ബേപ്പൂരില്‍ ബാലറ്റ് മെഷീനുകളുടെ സെറ്റിംഗ് ജോലികള്‍ പൂര്‍ത്തിയായി

Posted on: May 14, 2016 2:33 pm | Last updated: May 14, 2016 at 2:33 pm

ഫറോക്ക്: ബേപ്പൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് ബാലറ്റ് മെഷീനുകളുടെയും സാമഗ്രികളുടെയും സെറ്റിംഗ് ജോലികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മീഞ്ചന്ത ആര്‍ട്‌സ് കോളജിലാണ് സെറ്റിംഗ്‌സ് ജോലികള്‍ നടന്നത്. ജോലികള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ രാത്രി 9.30ഓടുകൂടിയാണ് ബാലറ്റ് മെഷീനുകളും മറ്റു സാമഗ്രികളും സൂക്ഷിച്ച സ്ട്രാംഗ് റൂം അടച്ച് സീല്‍ ചെയ്തത്.
ബേപ്പൂര്‍ മണ്ഡലത്തിലെ ഒരുലക്ഷത്തിതൊണ്ണൂറായിരത്തോളം വരുന്ന വോട്ടര്‍മാര്‍ക്കു വേണ്ടിയും മണ്ഡലത്തിലെ 142 ബൂത്തുകളിലേക്കുമുള്ള റിസര്‍വ് ബാലറ്റ് യൂനിറ്റ് ഉള്‍പ്പെടെയുള്ള ബാലറ്റ് പേപ്പറുകളും മെഷീനുകളുടെയും സെറ്റിംഗാണ് കഴിഞ്ഞ ദിവസങ്ങളിലായി പൂര്‍ത്തീകരിച്ചത്. സെറ്റിംഗ് ജോലികള്‍ രാവിലെ 9 മണിക്ക് ആരംഭിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തി ല്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം കാത്തിരുന്നു. ആര്‍ട്‌സ് കോളജിലെ 14 കൗണ്ടറുകളിലും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും ഉദ്യോഗസ്ഥരും എത്തിയിരുന്നെങ്കിലും ഒബ്‌സര്‍വര്‍ എത്താന്‍ വൈകിയതിനാല്‍ 10.45 ഓടുകൂടിയാണ് പരിശോധനകള്‍ തുടങ്ങാനായത്.
ഉത്തരേന്ത്യയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ബാലറ്റ് മെഷീനുകളാണ് നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി കഴിഞ്ഞ ദിവസം കേരളത്തിലെത്തിച്ചത്. കാലപ്പഴക്കവും ഉപയോഗത്തിലുള്ള അശ്രദ്ധയും കാരണം റിസര്‍വ് കാറ്റഗറിയിലുള്ള ബാലറ്റ് മെഷീനുകളാണ് ബൂത്തുകള്‍ക്ക് വേണ്ടി അധികൃതര്‍ ഇന്നലെ തയ്യാറാക്കിവെച്ചത്. ഇതില്‍ റിസര്‍വ്വിലുള്ള 39 ബാലറ്റ് മെഷീനുകളില്‍ 16 മെഷീനുകള്‍ക്ക് കേടുപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവ മാറ്റിവരുത്തുന്നതായി ഇന്നലെ തന്നെ തിരിച്ചയക്കുകയായിരുന്നു.
ബേപ്പൂര്‍ മണ്ഡലത്തിലേക്കുള്ള പോളിംഗ് ബാലറ്റ് മെഷീനുകള്‍ കനത്ത സുരക്ഷയില്‍ സൂക്ഷിച്ച മീഞ്ചന്ത ആര്‍ട്‌സ് കോളജില്‍ നിന്ന് വിതരണം ഇന്ന് പൂര്‍ത്തിയാക്കും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ വെള്ളിമാട്കുന്നില ജെ ഡി ടിയിലായിരിക്കും സൂക്ഷിക്കുക.