ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന സൈനിക വിന്യാസം വര്‍ധിപ്പിച്ചു

Posted on: May 14, 2016 11:37 pm | Last updated: May 14, 2016 at 11:37 pm

china armyവാഷിംഗ്ടണ്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു.
ഇതിനകം പ്രതിരോധ ശേഷി വര്‍ധിപ്പിച്ച ചൈനയുടെ സൈനിക സാന്നിധ്യം പാക്കിസ്ഥാനിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിക്കുന്നതായി നേരത്തെ അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈനികരെ നിയോഗിച്ചിട്ടുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കിഴക്കന്‍ ഏഷ്യ പ്രതിരോധ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി അബ്രഹാം എം ഡെന്‍മാര്‍ക്ക് പറഞ്ഞത്. ചൈനയുടെ സൈനിക വികാസങ്ങളെ കുറിച്ച് യു എസ് കോണ്‍ഗ്രസില്‍ പെന്റഗണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡെന്‍മാര്‍ക്ക്. എന്നാല്‍ ഇങ്ങനെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതില്‍ ചൈനയുടെ യഥാര്‍ഥ ഉദ്ദേശ്യം എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഡെന്‍മാര്‍ക്ക് പറഞ്ഞു.
ഇന്ത്യയുമായി 4057 കിലോമീറ്ററോളം അതിര്‍ത്തി ചൈന പങ്ക് വെക്കുന്നുവെന്നത് കൊണ്ടുതന്നെ സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നത് ഇന്ത്യക്ക് ഭീഷണിയാണ്. ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണോ അതല്ല, ആഭ്യന്തരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണോ ചൈനയുടെ ഈ സൈനിക വിന്യാസമെന്ന് ഇപ്പോള്‍ പറയാനാകില്ല. ഇന്ത്യയുമായുള്ള ഉഭയകക്ഷി ധാരണകളുമായി മുന്നോട്ടുപോകാനാണ് അമേരിക്കയുടെ തീരുമാനം. അത് ചൈനീസ് നീക്കങ്ങളുടെ പശ്ചാത്തലത്തിലല്ലെന്നും ഡെന്‍മാര്‍ക്ക് വ്യക്തമാക്കി.

ALSO READ  കൊവിഡ് വ്യാപനത്തിൽ കുറവ്; മാസ്‌ക് ധരിക്കണമെന്ന നിബന്ധന പിൻവലിച്ച് ബീജിംഗ്