പിന്നെയും പാമോലിന്‍

Posted on: May 13, 2016 6:00 am | Last updated: May 12, 2016 at 11:43 pm

പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് കോടതിയില്‍ നിന്ന് വീണ്ടും പ്രഹരം. കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വ്യാജം പറഞ്ഞതിന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. കേസില്‍നിന്ന് കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ജിജി തോംസണ്‍, പി ജെ തോമസ് എന്നിവര്‍ നല്‍കിയ ഹരജിയുടെ വിചാരണാ വേളയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യാജം പറഞ്ഞത്. കേസ് ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന കോടതിയുടെ ചോദ്യത്തിന,് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം നിരസിച്ച ഉത്തരവിനെതിരായ റിവ്യൂ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇങ്ങനെ ഒരു റിവ്യൂ ഹരജി നിലവിലില്ലെന്ന് ബോധ്യമായ ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, സര്‍ക്കാര്‍ അഭിഭാഷകന്‍ പരമോന്നത കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും നിലവിലെ സാഹചര്യത്തില്‍ കേസില്‍ നിന്ന് ആരെയും ഒഴിവാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയുമുണ്ടായി. വിചാരണ മുന്നോട്ട് പോകാനും കോടതി നിര്‍ദേശിച്ചു
തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ കോടതി വിധിയും സര്‍ക്കാറിനെതിരായ പരാമര്‍ശവും ഇടതുപക്ഷത്തിന് നല്ലൊരു പ്രചാരണായുധവും യു ഡി എഫിന് കടുത്ത തലവേദനയുമാണ്. കേസില്‍ യു ഡി എഫ് സര്‍ക്കാര്‍ നിയമസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന സന്ദേഹത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരിക്കെ 1991- 92 കാലയളവില്‍ സിംഗപ്പൂരില്‍ നിന്ന് കൂടിയ വിലക്ക് പാമോലിന്‍ ഇറക്കുമതി ചെയ്തതാണ് കേസിനാസ്പദമായ സംഭവം. സ്‌റ്റേറ്റ് ട്രേഡിംഗ് കോര്‍പറേഷന്‍ (എസ് ടി സി) പാമോലിന്‍ ഇറക്കുമതി ചെയ്തിരുന്നത് 392 ഡോളറിനായിരുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സിംഗപ്പൂരിലെ പവര്‍ ആന്‍ഡ്എനര്‍ജി കമ്പനി വഴി 15,000 ടണ്‍ ഇറക്കുമതി ചെയ്തത് 405 ഡോളര്‍ വിലക്കായിരുന്നു. ഇത് സംസ്ഥാനത്തിന് 2.32 കോടിയുടെ നഷ്ടമുണ്ടാക്കിയതായി വിജിലന്‍സ് കണ്ടെത്തി. എം എം ഹസന്‍ ചെയര്‍മാനായ നിയമസഭാ കമ്മിറ്റിയും സി എ ജിയും ക്രമക്കേട് ചൂണ്ടിക്കാണിച്ചു. മാത്രമല്ല, 405 ഡോളറിലും കുറഞ്ഞ നിരക്കില്‍ ഒമ്പത് ഓഫറുകള്‍ സര്‍ക്കാറിന് ലഭിച്ചിരുന്നതായും അത് മറച്ചുവെക്കുകയായിരുന്നുവെന്നും പിന്നീട് പുറത്തുവന്നു. ഇതേ തുടര്‍ന്നാണ് കരുണാകരന്‍ ഒന്നാം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ മന്ത്രി ടി എച്ച് മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യു, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എം ഡി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യ സെക്രട്ടറി പി ജെ തോമസ് എന്നിവരാണ് മറ്റു പ്രതികള്‍. കരുണാകരന്റെ നിര്യാണത്തോടെ മന്ദീഭവം നേരിട്ട കേസ്, രണ്ടാം പ്രതി മുസ്തഫ സമര്‍പ്പിച്ച ഹരജിയോടെയാണ് വീണ്ടും രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചത്. കേസില്‍ നിന്ന് തന്നെ ഒഴിവാണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹരജിയില്‍ അക്കാലത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും പാമൊലിന്‍ ഇറക്കുമതിയില്‍ ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതോടെ ഇതനുസരിച്ച് കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടു. ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ടാണ് അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കീഴിലുള്ള വിജിലന്‍സ് നല്‍കിയത്. എന്നാല്‍ വിജിലന്‍സ് ജഡ്ജി ഇത് മുഖവിലക്കെടുക്കാതെ തുടര്‍ന്നും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇപ്പേരില്‍ വിജിലന്‍സ് ജഡ്ജി പി കെ ഹനീഫയെ ഭീഷണിപ്പെടുത്തുകയും അദ്ദേഹം കേസില്‍ നിന്ന് പിന്മാറുകയും ചെയ്തു. കേസ് പിന്നീട് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയുമായിരുന്നു. അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു കേസില്‍, പാമോലിന്‍ ഇറക്കുമതി ഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വ്യക്തമായ അറിവോടെയാണ് ഇടപാട് നടന്നതെന്നായിരുന്നു തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. ഈ നിരീക്ഷണം നടത്തിയ ജഡ്ജി വാസവനെ താമസിയാതെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയുണ്ടായി.
കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പല തവണ ശ്രമിച്ചതാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ 2005 ജനവരിയില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നുവന്ന ഇടതുസര്‍ക്കാര്‍ തീരുമാനം റദ്ദാക്കി. നിലവിലെ യു ഡി എഫ് സര്‍ക്കാറും പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. 2013ന്റെ തുടക്കത്തില്‍ ഇതു സംബന്ധിച്ചു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കേസ് പിന്‍വലിക്കുന്നത് സാമൂഹികനീതിക്കും പൊതുതാത്പര്യത്തിനും എതിരാകുമെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് ജഡ്ജി കെ ഹരിപാല്‍ ഹരജി നിരസിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും വിജിലന്‍സ് കോടതി തീരുമാനം ശരിവെക്കുകയും ചെയ്തു. മാത്രമല്ല, സ്വന്തം നേട്ടത്തിനല്ലേ കേസ് പിന്‍വലിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിയോട് പരമോന്നത കോടതി ചോദിക്കുകയുമുണ്ടായി. അഴിമതിക്കേസുകളെ നിയമത്തിന്റെ വഴിക്ക് വിടാതെ രാഷ്ട്രീയ താത്പര്യം വെച്ചു ഇടങ്കോലിടുന്നതും പിന്‍വലിക്കുന്നതുമാണ് രാജ്യത്ത് അഴിമതിയുടെ പെരുപ്പത്തിന് വഴിവെക്കുന്നത്.