മങ്കടയില്‍ തീപാറും പോരാട്ടം

Posted on: May 14, 2016 12:49 pm | Last updated: May 14, 2016 at 12:49 pm
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടികെ റഷീദലി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടികെ റഷീദലി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍

കൊളത്തൂര്‍: തിരഞ്ഞെടുപ്പിന്റെപരസ്യ പ്രചാരണം ഇന്ന് കൊട്ടിക്കയറാനിരിക്കെ മങ്കട മണ്ഡലത്തില്‍ ഇരു മുന്നണികളും പ്രതീക്ഷയിലാണ്. മണ്ഡലം തിരിച്ചു പിടിക്കാനും നിലനിര്‍ത്താനുമുള്ള തീപാറും പോരാട്ടമാണ് നടക്കുന്നത്.
ജില്ലയില്‍ തന്നെ പ്രചാരണ രംഗത്ത് നിറഞ്ഞു നിന്ന മങ്കടയില്‍ പകരത്തിന് പകരം എന്നകണക്കിലാണ് ഫഌക്‌സ് ബോര്‍ഡുകളും ചുമരെഴുത്തുകളും സ്ഥാനം പിടിച്ചത്. തുടക്കം മുതല്‍ പ്രചാരണ രംഗത്ത് വലിയ ചലനമുണ്ടാക്കിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി കെ റശീദലി രംഗത്തെത്തിയത്.
സിറ്റിംഗ് എം എല്‍ എയായ ടി എ അഹമ്മദ് കബീറിനെ തന്നെ മത്സരത്തിനിറക്കി വികസന നേട്ടങ്ങളുയര്‍ത്തി കാണിച്ച് യു ഡി എഫും പ്രചാരണത്തില്‍ ഇടതിനൊപ്പമെത്തി. ആവേശം നിറഞ്ഞ പ്രചാരണ പോരാട്ടമാണ് ഇരുപക്ഷത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ ലീഡ് മറികടന്ന് വിജയം നേടാമെന്ന കണക്ക് കൂട്ടലിലാണ് എല്‍ ഡി എഫ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎ അഹമ്മദ് കബീര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍
യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎ അഹമ്മദ് കബീര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍

തീര്‍ത്തും അതിനുള്ള അനുകൂല സാഹചര്യമാണ് മണ്ഡലത്തില്‍ നിലവിലുള്ളതെന്നതിനാല്‍ തന്ത്രപരമായ നീക്കങ്ങളാണ് പാര്‍ട്ടി നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് പഞ്ചായത്തുകള്‍ നേടാനായതും സ്ഥാനാര്‍ഥിയുടെ മികവും നിലവിലെ രാഷ്ട്രീയ ചുറ്റുപാടും നോക്കിയാണ് മണ്ഡലം തിരിച്ചു പിടിക്കാമെന്ന് കണക്ക് കൂട്ടുന്നത്. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയിലൂടെ പരിഹാരം കാണാനാവത്തത് എല്‍ ഡി എഫ് മുഖ്യ വിഷയമാക്കിയാണ് പ്രചാരണം നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായി എത്തിയ അഹമ്മദ് കബീര്‍ 23593 വോട്ടുകള്‍ക്കാണ് സി പി എമ്മിലെ ഖദീജ സത്താറിനെ പരാജയപ്പെടുത്തിയത്.
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പോടെ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം മാറിയതും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രചാരണം എത്തിക്കാനായതും എല്‍ ഡി എഫിന് പ്രതീക്ഷ നല്‍കുന്നു. ഇരു മുന്നണികളുടെയും പ്രചാരണ തന്ത്രം എന്‍ ഡി എയും മണ്ഡലത്തില്‍ പയറ്റി നോക്കുന്നുണ്ട്.
കൊഴുപ്പേകുന്ന പ്രചാരണമാണ് യു ഡി എഫും എല്‍ ഡി എഫും നടത്തുന്നത്. ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തി. മൂന്ന് ഘട്ട മണ്ഡല പ്രചാരണങ്ങളും കുടുംബ സംഗമങ്ങളും നടത്തിയാണ് ഇരുമുന്നണികളുടെയും പ്രചാരണം പൂര്‍ത്തിയാകുന്നത്.
അഹമ്മദ് കബീറിന്റെ വികസന നേട്ടങ്ങളായ കുടിവെള്ള പദ്ധതി, മങ്കട ഗവ. കോളജ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വോട്ടാക്കി മാറ്റി മണ്ഡലം നിലനിര്‍ത്താമെന്ന് യു ഡി എഫ് പ്രതീക്ഷിക്കുന്നു.
ഭൂരിപക്ഷത്തില്‍ മാറ്റമുണ്ടാകുമെങ്കിലും മണ്ഡലം മാറില്ലെന്നും മറിയില്ലെന്നും ലീഗ് വിലയിരുത്തുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ, പി ഡി പി തുടങ്ങിയ കക്ഷികളും മത്സരത്തില്‍ ഇത്തവണ സജീവമാണ്. മുന്‍ തവണകളെ അപേക്ഷിച്ച് മങ്കടയുടെ അങ്കത്തട്ടില്‍ പോരാട്ടത്തിന് വേനല്‍ ചൂടിനെക്കാള്‍ ശക്തിയുണ്ട്