Connect with us

Gulf

താല്‍കാലിക തൊഴില്‍ വിസക്കാര്‍ റസിഡന്‍സ് കാര്‍ഡ് പുതുക്കാന്‍ ഇനി നേരിട്ട് ഹാജരാകണം

Published

|

Last Updated

മസ്‌കത്ത്: ഫാമിലി ജോയിനിംഗ് വിസയിലുള്ളവരും താത്കാലിക തൊഴില്‍ വിസയിലുള്ളവരും റസിഡന്‍സ് കാര്‍ഡ് പുതുക്കുന്നതിന് നേരിട്ട് ഹാജരാകണമെന്ന് റോയല്‍ ഒമാന്‍ പോലീസ്. നാളെ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ആര്‍ ഒ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ സന്ദേശത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ സ്റ്റാറ്റസ് വിഭാഗത്തിലാണ് റസിഡന്‍സ് കാര്‍ഡ് പുതുക്കുന്നതിന് ഹാജരാകേണ്ടത്.
നിലവില്‍ ഫാമിലി ജോയിനിംഗ് വിസയില്‍ ഉള്ളവരും താത്കാലിക തൊഴില്‍ വിസക്കാരും നേരിട്ട് ഹാജരാകാതെയും റസിഡന്‍സ് കാര്‍ഡ് പുതിക്കി നല്‍കിയിരുന്നു. ഈ സൗകര്യം എടുത്തു കളയുകയാണ് റോയല്‍ ഒമാന്‍ പോലീസ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അനധികൃത പ്രവൃത്തികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.
മുകളില്‍ പറഞ്ഞ രണ്ട് വിഭാഗങ്ങള്‍ക്കും റസിഡന്‍സ് കാര്‍ഡ് പുതുക്കുന്നതിന് നിയമപരമായി ആരെങ്കിലും സമീപിച്ചാല്‍ മതിയായിരുന്നു. ഇതിന്ന് അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ റോയല്‍ ഒമാന്‍ പോലീസ് ഉത്തരവിറക്കിയിരുന്നു. ഇതിനാല്‍ സ്‌പോണ്‍സറോ പബ്ലിക് റിലേഷന്‍ ഓഫീസറോ ആണ് റസിഡന്‍സ് കാര്‍ഡ് പുതുക്കാന്‍ സിവില്‍ സ്റ്റാറ്റസ് ഓഫീസില്‍ എത്തിയിരുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നടപടികള്‍ സുതാര്യമാക്കാന്‍ പോലീസിന് സാധിക്കും.