ഇടത്തോട്ട് വീശുന്ന കാറ്റിന്റെ ഗതി മാറ്റാന്‍ വലത്

Posted on: May 13, 2016 6:47 am | Last updated: May 17, 2016 at 3:56 pm

രാഷ്ട്രീയ രംഗത്ത് വിനാശകാരിയായി വീശിയടിക്കുന്ന കാറ്റുകളെ അതിജീവിക്കാനും അകറ്റിനിര്‍ത്താനും നന്മയുടെയും ജനപക്ഷ വികസനത്തിന്റെയും വക്താക്കളെ തങ്ങളുടെ പ്രതിനിധികളായി ഭരണസിരാകേന്ദ്രത്തിലേക്ക് അയക്കാനും തൃശൂരിലെ പ്രബുദ്ധ ജനത മനസാ തയ്യാറെടുത്ത് കഴിഞ്ഞു. പ്രചാരണങ്ങളില്‍ തലകുത്തി വീഴാതെ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളിലെ ശരിതെറ്റുകളെ വിലയിരുത്തി പ്രതികരണങ്ങള്‍ പോളിംഗ് ബൂത്തില്‍ രേഖപ്പെടുത്താന്‍ തന്നെയാണ് ജില്ലയിലെ വോട്ടര്‍മാരുടെ സുചിന്തിതമായ തീരുമാനം. വിധിനിര്‍ണയത്തിന് മൂന്നേ മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ജില്ലയിലെ 13 മണ്ഡലങ്ങളിലും വിവിധ കക്ഷികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളും വോട്ട് പിടിത്തവും ആവേശകരമായ പരിസമാപ്തിയോടടുക്കുകയാണ്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിന്റെ മേല്‍ക്കൈ എല്‍ ഡി എഫ് കരസ്ഥമാക്കിയിരുന്നു. ഏഴ് സീറ്റുകള്‍ അവര്‍ക്ക് അനുകൂലമായപ്പോള്‍ യു ഡി എഫ് ആറ് സീറ്റ് നേടി. എന്നാല്‍ രണ്ട് സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തില്‍ സംസ്ഥാനത്തിന്റെ ഭരണാധികാരം സ്വന്തമാക്കിയ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ കാറ്റിന്റെ ഗതി ഇടത്തോട്ടാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഇതിന്റെ ‘ഡ്രസ് റിഹേഴ്‌സല്‍’ ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. യു ഡി എഫ് വന്‍ ആധിപത്യം സ്ഥാപിച്ച തദ്ദേശ തിരഞ്ഞെടുപ്പായിരുന്നു 2010 ലേത്.
ഗ്രാമ-ബ്ലോക്ക്-ജില്ല തലങ്ങളിലെല്ലാം അവര്‍ മുന്നിലെത്തി. തൃശൂര്‍ കോര്‍പറേഷന്‍ മൃഗീയ ഭൂരിപക്ഷത്തോടെയും യു ഡി എഫ് വരുതിയിലാക്കി. കഴിഞ്ഞ വര്‍ഷം വീണ്ടും തിരഞ്ഞെടുപ്പെത്തിയപ്പോള്‍ തെറ്റില്ലാത്ത മുന്‍തൂക്കം നല്‍കി ജനം വരിച്ചത് ഇടതിനെയാണ്. സംസ്ഥാനത്ത് ഉടനീളം എല്‍ ഡി എഫ് നേടിയ ആധിപത്യം തൃശൂരിലും പ്രതിഫലിച്ചു. ഇതിന് ശേഷം തിരഞ്ഞെടുപ്പ് നടന്നത് 2014ല്‍ ലോക്‌സഭയിലേക്കാണ്. ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായ തൃശൂരില്‍ സി പി ഐയുടെ ജയദേവന്‍ എം പി 38227 വോട്ടിന്റെ ഭൂരിപക്ഷത്തിന് കെ പി ധനപാലനെ തറപറ്റിച്ചപ്പോള്‍ മറ്റൊരു മണ്ഡലമായ ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനായി ജനവിധി തേടിയ ഇന്നസെന്റ് കോണ്‍ഗ്രസിന്റെ കരുത്തനായ സാരഥി പി സി ചാക്കോയെ മലര്‍ത്തിയടിച്ചു (ഭൂരിപക്ഷം: 13884). സംസ്ഥാനത്ത് യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ തൃശൂരിനെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ഇടതിന് സാധിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണിത്. പുറത്തു പറയുന്നില്ലെങ്കിലും ഇടതേല്‍പ്പിച്ച ക്ഷീണം യു ഡി എഫിന്റെ അകത്തളങ്ങളില്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
ചാലക്കുടി, പുതുക്കാട്, കൈപ്പമംഗലം, നാട്ടിക, ഗുരുവായൂര്‍, ചേലക്കര, മണലൂര്‍, കൊടുങ്ങല്ലൂര്‍, തൃശൂര്‍ എന്നീ ഒമ്പത് മണ്ഡലങ്ങളും ആഞ്ഞുപിടിച്ചാല്‍ ഒല്ലൂരും കിട്ടുമെന്നാണ് ജില്ലയിലെ ഇടത് വൃത്തങ്ങളുടെ വിലയിരുത്തല്‍. ഇതില്‍ ചാലക്കുടി, പുതുക്കാട്, കൈപ്പമംഗലം, നാട്ടിക, ഗുരുവായൂര്‍, ചേലക്കര എന്നിവ അവരുടെ സിറ്റിംഗ് സീറ്റുകളാണ്. ഈ അവകാശവാദം നടത്തുമ്പോള്‍ തന്നെ ഗുരുവായൂരിലും ചേലക്കരയിലും ഇത്തവണ പോരാട്ടം വാശിയേറിയതാണെന്ന ബോധ്യം എല്‍ ഡി എഫിനുണ്ട്.
ഗുരുവായൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും യൂത്ത് ലീഗ് നേതാവുമായ സാദിഖലി മണ്ഡലത്തില്‍ നിസ്സാരമല്ലാത്ത ഇളക്കമുണ്ടാക്കുമെന്ന് അവര്‍ ഭയക്കുന്നു. കഴിഞ്ഞ തവണ 9968 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുസ്‌ലിം ലീഗിന്റെ അശ്‌റഫ് കോക്കൂരിനെ തോല്‍പ്പിച്ച സി പി എമ്മിലെ കെ വി അബ്ദുല്‍ ഖാദറിനെ തന്നെയാണ് സീറ്റ് നിലനിര്‍ത്താന്‍ ഇടതുപക്ഷം വീണ്ടും പരീക്ഷിക്കുന്നത്. ചേലക്കരയിലാണെങ്കില്‍ 24,676 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തില്‍ എം എല്‍ എയായ കെ രാധാകൃഷ്ണനെ മാറ്റി യു ആര്‍ പ്രദീപിനെ മത്സരിപ്പിക്കുന്നത് അണികളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ സീറ്റ് കൈവിട്ടുപോകുമോ എന്ന ആശങ്കയുമുണ്ട്.
നിലവില്‍ 481 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ സി പി എമ്മിലെ ബാബു എം പാലിശ്ശേരി പ്രതിനിധീകരിക്കുന്ന കുന്നംകുളം സി എം പിയുടെ സി പി ജോണിനെ തന്നെ മത്സരിപ്പിച്ച് കൈവശപ്പെടുത്താമെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. ഇതേ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ പി എ മാധവന്‍ തിരഞ്ഞെടുക്കപ്പെട്ട മണലൂര്‍ മുരളി പെരുനെല്ലിയിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ ഇടത് പക്ഷവും കൈവിടുന്നില്ല. കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാലും സി പി ഐയിലെ വി എസ് സുനില്‍ കുമാറും അങ്കത്തട്ടിലുള്ള തൃശൂരും ഇരു മുന്നണികളുടെയും അവകാശവാദമൊഴിച്ചാല്‍ പ്രവചനങ്ങള്‍ അസാധ്യമാക്കുന്ന പട്ടികയിലാണ് ഉള്‍പ്പെടുന്നത്.
ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ തന്റെ പെട്ടിയിലാക്കിയാണ് അഞ്ച് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസിന്റെ തേറമ്പില്‍ രാമകൃഷ്ണന്‍ തൃശൂരില്‍ വിജയിച്ചത്. മാറിയ സാഹചര്യത്തില്‍ ബി ജെ പി-ബി ഡി ജെ എസ് മുന്നണി 20,000 മുതല്‍ 27,000 വരെ വോട്ടുകള്‍ പിടിച്ചാല്‍ കാര്യങ്ങള്‍ സുനില്‍ കുമാറിന് അനുകൂലമാകും. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, കുന്നംകുളം, ഒല്ലൂര്‍, വടക്കാഞ്ചേരി, തൃശൂര്‍ എന്നിവിടങ്ങളിലാണ് യു ഡി എഫ് വിജയം പ്രതീക്ഷിക്കുന്നത്. ഗുരുവായൂരില്‍ ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളും കാണുന്നു. ഫലത്തില്‍ വിരലിലെണ്ണാവുന്ന മണ്ഡലങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റു പോര്‍ത്തട്ടുകളില്‍ അങ്കം തീപാറുന്നതാണ്.
വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹൈന്ദവ വോട്ടുകള്‍ തങ്ങളുടെ ഭാഗത്തേക്ക് ഒഴുക്കാനാണ് എക്കാലത്തെയും പോലെ ബി ജെ പിയുടെ ശ്രമം. കേന്ദ്രത്തിലെ അധികാരം, ബി ഡി ജെ എസുമായുള്ള സഖ്യം എന്നിവയെല്ലാം ഇതിനായി ഉപയോഗപ്പെടുത്തുന്നു. പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍, നാട്ടിക എന്നിവിടങ്ങളിലുള്ള സ്വാധീനം വോട്ടായി മാറ്റി ഈ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെങ്കിലുമെത്താനാണ് അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്.
നാട്ടികയില്‍ ബി ഡി ജെ എസിന് കാര്യമായി വോട്ടുകളുണ്ട്. എന്നാല്‍, കേരളത്തിന്റെ മതേതര പാരമ്പര്യം, രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെ തോല്‍വി, മോദിയില്‍ നിന്നുണ്ടായ ‘സോമാലിയ’ പരാമര്‍ശം എന്നിവയെല്ലാം മുന്നണിക്ക് കനത്ത തിരിച്ചടികള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് നടപ്പാക്കിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് പ്രചാരണമെങ്കില്‍ അഴിമതിയില്‍ സര്‍വകാല റെക്കോഡിട്ട സര്‍ക്കാറാണിതെന്ന ആരോപണമാണ് എല്‍ ഡി എഫ് പ്രധാനമായും മുന്നോട്ട് വക്കുന്നത്. തുടര്‍ച്ചയായി 25 വര്‍ഷക്കാലം തൃശൂരിനെ പ്രതിനിധീകരിച്ച യു ഡി എഫ് എം എല്‍ എക്ക് നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പോലും പരിഹാരം കാണാനായില്ലെന്ന് ഇടത് മുന്നണി ആക്ഷേപമുയര്‍ത്തുന്നു. ഫ്‌ളൈ ഓവറുകള്‍, പുതിയ റോഡുകള്‍, നടപ്പാത എന്നിവയൊന്നും കൊണ്ടുവരാനായിട്ടില്ല. പീച്ചിയില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് കൂടി നിന്നാല്‍ നാടിന്റെ കുടിവെള്ളം പാടെ മുട്ടുന്ന അവസ്ഥയാണെന്നും അധികാരത്തില്‍ വന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുമെന്നും എല്‍ ഡി എഫ് ഉറപ്പ് നല്‍കുന്നു. ചാവക്കാട്ടെ ഹനീഫ വധക്കേസുമായി ബന്ധപ്പെട്ട ആരോപണ-പ്രത്യാരോപണങ്ങളും ഗ്രൂപ്പ് യുദ്ധങ്ങളും ഒരിടവേളക്ക് ശേഷം സജീവമായതും കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്.