Connect with us

International

മുതീഉര്‍റഹ്മാന്റെ വധശിക്ഷ നടപ്പാക്കി: ജമാഅത്തെ ഇസ്‌ലാമി അക്രമം ഭയന്ന് രാജ്യത്ത് വന്‍ സുരക്ഷാ നടപടികള്‍

Published

|

Last Updated

ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവ് മുതീഉര്‍റഹ്മാനെ തൂക്കിലേറ്റി. ധാക്കയിലെ സെന്‍ട്രല്‍ ജയിലില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ശിക്ഷ നടപ്പാക്കിയതെന്ന് ബംഗ്ലാദേശ് നിയമ മന്ത്രി അറിയിച്ചു. 1971ലെ യുദ്ധക്കുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഇദ്ദേഹത്തിന്റെ പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷക്കെതിരെ ഇദ്ദേഹം സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി തള്ളിക്കളഞ്ഞിരുന്നു. യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിനായി ബംഗ്ലാദേശ് സര്‍ക്കാര്‍ നിയോഗിച്ചിരുന്ന പ്രത്യേക കോടതി, വംശഹത്യ, ബലാത്സംഗം, രാജ്യത്തെ ബുദ്ധിജീവികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ ഇദ്ദേഹത്തിന്റെ പങ്ക് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ പ്രകോപിതരായി ജമാഅത്തെ ഇസ്‌ലാമി ഇന്ന് രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രധാന നഗരങ്ങളിലും സുപ്രധാന മേഖലകളിലും ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ അക്രമം ഭയന്ന് സര്‍ക്കാര്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ നേരത്തെ ഇതുപോലെ ജമാഅത്തെ ഇസ്‌ലാമി നേതാവിനെ തൂക്കിലേറ്റുകയും രാജ്യവ്യാപകമായി വന്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഉണ്ടായി. 200ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടിരുന്നത്.

Latest