും അതിലൂടെ കേരളത്തിലെ തിരഞ്ഞെടുപ്പു വിശേഷങ്ങള്‍ പിന്തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടി വിയിലെ പ്രധാന വാര്‍ത്തകള്‍ വരുന്ന വൈകിട്ട് ഒന്‍പത് മണിക്കു ശേഷം 12 മണി വരെയുള്ള സമയത്ത് തിരഞ്ഞെടുപ്പു സംബന്ധിയായ 11 ശതമാനം ട്വീറ്റുകള്‍ മാത്രമേ ഉണ്ടാകുന്നുള്ളു എന്നും ഉച്ച കഴിഞ്ഞു മൂന്ന് മണിക്കു ശേഷം തിരഞ്ഞെടുപ്പു സംബന്ധിയായ 43 ശതമാനം ട്വീറ്റുകള്‍ മാത്രമേ ഉണ്ടാകുന്നുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്.