വിദ്യാഭ്യാസത്തിലെ വര്‍ഗീയവത്കരണം കേരളം നേരിടുന്ന വലിയ വിപത്ത്

Posted on: May 11, 2016 8:47 pm | Last updated: May 11, 2016 at 9:14 pm
ഷമീര്‍ പി കെ ഹുസൈന്‍ (ജ്വാല- ഖത്വര്‍ )
ഷമീര്‍ പി കെ
ഹുസൈന്‍
(ജ്വാല- ഖത്വര്‍ )

വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വര്‍ഗീയവത്കരണം വലിയ വിപത്താണെന്നും ഇതു ഫലപ്രദമായി നേരിടാന്‍ എല്‍ ഡി എഫ് അധികാരത്തില്‍ വരണമെന്നും ഇടതുപക്ഷ സംഘടനയായ ജ്വാല ഖത്വര്‍ പ്രസിഡന്റ് ഷമീര്‍ പി കെ ഹുസൈന്‍ പറഞ്ഞു. വന്ദേമാതരം ആലപിക്കുന്നതുള്‍പ്പെടെയുള്ള വര്‍ഗീയ നിര്‍ദേശങ്ങളുണ്ടായപ്പോല്‍ ലീഗ് ഉള്‍പ്പെടെയുള്ള യു ഡി എഫ് മൃദുസമീപനം പുലര്‍ത്തുകയായിരുന്നു വിദ്യാഭ്യാസത്തിലെ വര്‍ഗീയവത്കരണം ഭയപ്പെടേണ്ടതുണ്ട്.
വിദ്യാഭ്യാസ, ആരോഗ്യ സേവന രംഗം കുത്തഴിഞ്ഞതാക്കുകയും സ്വകാര്യ മേഖലക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന നയമാണ് യു ഡി എഫ് നടപ്പിലാക്കിയത്. താലൂക്ക് ആശുപത്രികളില്‍ വരെ ഹൃദയശസ്ത്രക്രിയക്ക് സൗകര്യമൊരുക്കി എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന നയമാണ് എല്‍ ഡി എഫ് മുന്നോട്ടു വെക്കുന്നത്. യു ഡി എഫ് സര്‍ക്കാറിന്റെ പിടിപ്പുകേട് എന്‍ട്രന്‍സ് പരീക്ഷയിലുള്‍പ്പെടെ കേരളം കണ്ടതാണ്. സ്വകാര്യ മേഖലയുമായുള്ള ഒത്തുതീര്‍പ്പിലൂടെ വിദ്യാഭ്യാസരംഗം വാണിജ്യവത്കരിക്കാനാണ് യു ഡി എഫ് ശ്രമിച്ചത്. കുത്തഴിഞ്ഞു കിടന്ന ഘട്ടത്തിലാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് എം എ ബേബിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണം നടപ്പിലാക്കിയത്.
ആദിവാസികളും തൊഴിലാളികളുമുള്‍പ്പെടെ നൂറു കണക്കിനു പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന ജില്ലാ, താലൂക്ക് ആശുപത്രികള്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ പ്രതിസന്ധി നേരിടുകയാണ്. റിട്ടയര്‍ ചെയ്തവരെയും പഠിപ്പ് കഴിഞ്ഞ് ഇറങ്ങിയവരെയും നിയോഗിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ സേവനത്തെ യു ഡി എഫ് ദുര്‍ബലമാക്കി. പ്രാദേശിക ആശുപത്രികളില്‍നിന്നു ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്ന് നിരവധി സമരങ്ങള്‍ ഈ കാലത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. ആരോഗ്യ രംഗത്ത് ചെലവിടാനായി കേന്ദ്രം നല്‍കുന്ന കോടികളുടെ ഫണ്ട് നഷ്ടപ്പെടുത്തി. എന്നാല്‍, താലൂക്ക് ആശുപത്രികളിലുള്‍പ്പെടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം ഇരട്ടിയാക്കി ഉയര്‍ത്തി സേവനം മെച്ചപ്പെടുത്തുമെന്ന് എല്‍ ഡി എഫ് പ്രകടനപത്രികയില്‍ പറയുന്നു. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യവത്കരണം യു ഡി എഫ് യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞു. ഇനി അതുകൂടി സമൂഹത്തിന് ഗുണകരമാക്കുക എന്ന നയമാണ് സ്വീകരിക്കേണ്ടത്. ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ല എന്നതാണ് എല്‍ ഡി എഫ് നയം. യൂനിവേഴ്‌സിറ്റികള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് കുറ്റമറ്റതാക്കേണ്ടതുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സ്ഥലം പോലും സ്വകാര്യവ്യക്തികള്‍ക്ക് കൈമാറുന്ന സ്ഥിതിയാണ് യു ഡി എഫ് ഭരണത്തില്‍ ഉണ്ടായത്. ഈ നിലക്ക് മാറ്റം വരേണ്ടതുണ്ട്.