വോട്ടര്‍മാര്‍ക്ക് യു ഡി എഫ് പണം നല്‍കുകയാണെന്ന് പിണറായി

Posted on: May 12, 2016 5:50 am | Last updated: May 19, 2016 at 6:10 pm

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ യു ഡി എഫ് സംസ്ഥാന വ്യാപകമായി നീക്കം നടത്തുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. യു ഡി എഫ് വന്‍ തോതില്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് ഭവന സന്ദര്‍ശനത്തിനിടെ വോട്ടര്‍മാര്‍ക്ക് പണം നല്‍കുകയാണെന്ന് ആരോപിച്ച് ഇതിന്റെ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് പിണറായിയുടെ ആരോപണം.
കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറ് രൂപാ നോട്ടുകള്‍ കാസര്‍കോട് ജില്ലയില്‍ കണ്ടെത്തിയതാണ്. പരാജയ ഭീതിയില്‍ കണക്കില്ലാതെ പണം ഒഴുക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാകണം. വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്ന സ്ഥാനാര്‍ഥി അയോഗ്യനാണ്. പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള കുത്സിത നീക്കങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
പട്ടാമ്പി മണ്ഡലത്തില്‍പ്പെട്ട വിളയൂര്‍ പഞ്ചായത്തിലെ 24-ാം നമ്പര്‍ ബൂത്തില്‍ വോട്ടറായ വീട്ടമ്മക്ക് പണം നല്‍കിയ യു ഡി എഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദിനെതിരെ നടപടി വേണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതി നല്‍കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയത്.
ജനപ്രാതിനിധ്യ നിയമമനുസരിച്ച് പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്. ആയതിനാല്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടത്തിയ സി പി മുഹമ്മദിന്റെ സ്ഥാനാര്‍ഥിത്വത്തിന് അയോഗ്യത കല്‍പ്പിക്കണമെന്നും അദ്ദേഹത്തിനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.