മോദിയുടെ മൗനം കേരളത്തെ ഞെട്ടിച്ചു; മോദിക്കെതിരെ വീണ്ടും മുഖ്യമന്ത്രി

Posted on: May 12, 2016 1:56 pm | Last updated: May 13, 2016 at 11:08 am

OOMMEN CHANDYകൊച്ചി:കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വാസ്തവം മനസിലാക്കിയിട്ടും മോദി മൗനം പാലിച്ചത് കേരളത്തെ ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് തിരുത്താന്‍ അവസരം ലഭിച്ചിട്ടും മോദി അത് ഉപയോഗിച്ചില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.പധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തെ ഇങ്ങനെ വിമര്‍ശിച്ച അദ്ദേഹം ഗുജറാത്തിനെ കുറിച്ച് എന്ത് പറയുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ കേരളം ഒന്നാംസ്ഥാനത്താണ്. ഗുജറാത്ത് കേരളത്തെക്കാള്‍ എത്രയോ പിറകിലാണ്. പട്ടിണിയെ കുറിച്ച് മോദി കള്ളം പറയുകയാണ്. പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ തന്നെ അന്വേഷണം നടത്തിയിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് തെളിഞ്ഞു. ഇക്കാര്യത്തില്‍ ആധികാരിക റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ പത്ര വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് മോദി പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയില്‍ നിന്നും ഒരിക്കലും ഇത്തരം സമീപനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.