തവനൂരില്‍ അഭിമാന പോരാട്ടം

Posted on: May 14, 2016 11:29 am | Last updated: May 14, 2016 at 11:29 am

kt jaleelമലപ്പുറം: 2006ല്‍ കുറ്റിപ്പുറത്ത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ തളച്ച് അട്ടിമറി ജയം നേടിയാണ് കെ ടി ജലീല്‍ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയനായത്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി പകരം തവനൂര്‍ വന്നപ്പോള്‍ ഇടത് സ്വതന്ത്രനായി 6,854 വോട്ടിന് കോണ്‍ഗ്രസിന്റെ വി വി പ്രകാശിനെ പരാജയപ്പെടുത്തി.
തവനൂരില്‍ തന്നെ രണ്ടാമങ്കത്തിന് ഇറങ്ങുന്ന കെ ടി ജലീലിനെ ഏതുവിധേനയും തേല്‍പ്പിക്കാനാണ് മുസ്‌ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും കിണഞ്ഞുള്ള ശ്രമം. ഇത്തവണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഇഫ്ത്തിഖാറുദ്ദീനേയാണ് യു ഡി എഫ് ചുമതലയേല്‍പ്പിച്ചത്. അധ്യാപകനാണെന്നതും മികച്ച സംഘടനാശേഷിയും പ്രസംഗ ശൈലിയും ഇഫ്ത്തിഖാറുദ്ദീന് തുണയാകുമെന്നാണ് യു ഡി എഫിന്റെ വിലയിരുത്തല്‍. ബി ജെ പിക്ക് 7107ഉും എസ് ഡി പി ഐക്ക് 3116 വോട്ടും ലഭിച്ചിട്ടുണ്ട്. യുവമോര്‍ച്ച നേതാവ് രവി തേലത്തിനെ രംഗത്തിറക്കി മികച്ച പ്രചാരണമാണ് ബി ജെ പി നടത്തുന്നത്. ബി ജെ പി പിടിക്കുന്ന വോട്ട് ഇത്തവണ ഏറെ നിര്‍ണായകമാവും.
ജലീലിന്റെ വിജയം അഭിമാന പോരാട്ടമായതിനാല്‍ സി പി എം മുഴുവന്‍ സംഘടനാ ശക്തിയും പ്രയോജനപ്പെടുത്തിയാണ് പ്രചാരണം നടത്തുന്നത്. ഇത്തവണ അപരനും കെ ടി ജലീല്‍ എന്ന നാമം അനുവദിച്ചതോടെ ചിഹ്നം പരിചയപ്പെടുത്തുന്നതിനും ഏറെ പ്രാധാന്യമാണ് ഇടത് ക്യാമ്പ് കല്‍പ്പിക്കുന്നത്. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും ഏറെ പ്രധാന്യമേകുന്നുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ആദ്യം ഉള്‍പ്പെട്ടിട്ടില്ലായിരുന്നെങ്കിലും പിന്നീട് യുവ പ്രാതിനിധ്യമെന്ന ആവശ്യമാണ് ഇഫ്ത്തിഖാറുദ്ദീന് തുണയായത്. എന്നാല്‍ കെ ടി ജലീല്‍ നേരത്തെ തന്നെ പ്രചാരണവുമായി മുന്നോട്ടുപോയിരുന്നു. അവസാനഘട്ടത്തില്‍ ഈ മുന്‍തൂക്കം മറികടക്കാനാവുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ. ലീഗും കോണ്‍ഗ്രസും ഒരേ മനസോടെ പ്രവര്‍ത്തിക്കുന്ന മണ്ഡലമെന്ന പ്രത്യേകതയും ഇഫ്ത്തിഖാറുദ്ദീന് തുണയാണ്. പരസ്യപ്രചാരണം മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും ഓടി നടക്കുകയാണ് സ്ഥാനാര്‍ഥികള്‍. വികസനം തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എടുത്തുപറയാന്‍ പറ്റുന്ന ഒരു പദ്ധതി പോലും കെ ടി ജലീലിന് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് യു ഡി എഫിന്റെ പ്രചാരണായുധം. മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് അപ്പുറം യാതൊന്നും മണ്ഡലത്തില്‍ നടന്നിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ അനുവദിച്ച കോളജിന് സ്വന്തം കെട്ടിടമൊരുക്കുന്നതില്‍ പോലും പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വികസന പത്രിക തന്നെ പുറത്തിറക്കിയാണ് കെ ടി ജലീല്‍ ഇതിനെ തിരിച്ചടിക്കുന്നത്. ബി ഡി ജെ എസുമായുളള സഖ്യത്തിലൂടെ തങ്ങളുടെ വോട്ട് വിഹിതം വലിയ തോതില്‍ ഉയര്‍ത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബി ജെ പി. ഇരുമുന്നണികളും കാലങ്ങളായി ജനങ്ങളെ പറ്റിക്കുകയാണെന്നും വികസന പിന്നാക്കാവസ്ഥയാണ് മണ്ഡലത്തിലെന്നും ചൂണ്ടിക്കാട്ടിയാണ് ബി ജെ പി പ്രചാരണം നടത്തിയത്. മണ്ഡലത്തില്‍ കുറഞ്ഞ ഭൂരിപക്ഷമേയുള്ളൂ എന്നതിനാല്‍ ബി ജെ പി പിടിക്കുന്ന വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.